News - 2024

പ്രവർത്തനരേഖ കുടുംബദുരന്തങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു : സിനഡ് മെത്രാന്മാർ

അഗസ്റ്റസ് സേവ്യർ 11-10-2015 - Sunday

മെത്രാൻ സിനഡിൽ പ്രവർത്തനരേഖ ചർച്ച ചെയ്ത വിവിധ ഗ്രൂപ്പുകളിൽ നിന്നും പൊതുവായ ഒരു പ്രമേയം ഉരുത്തിരിയുന്നു- 'instrumentum laboris' കുടുംബദുരന്തങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്നും കുടുംബവിശ്വസ്തതയും സന്തോഷവും കാത്തു പാലിക്കുന്ന ബഹുഭൂരിപക്ഷത്തിനും അർഹമായ പ്രോൽസാഹനത്തിന്റെ വലിയൊരു അഭാവം പ്രവർത്തന രേഖയിലുണ്ട് എന്നും ഗ്രൂപ്പ് ചർച്ചകളിൽ അഭിപ്രായമുയർന്നു.

അംഗങ്ങൾക്ക് ചെറിയ പ്രഭാഷണങ്ങൾ നടത്താൻ അവസരമൊരുക്കിയ പ്രാരംഭ ചർച്ചാ സമയത്തിനു ശേഷം സിനഡ് 13 ചെറു ഗ്രൂപ്പുകളായി തിരിഞ്ഞു. ഭാഷയുടെ അടിസ്ഥാനത്തിൽ 4 ഇംഗ്ലീഷ്, 3 സ്പാനീഷ്, 3 ഫ്രൻഞ്ച്, 2 ഇറ്റാലിയൻ, ഒരു ജർമ്മൻ എന്നീ വിധത്തിലാണ് ഗ്രൂപ്പുകൾ തിരിച്ചത്. ഗ്രൂപ്പുകൾ അവരുടെ പ്രാഥമിക റിപ്പോർട്ടുകൾ ഒക്ടോബർ 9, വെള്ളിയാഴ്ച്ച സിനഡിൽ സമർപ്പിച്ചു.

മിക്കവാറും എല്ലാ ഗ്രൂപ്പുകളിൽ നിന്നും പൊതുവായി ഉയർന്ന നിർദ്ദേശം ക്രൈസ്തവ വിവാഹത്തെ പറ്റി കൂടുതൽ ശുഭാപ്തി വിശ്വാസത്തോടെയുള്ള ഒരു കാഴ്ച്ചപ്പാട് വേണമെന്നതാണ്. ' 'instrumentum laboris' പാശ്ചാത്യ രാജ്യങ്ങളിലെ ക്രൈസ്തവരെ മാത്രം ഉദ്ദേശിച്ചുള്ള ചർച്ചാനിർദ്ദേശങ്ങളിലേക്ക് ചുരുങ്ങി പോയി എന്ന പരാതിയും വ്യാപകമായിരുന്നു.

തത്വശാസ്തം തന്നെ ലിംഗവേർതിരിവിൽ അധിഷ്ടിതമാകുന്നതിന്റെ അപകടങ്ങൾ പല ഗ്രൂപ്പുകളും ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളിൽ മതേത്വരത്ത്വ സ്ഥാപനങ്ങൾ എന്ന പേരിൽ ആശയപരമായ അടിമത്വം വളർന്നു വരുന്നതിന്റെ അപകടങ്ങൾ ചില ഗ്രൂപ്പുകൾ എടുത്തു പറഞ്ഞു. കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും പ്രശ്നങ്ങൾ, മദ്ധ്യപൂർവ്വദേശത്തെ ക്രിസ്ത്യൻ അഭയാർത്ഥി പ്രശ്നം; ക്രൈസ്തവ വിവാഹത്തിലെ പ്രശ്നങ്ങളിൽ സഭയുടെ പിന്തുണ ഇങ്ങനെ വിവിധ വിഷയങ്ങൾ ഗ്രൂപ്പ് റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ടു.

