India - 2024

താമരശ്ശേരി രൂപതാ അസംബ്ലി നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍ 08-10-2016 - Saturday

തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി നാളെ പുല്ലൂരാംപാറ ബഥാനിയ സെന്ററില്‍ തുടങ്ങും. വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായരുടെയും 140 പ്രതിനിധികള്‍ അസംബ്ലിയില്‍ പങ്കെടുക്കും.

നാളെ രാവിലെ 8.45-ന് ആരംഭിക്കുന്ന സമ്മേളനം തലശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. രൂപതയിലെ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ ആശയങ്ങളും ചിന്തകളുമാണ് അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് രൂപതാ ചാന്‍സലര്‍ ഫാ. അബ്രഹാം കാവില്‍പ്പുരയിടത്തില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

‘ക്രിസ്തുവിൽ നവജനമായി’ എന്നതാണ് അസംബ്ലിയുടെ ആപ്തവാക്യം. തുടർന്ന് ആറ് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ചർച്ചകൾ നടക്കും. വിശ്വാസകൈമാറ്റം, കുടുംബം, സഭ, അജപാലനശുശ്രുഷ, വിദ്യാഭ്യാസം, കൃഷി എന്നീ വിഷയങ്ങളെക്കുറിച്ച് രൂപതയിലെ എല്ലാ ഇടവകകളിലെയും കുടുംബകൂട്ടായ്മകളിൽ ചർച്ചകൾ നടത്തുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അസംബ്ലിയുടെ പ്രവർത്തനരേഖ തയാറാക്കിയത്. 12-ന് രണ്ടുമണിക്ക് നടക്കുന്ന സമാപനസമ്മേളനം മാണ്ഡ്യ രൂപത ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യും.