News - 2024

ലോകമെമ്പാടുമുള്ള ഹൈന്ദവര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 26-10-2016 - Wednesday

വത്തിക്കാന്‍: ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന ഹൈന്ദവര്‍ക്ക് വത്തിക്കാനില്‍ നിന്നുമുള്ള ആശംസകള്‍ നേര്‍ന്ന് കൊണ്ട് കര്‍ദിനാള്‍ ജീന്‍ ലൂയിസ് ടൗറാന്‍. മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഇന്റര്‍ റിലീജിയസ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റാണ് കര്‍ദിനാള്‍ ജീന്‍ ലൂയിസ്. ദീപാവലി ദിവസം ഹൈന്ദവ ഭവനങ്ങളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായി കര്‍ദിനാള്‍ കത്തില്‍ പ്രത്യേകം എടുത്തു പറയുന്നു.

ഒരു സമൂഹത്തിന്റെ ശരിയായ ശക്തി നിലകൊള്ളുന്നത് അതിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളിലാണ്. കുടുംബ ബന്ധങ്ങളുടെ പവിത്രത സംരക്ഷിക്കുവാന്‍ ക്രൈസ്തവരും, ഹൈന്ദവരും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണമെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ പറയുന്നു. മാനുഷിക ബന്ധങ്ങളുടെ ആദ്യത്തെ പാഠശാല കുടുംബങ്ങളാണെന്നും, മാതാപിതാക്കള്‍ തെളിച്ചു നല്‍കുന്ന സത്യത്തിന്റെ വെളിച്ചമാണ് വളര്‍ന്നു വരുന്ന തലമുറയ്ക്ക് മാര്‍ഗ ദീപമാകേണ്ടതെന്നും കര്‍ദിനാള്‍ ചൂണ്ടികാണിക്കുന്നു.

വിവാഹ ബന്ധങ്ങള്‍, വിലകുറച്ചു കാണിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഹൈന്ദവരും, ക്രൈസ്തവരും ഒരുപോലെ നേരിടണമെന്നും കര്‍ദിനാള്‍ സന്ദേശത്തില്‍ പറയുന്നു. എല്ലാവരിലേക്കും പ്രത്യാശയുടെ വെളിച്ചം എത്തിക്കുവാന്‍ ദീപാവലിയുടെ ആഘോഷങ്ങള്‍ക്ക് സാധിക്കട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്. ഈ മാസം 29-ാം തീയതിയാണ് ദീപാവലി ആഘോഷിക്കുന്നത്.


Related Articles »