News - 2018

'ക്ഷമിക്കുക, നന്ദി, ദയവായി' തുടങ്ങിയ വാക്കുകൾ ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് ആവശ്യം : ദമ്പതികൾ സിനഡ് വേദിയിൽ അനുഭവങ്ങൾ വിവരിക്കുന്നു.

അഗസ്റ്റസ് സേവ്യർ 10-10-2015 - Saturday

മെത്രാൻ സിനഡിലെ ശ്രോതാക്കളായി എത്തിയ ദമ്പതികൾ കർഡി നാൾമാരും മെത്രാൻമാരും മറ്റു ശ്രേഷ്ട പുരോഹിതരും അടങ്ങിയ സദസ്സിൽ തങ്ങളുടെ ക്രൈസ്തവ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. ഒക്ടോബർ 5-ാം തിയതിയിലെ സമ്മേളനത്തിൽ മെക്‌സിക്കോയിലെ 'Episcopal Commission for the Family of the Episcopal Conference'-ന്റെ എക്‌സിക്യുട്ടീവ് സെക്രട്ടറിമാരായ ദമ്പതികൾ ക്ലാര റൂബി യോ ഡി ഗലിൻഡെയും സൽവദോർ ഗലീ ൻഡെയുമാണ് സിനഡിൽ പ്രസംഗിച്ചത്.

ഒക്ടോബറർ 6-ലെ സമ്മേളനത്തിൽ 'Southern African Episcopal Catholic Bishops' Conference'. -ന്റെ ഉപദേശക കമ്മറ്റി അംഗങ്ങളായ ദമ്പതികൾ, പെട്രോണല്ലെ എൻ കോസിയും ജബുലാനി എൻ കോസിയും തങ്ങളുടെ അനുഭവങ്ങൾ സിനഡിലെ ശ്രേഷ്ഠർക്കു മുന്നിൽ വിവരിച്ചു.

ക്ലാര റൂബിയോ ഡി ഗലിൻഡെയും സൽവദോർ ഗലീൻഡെയും അവരുടെ അനുഭവങ്ങൾ സിനഡ് വേദിയിൽ പങ്കുവച്ചു. വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ അവര്‍ക്ക് രൂക്ഷമായ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. വിവാഹ ജീവിതം വേർപെടുത്താൻ ബന്ധുജനങ്ങളുടെ സമ്മർദ്ദമുണ്ടായി. "വിവാഹം ഒരു കൂദാശയാണെന്നുള്ള അറിവ് ഞങ്ങൾക്ക് ആ സമയത്ത് ഇല്ലായിരുന്നു. പക്ഷേ, ദൈവാനുഗ്രഹം കൊണ്ട് ബന്ധം തുടരാനാണ് ഞങ്ങൾക്ക് തോന്നിയത്."

"അതിനിടയ്ക്കാണ് 'Encuentro Matrimonial Catolico'- യുടെ പ്രവർത്തനങ്ങളുമായി ഞങ്ങൾ ബന്ധപ്പെടാൻ ഇട വരുന്നത്. കുടുംബത്തിനു വേണ്ടിയുള്ള ദൈവീക പദ്ധതിയെ പറ്റിയും, പരസ്പരധാരണ, ക്ഷമ എന്നിവയ്ക്ക് കുടുംബ ജീവിതത്തിലുള്ള പങ്കിനെ പറ്റിയുമെല്ലാം ഞങ്ങൾക്ക് ഒരു അവബോധമുണ്ടാകാനും ആ ബന്ധം ഇടയാക്കി."

"വർഷങ്ങൾക്കു ശേഷം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, ഞങ്ങൾ 'ഗുഡലൊപ്പയി'ലെ ബസിലിക്ക സന്ദർശിക്കാനിടയായി. ഞങ്ങളുടെ രൂപതയിലെ കുടുംബ ശുശ്രുഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവിടെ വച്ചാണ് ഞങ്ങൾ തീരുമാനിക്കുന്നത്."

"പ്രസ്തുത പ്രവർത്തനങ്ങൾ സെന്റൽ അമേരിക്കയിലൂടെയുള്ള പല യാത്രകൾക്കും സാഹചര്യമൊരുക്കി. ഈ യാത്രകളിലെല്ലാം കുടുംബങ്ങളുടെ സുസ്ഥിതിക്കു വേണ്ടിയുള്ള ധാരാളം കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞു."

"അതോടൊപ്പം കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുന്ന നിരവധി പ്രശ്നങ്ങളും ഞങ്ങൾ നേരിട്ട് കാണാനിടയായി. സാമൂഹ്യ, സാംസ്കാരിക, സാമ്പത്തീക, രാഷ്ട്രീയ പ്രശ്നങ്ങൾക്കൊപ്പം, വിദ്യാഭ്യാസവും മതവും കുടുംബബന്ധങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നതായി ഞങ്ങൾ മനസ്സിലാക്കി." അതു കൊണ്ട് ഈ നൂറ്റാണ്ടിൽ കുടുംബ സുരക്ഷയിൽ ദൈവപരിപാലനം ഉറപ്പാക്കാൻ ദൈവകൃപയോടെയുള്ള അൽമായപ്രവർത്തനം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് ക്ലാര റൂബിയോ ഡി ഗലിൻഡെ പ്രസംഗം ഉപസംഹരിച്ചു.

ഒക്ടോബർ 6-ാം തീയതി സിനഡിലെ പുരോഹിതശ്രേഷ്ഠരുടെ മുൻപിൽ പെട്രോണല്ലെ എൻ കോസിയും ജബുലാനി എൻ കോസിയും അവരുടെ ജീവിത കഥ വിവരിച്ചു. 35 വർഷത്തെ വിവാഹ ജീവിതത്തിൽ അവർക്ക് അഞ്ചു മക്കളും എട്ടു ചെറുമക്കളും ഉണ്ട്. മൂന്നു കുട്ടികൾ അകത്തോലിക്കരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഒരു മരുമകനും ഒരു മരുമകളും 2016 ഈസ്റ്ററിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ് 33 വർഷങ്ങളായി തങ്ങൾ യുവജനങ്ങളോട് തങ്ങളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ദൈവവചനം പങ്കുവെയ്ക്കാറുണ്ടെന്ന് ദമ്പതികൾ അറിയിച്ചു.

'ക്ഷമിക്കുക, നന്ദി, ദയവായി' തുടങ്ങിയ വാക്കുകൾ ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് ആവശ്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിട്ടുള്ളത് തങ്ങളുടെ ജീവിതത്തിൽ അനുഭവവേദ്യമായ സത്യമാണെന്ന് അവർ പറഞ്ഞു.

"മുപ്പത്തഞ്ചു വർഷം മുൻപ് ഞങ്ങളെടുത്ത തീരുമാനം എല്ല ദിവസവും ഞങ്ങൾ പുതുക്കി കൊണ്ടിരിക്കുന്നു. പരസ്പര ശ്രദ്ധ,, വിശ്വസ്തത, സ്നേഹം ഇതെല്ലാം നമ്മെ സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ജീവിതത്തിലേക്ക് നയിക്കുന്നു."

കുടുംബ ബന്ധങ്ങളുടെ സുസ്ഥിതിക്കായി തങ്ങളുടെ രൂപതയിൽ തങ്ങൾക്ക് ചെയ്യുവാൻ കഴിഞ്ഞ എളിയ കാര്യങ്ങൾ ഈ വിധത്തിൽ പെട്രോണല്ലെ എൻ കോസിയും ജബുലാനി എൻ കോസിയും സിനഡിലെ സഭയിൽ വിവരിച്ചു.