News - 2024

വിശ്വാസം നമുക്ക് ഇടയ്ക്കൊക്കെ പോയി സന്ദർശിച്ച് തിരിച്ചു വരാനുള്ള ഒരു മ്യൂസിയമല്ല. അത് ജീവന്റെ അരുവിയാകുന്നു : ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 06-10-2015 - Tuesday

"ആത്മീയ ഗുരുക്കൾ പരസ്പരം സംവദിക്കാനും ധാരണകളിലെത്തി ചേർന്ന് നിയമനിർമ്മാണം നടത്താനുമുള്ള പാർലിമെന്റല്ല ബിഷപ്പുമാരുടെ സിനഡ്. പ്രാർത്ഥനയ്ക്കുള്ള വേദിയാണത്; ദൈവത്തിന്റെ ശബ്ദം ശ്രവിക്കുവാനും അത് ധൈര്യത്തോടെ ലോകത്തോട് വിളിച്ചു പറയാനുമുള്ള വേദിയാണത്; നമ്മെക്കാൾ നല്ല തീരുമാനങ്ങൾ എടുപ്പിച്ച് നമ്മെ ദൈവം അത്ഭുതപ്പെടുത്തുന്ന സ്ഥലമാണത്. വിശ്വാസം നമുക്ക് ഇടയ്ക്കൊക്കെ പോയി സന്ദർശിച്ച് തിരിച്ചു വരാനുള്ള ഒരു മ്യൂസിയമല്ല. അത് ജീവന്റെ അരുവിയാകുന്നു " സിനഡിന്റെ പ്രഥമ കാര്യനിർവ്വഹണ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

തിരുസഭയുടേയും കുടുംബങ്ങളുടേയും നന്മയും ആത്മാക്കളുടെ ക്ഷേമവും മുൻനിറുത്തിയായിരിക്കണം സിനഡിലെ 270 വോട്ടിംങ്ങ് അംഗങ്ങൾ പ്രവർത്തിക്കേണ്ടത്. അവർ ഒരേ സമയം ഇടയന്മാരും പണ്ഡിതന്മാരും ആകുന്നു. ഈ രണ്ടു വിധത്തിലുമുള്ള പ്രവർത്തന മികവ് കാഴ്ച്ചവെയ്ക്കാനുള്ള ദൈവാനുഗ്രഹം അവർക്കുണ്ടാകും എന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

പതിനഞ്ചു മിനിറ്റു മുമ്പേ വേദിയിലെത്തിയ പിതാവ് അംഗങ്ങളേയും മറ്റു ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളേയും നിരീക്ഷകരായി എത്തിച്ചേർന്നിട്ടുള്ള വ്യക്തികളേയും സിനഡ് ഹാളിലേക്ക് ആനയിച്ചു.

"വിശ്വാസത്തിന്റെ കണ്ണുകളോടെ ദൈവഹിതം മനസിലാക്കി മുന്നേറാനുള്ള സഭയുടെ ആഗ്രഹത്തിന്റെ ഫലമാണ് സിനഡുകൾ. സിനഡിലെ അംഗങ്ങൾ തിരുസഭയുടെ മൂല്യങ്ങളോട് വിശ്വസ്തത പുലർത്തണം" അദ്ദേഹം പറഞ്ഞു.

"ഈ സിനഡ് ഹാളും ഇതിലെ കാര്യനിർവ്വഹണ സമിതിയും ദൈവ നിയന്ത്രണത്തിലുള്ള സ്ഥലമാകുന്നു. തിരുസഭ ദൈവഹിതത്തിന് കാതോർത്തു നിൽക്കുന്ന വിശുദ്ധ സ്ഥലമാണിത്."