ഇംഗ്ലീഷ് ഗ്രൂപ്പ് A യുടെ റിപ്പോർട്ടിൽ നിന്ന്: കുടുംബത്തിന്റെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും സാക്ഷ്യം നിൽക്കുന്ന, അതിനു വേണ്ടി ധീരമായി പോരാടുന്ന ക്രൈസ്തവകുടുംബങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.

ഇംഗ്ലീഷ് ഗ്രൂപ്പ് B പറയുന്നു: കുടുംബങ്ങളിലെ പ്രശ്നങ്ങളുടെ അവലോകനം അത്യന്തം വിഷാദാത്മകമാണ്. കുടുംബങ്ങൾ എല്ലാ രാജ്യങ്ങളിലും എല്ലാ സംസ്കാരങ്ങളിലും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, ദൈവാനുഗ്രഹം ഈ പ്രശ്നങ്ങളെയെല്ലാം വിജയകരമായി നേരിടാൻ അവരെ പ്രാപ്തരാക്കുന്നു.

ഇംഗ്ലീഷ് ഗ്രൂപ്പ് C-യും, കുടുംബജീവിതത്തെ പറ്റി കൂടുതൽ ശോഭനമായ ഒരു കാഴ്ച്ചപ്പാട് ആവശ്യമാണ്, എന്ന് രേഖപ്പെടുത്തി.

കുടുംബ ജീവിതത്തിന്റെ പരാജയത്തേക്കാളേറെ, വിജയത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സിനഡ് പ്രഖ്യാപനമിറക്കണമെന്ന് ഇംഗ്ലീഷ് ഗ്രൂപ്പ് D ആവശ്യപ്പെട്ടു.

കുടുംബബന്ധങ്ങൾ എല്ലാം തകർച്ചയിലാണ് എന്ന ധാരണ തിരുത്തണമെന്ന് ഫ്രൻഞ്ച് ഗ്രൂപ്പ് B റിപ്പോർട്ടിൽ കുറിച്ചു. ഫ്രഞ്ച് ഗ്രൂപ്പ് C പറയുന്നു: ''നമുക്ക് കുടുംബത്തിലുള്ള വിശ്വാസം സിനഡിന്റെ അന്തിമ രേഖയിൽ എടുത്തു പറയണം''

പാശ്ചാത്യ കുടുംബ പ്രശ്നങ്ങൾ മാത്രം സിനഡിൽ ചർച്ച ചെയ്യാനിട വരുന്നതിൽ ഫ്രൻഞ്ച് ഗ്രൂപ്പ് A അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചു.

കുടുംബത്തേയും, മാതാപിതാക്കളേയും, മനുഷ്യസ്നേഹത്തെ തന്നെയും തിരസ്ക്കരിക്കുന്ന പുതിയ പാശ്ചാത്യ സംസ്ക്കാരത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് പല ഗ്രൂപ്പുകളും ഓർമ്മിപ്പിച്ചു.

'instrumentum laboris' -ൽ വളരെയധികം സങ്കീർണ്ണതകളുണ്ട് എന്നത് അംഗീകരിച്ചു കൊണ്ട്, കാർഡിനാൾ ലൂയി അന്റാണിയോ ടാഗിൾ പറയുന്നു .."ഇടയ്ക്കൊക്കെ സങ്കീർണ്ണതകൾ അഭിമുഖീകരി ക്കുന്നത് നല്ലതാണ്." പക്ഷേ, ക്രൈസ്തവ ബോധനങ്ങളിൽ മാറ്റമൊന്നും വരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ കുടുംബങ്ങളിലെ പ്രശ്നങ്ങൾ, അമേരിക്കയിലായാലും യൂറോപ്പിലായാലും മറ്റെവിടെയായാലും ഒന്നു തന്നെയാണെന്ന് മാദ്രിഡിൽ നിന്നുള്ള ആർച്ച് ബിഷപ്പ് കാർലോസ് ഓസോറ സീറ അഭിപ്രായപ്പെട്ടു.