News - 2024

'ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍സ്' പദ്ധതി പ്രകാരം 130 സിറിയന്‍ അഭയാര്‍ത്ഥികള്‍ കൂടി റോമില്‍ എത്തിചേര്‍ന്നു

സ്വന്തം ലേഖകന്‍ 27-10-2016 - Thursday

റോം: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 130 സിറിയന്‍ അഭയാര്‍ത്ഥികള്‍ റോമില്‍ എത്തിച്ചേര്‍ന്നു. റോമില്‍ എത്തിയ ശേഷം ഇവര്‍ യൂറോപ്പിന്റെ വിവിധ സ്ഥലങ്ങളിലേക്കാണ് പോകുക. സുരക്ഷിതമായി അഭയാര്‍ത്ഥികള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാന്‍ സഹായിക്കുന്ന 'ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍സ്' പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവര്‍ റോമിലേക്ക് എത്തിചേര്‍ന്നിട്ടുള്ളത്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ രാജ്യത്തെ പ്രൊട്ടസ്റ്റന്‍ഡ് സഭകളും, മെഥഡിസ്റ്റ്, വാല്‍ഡെന്‍സിയന്‍ സഭകളുടെ പിന്തുണയും 'ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍സ്' പദ്ധതിക്കുണ്ട്.

ലെബനോന്‍, മൊറോക്കോ, സിറിയ, എത്യോപ്യ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 'ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍സ്' പദ്ധതിയുടെ ഭാഗമായി റോമിലേക്ക് എത്തിയത്. മെഡിറ്ററേനിയന്‍ കടലിലൂടെ കടക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ അതിജീവിച്ച് ഇതുവരെ 400-ല്‍ അധികം ആളുകള്‍ റോമിലേക്ക് ഇത്തരത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. റോമില്‍ വരുന്ന അഭയാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിച്ച് മറ്റു രാജ്യങ്ങളിലേക്ക് സുരക്ഷിതമായി അയയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിവിധ സഭകളെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമാണെന്ന്‍ വിലയിരുത്തപ്പെടുന്നു. ഫെബ്രുവരി മാസത്തിലാണ് പദ്ധതിയുടെ ഭാഗമായ ആദ്യം സംഘം റോമില്‍ എത്തിയത്. പുതിയ പദ്ധതിയെ താന്‍ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ മാര്‍ച്ചില്‍ പറഞ്ഞിരുന്നു. ഏപ്രിലില്‍ ലെസ്‌ബോസിലേക്ക് സന്ദര്‍ശനത്തിനായി പോയ ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങി വന്നപ്പോള്‍ തന്റെ സ്വന്തം വിമാനത്തിലും ഒരു സംഘം അഭയാര്‍ത്ഥികളെ റോമിലേക്ക് പദ്ധതിയുടെ ഭാഗമായി എത്തിച്ചിരുന്നു. ഇതില്‍ മുസ്ലീം അഭയാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു.

യുദ്ധവും തീവ്രവാദവും മൂലം ക്ലേശം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നുമെത്തുന്ന അഭയാര്‍ത്ഥികളില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. തങ്ങളുടെ മുടങ്ങിയ പോയ പഠനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ് അഭയാര്‍ത്ഥികളായ കുട്ടികളും യുവാക്കളും. പുതിയ രാജ്യത്ത് എത്തിപ്പെട്ട എല്ലാവരും തന്നെ മറ്റൊരു ജീവിതം തുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.


Related Articles »