"നിങ്ങൾ ശുദ്ധമനസ്ക്കരായി കാത്തു നിന്നാൽ മാത്രം മതി, ദൈവം നിങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ മനസ്സിൽ തീരുമാനങ്ങളുടെ വിത്തു വിതയ്ക്കും. നമ്മുടെ യുക്തിക്കും നമ്മുടെ കണക്കുകൂട്ടലുകൾക്കും എല്ലാം അപ്പുറമാണ് ദൈവത്തിന്റെ പദ്ധതികൾ."

യഥാർത്ഥ പ്രകാശം തല്ലിക്കെടുത്തി പകരം കൃത്രിമ പ്രകാശത്തിൽ ആകൃഷ്ടരാകുന്ന ലോകത്തിന്റെ പ്രലോഭനങ്ങളിൽ പെട്ടു പോകാതെ സുവിശേഷകന്റെ ആത്മധൈര്യത്തോടെ കാര്യനിർവ്വഹണം നടത്താൻ പിതാവ് സിനിഡ് അംഗങ്ങളെ ഉപദേശിച്ചു.

"തങ്ങളുടെ മനസ്സിലുള്ള മുൻ തീരുമാനങ്ങളും ധാരണകളും മാറ്റിക്കളഞ്ഞ് തങ്ങളുടെ സഹബിഷപ്പുമാരുടെ വാക്കുകൾ ശ്രദ്ധിക്കാൻ സന്നദ്ധരാകുന്നതാണ് ആത്മീയമായ എളിമ. അവിടെ നാം ഒരിക്കലും മറ്റുള്ളവരേക്കാൾ മേന്മ ഭാവിക്കുന്നില്ല."

" പ്രാർത്ഥനയുടെ നിശബ്ദതകളിൽ ദൈവം നമ്മോട് സംസാരിക്കുന്നു."

ഹംഗേറിയൻ കാർഡിനാൾ പീറ്റർ എർഡോ അടുത്ത മൂന്നാഴ്ച്ച സിനഡിന്റെ മുമ്പിൽ ചർച്ചയ്ക്ക് വരുന്ന വിഷയങ്ങളെ പറ്റി ഒരു മണിക്കൂറോളം പ്രസംഗിച്ചു.

ദാരിദ്ര്യവും തൊഴിലില്ലായ്മയും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തു കൊണ്ടിരിക്കുന്ന അവസ്ഥാവിശേഷം അദ്ദേഹം വിവരിച്ചു. ആഗോളതലത്തിലുള്ള അഭയാർത്ഥി പ്രവാഹവും യുദ്ധങ്ങളും കുടുംബ ജീവിതങ്ങളിൽ കരിനിഴൽ വീഴ്ത്തി കൊണ്ടിരിക്കുന്നു.

അതിഭാവുകത്വം കലർന്ന വ്യക്തിസ്വാതന്ത്ര്യം തിരുസഭയ്ക്കും ഭരണ സംവിധാനങ്ങൾക്കും കുടുംബം എന്ന സ്ഥാപനത്തിനു തന്നെയും വെല്ലുവിളി ഉയർത്തുന്നു.

തിരുസഭ കുടുംബ ജീവിതത്തിന്റെ ആത്മീയ ദൗത്യം തിരിച്ചറിയുകയും അത് ആവർത്തിച്ച് ഉറപ്പിക്കുകയും വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിവാഹമോചിതരുടെ പുനർവിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹം പരാമർശിച്ചു.

ആദ്യവിവാഹത്തിന്റെ പരാജയമല്ല, നിയമ വിധേയമല്ലാത്ത പുനർവിവാഹമാണ് ദിവ്യകാരുണ്യ സ്വീകരണത്തിന് പ്രതിബന്ധമായി നിൽക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുസഭയും കുടുംബങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയാണ് ഈ സിനഡിന്റെ ഉദ്ദേശങ്ങളിലൊന്ന് എന്ന് ഇറ്റാലിയൻ ആർച്ച് ബിഷപ്പ് ബ്രൂണോ ഫോർട്ട് പ്രസ്താവിച്ചു.


Related Articles »