News - 2024

ഐഎസ് കീഴ്‌പ്പെടുത്തിവച്ചിരുന്ന രണ്ടു ക്രൈസ്തവ നഗരങ്ങള്‍ കൂടി ഇറാഖി സേന തിരിച്ചുപിടിച്ചു; ബാര്‍ട്ടെല്ലായില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദേവാലയ മണി മുഴങ്ങി

സ്വന്തം ലേഖകന്‍ 24-10-2016 - Monday

ബാഗ്ദാദ്: ഐഎസ് കീഴ്‌പ്പെടുത്തിവച്ചിരുന്ന രണ്ടു ക്രൈസ്തവ നഗരം കൂടി ഇറാഖി സേന മോചിപ്പിച്ചു. മോസൂളില്‍ നിന്നും 20 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ക്വാരഖ്വോഷ് എന്ന പട്ടണമാണ് സൈന്യം ആദ്യം തീവ്രവാദികളുടെ കൈയില്‍ നിന്നും പിടിച്ചടക്കിയത്. ഇറാഖി ഗ്രൗണ്ട് ഫോഴ്‌സിന്റെ കമാന്റര്‍ ആയ ലഫ്റ്റണന്റ് ജനറല്‍ റിയാദ് ജലാല്‍ ആണ് ഈ വിവരം അറിയിച്ചത്. ഹംദാനിയ എന്നതാണ് ക്വാരഖ്വോഷിന്റെ മറ്റൊരു പേര്.

ക്രിസ്ത്യന്‍ പട്ടണമായ ബാര്‍ട്ടെല്ല ആണ് തീവ്രവാദികളുടെ പക്കല്‍ നിന്നും മോചിപ്പിക്കപ്പെട്ട മറ്റൊരു പ്രദേശം. ഒക്ടോബര്‍ 23-ാം തീയതി ശനിയാഴ്ചയാണ് സൈന്യം നഗരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്തത്. പട്ടണം ഐഎസ് പിടിയില്‍ നിന്നും മോചിതമായെന്ന് അറിയിക്കുന്നതിനായി അസ്‌റിയന്‍ ദേവാലയത്തിന്റെ മണി സൈനികര്‍ പലവട്ടം മുഴക്കി. നഗരത്തിന്റെ നിയന്ത്രണം ഐഎസ് പിടിച്ചെടുത്തതില്‍ പിന്നെ ദേവാലയത്തിലെ മണി മുഴങ്ങിയിട്ടേയില്ല.

ഇറാഖി പതാകയുമായിട്ടാണ് സൈനികര്‍ നഗരത്തിലേക്ക് കടന്നത്. പലസ്ഥലങ്ങളിലും അവര്‍ ഇറാഖി പതാക സ്ഥാപിച്ചു. ബാര്‍ട്ടെല്ലയ്ക്കു വേണ്ടി നടന്നതാണ് ഏറ്റവും രൂക്ഷമായ പോരാട്ടമെന്ന് ക്യാപ്റ്റന്‍ മുസ്തഫാ മുഹ്‌സീന്‍ 'ദ ടെലിഗ്രാഫ്' ദിനപത്രത്തോട് പറഞ്ഞു. ആറു ചാവേറുകളേയും, ഏഴു കാര്‍ബോംബ് സ്‌ഫോടനത്തേയും സൈന്യത്തിന് ബാര്‍ട്ടെല്ലയുടെ നിയന്ത്രണം പിടിച്ചെടുക്കുവാന്‍ വേണ്ടി നടന്ന ആക്രമണത്തില്‍ നേരിടേണ്ടി വന്നതായും ക്യാപ്റ്റന്‍ മുസ്തഫ കൂട്ടിച്ചേര്‍ത്തു.

പിടിച്ചെടുത്ത പ്രദേശങ്ങളിലെല്ലാം തന്നെ ഐഎസ് തീവ്രവാദികള്‍ക്കു വേണ്ടി ശക്തമായ തിരച്ചില്‍ സൈന്യം നടത്തുന്നുണ്ട്. 284 സാധാരണക്കാരെ ഐഎസ് മോസൂളില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം ഒരു കാര്‍ഷിക സര്‍വകലാശാലയുടെ ഭൂമിയില്‍ കൂട്ടമായി മറവ് ചെയ്തിരുന്നതായും സൈന്യം കണ്ടെത്തി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൊസൂള്‍ നഗരത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണം സൈന്യത്തിന്റെ കൈവശമാകുമെന്നാണ് കരുതപ്പെടുന്നത്.


Related Articles »