News - 2024

ചരിത്രത്തിലാദ്യമായി പള്ളോട്ടൈന്‍ സന്യാസ സമൂഹത്തില്‍ നിന്ന്‍ പുതിയ ബിഷപ്പ്; ഗ്വാളിയാര്‍ രൂപതയുടെ മെത്രാനായി ഫാ. തോമസ് തെന്നാട്ടിനെ നിയമിച്ചു

സ്വന്തം ലേഖകന്‍ 19-10-2016 - Wednesday

നാഗ്പൂര്‍: സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്‌ത്തോലേറ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള ആദ്യത്തെ ബിഷപ്പായി ഫാ. തോമസ് തെന്നാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഗ്വാളിയാര്‍ രൂപതയുടെ ചുമതലയുള്ള പുതിയ ബിഷപ്പായിട്ടാണ് ഫാദര്‍ തോമസ് തെന്നാട്ട് നിയമിതനായിരിക്കുന്നത്.

പള്ളോട്ടൈന്‍ സന്യാസ സമൂഹം എന്ന പേരിലാണ് സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്‌ത്തൊലേറ്റ് പ്രശസ്തമായിരിക്കുന്നത്. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന പള്ളോട്ടൈന്‍ വൈദികരില്‍ നിന്നും ഇത് ആദ്യമായിട്ടാണ് ഒരാള്‍ ബിഷപ്പായി ഉയര്‍ത്തപ്പെടുന്നത്. ഫാദര്‍ തോമസ് തെന്നാട്ട് കോട്ടയം സ്വദേശിയാണെന്നത് പുതിയ നിയമനം മലയാളികള്‍ക്കും ഏറെ സന്തോഷം നല്‍കുന്നു.

ഗ്വാളിയാര്‍ രൂപതയുടെ ബിഷപ്പ് ജോസഫ് കൈതത്തറ വിരമിച്ചതിനെ തുടര്‍ന്നു ഫാദര്‍ തോമസ് തെന്നാട്ടിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെയാണ് പുറപ്പെടുവിച്ചത്. കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹി ആസ്ഥാനത്ത് നിന്നുമാണ് ഇത് സംബന്ധിക്കുന്ന അറിയിപ്പ് ഉണ്ടായത്. ഫാദര്‍ തോമസ് തെന്നാട്ടിനെ ഭാരതത്തില്‍ ബിഷപ്പായി പ്രഖ്യാപിച്ച അതേ സമയം തന്നെ വത്തിക്കാനിലും പ്രഖ്യാപനം നടത്തപ്പെട്ടു.

നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് അബ്രഹാം വിരുതകുളങ്ങരയാണ് പുതിയ ബിഷപ്പിനെ നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ കല്‍പന വായിച്ചത്. പള്ളോട്ടൈന്‍ സമൂഹം സഭയ്ക്കും, വിശ്വാസികള്‍ക്കും ചെയ്തു നല്‍കിയ സേവനങ്ങളുടെ അംഗീകാരമായിട്ടു വേണം ഇതിനെ കരുതുവാനെന്നു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദീര്‍ഘകാലം വൈദികനായി സേവനം ചെയ്ത വ്യക്തിയാണ് നിയുക്ത മെത്രാനായ ഫാ. തോമസ് തെന്നാട്ട്.

1953ല്‍ കൂടല്ലുര്‍ ഇടവകയില്‍ തെന്നാട്ട് കുരുവിള- അന്നമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. 1969-ല്‍ പത്താം ക്ലാസ് പാസായ ശേഷം തിരുവനന്തപുരത്തുള്ള പള്ളോട്ടൈന്‍ മൈനര്‍ സെമിനാരിയില്‍ അദ്ദേഹം ചേര്‍ന്നു. രണ്ടു വര്‍ഷത്തിന് ശേഷം നാഗ്പൂരിലെ സെന്റ് ചാള്‍സ് സെമിനാരിയില്‍ ചേര്‍ന്ന് അദ്ദേഹം വൈദിക പഠനം തുടര്‍ന്നു. സെന്റ് ഫ്രാന്‍സിസ് ഡീ സാലസ് കോളജില്‍ നിന്നും തന്റെ ബിരുദം ഫാ.തോമസ് കരസ്ഥമാക്കി.

1978-ല്‍ കൊല്ലം ബിഷപ്പ് ജോസഫ് ഫെര്‍ണാണ്ടസില്‍ നിന്നുമാണ് ഫാദര്‍ തോമസ് തെന്നാട്ട് തിരുപട്ടം സ്വീകരിച്ചത്. പൂനെ സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ ലൈസന്‍ഷിയേറ്റ് അദ്ദേഹം നേടിയിട്ടുണ്ട്. യങ്ങ് കാത്തലിക് സ്റ്റുഡന്‍റ് മൂവ്മെന്‍റ് ഡയറക്ടര്‍, ഹൈദരാബാദ് രൂപതയിലെ കുടുംബങ്ങള്‍ക്കുള്ള അത്മായ കമ്മീഷന്‍, മധ്യപ്രദേശ്- ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ദളിത് ക്രൈസ്തവര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍െറ ഡയറക്ടര്‍, ഹൈദരാബാദ് രൂപതയിലെ മഡ്ഫോര്‍ട്ട് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വികാരി, ഇന്‍ഡോര്‍ രൂപതയിലെ പുഷ്പനഗര്‍ പള്ളി വികാരി എന്നി നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.