News

അമേരിക്കയിലെ സ്‌കൂളുകളില്‍ 'സാത്താന്‍ ക്ലബ്' ആരംഭിക്കുവാന്‍ സാത്താന്‍ സേവകര്‍ തയ്യാറെടുക്കുന്നു

സ്വന്തം ലേഖകന്‍ 27-10-2016 - Thursday

വാഷിംഗ്ടണ്‍: സ്‌കൂള്‍ കുട്ടികളിലേക്ക് സാത്താന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കടത്തിവിടുവാനുള്ള ശ്രമവുമായി അമേരിക്കയിലെ സാത്താന്‍ സേവകര്‍ രംഗത്ത്. വാഷിംഗ്ടണിനു സമീപമുള്ള ടാക്കോമ എന്ന സ്ഥലത്തെ സ്‌കൂളിലാണ് ഇത്തരമൊരു നടപടിയുമായി സാത്താന്‍ ആരാധകര്‍ എത്തിയിരിക്കുന്നത്. 'ആഫ്റ്റര്‍ സ്‌കൂള്‍ സാത്താന്‍ ക്ലബ്' എന്ന പേരിലാണ് ഇവര്‍ രംഗത്ത് എത്തിയിരിക്കുന്നത്. സ്‌കൂളില്‍ ബൈബിളിലെ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘം രംഗത്ത് എത്തിയിരിക്കുന്നത്.

അറ്റ്‌ലാന്റ, ഡെട്രോയിറ്റ്, പോര്‍ട്ട്‌ലാന്റ്, ഓര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലേ സ്‌കൂളുകളിലേക്ക് സാത്താന്‍ ക്ലബ് തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങുവാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുകയാണ്. ലില്ലിത്ത് സ്റ്റാര്‍ എന്ന വനിതയാണ് സാത്താന്‍ സഭയുടെ നേതൃത്വത്തിലുള്ള ക്ലബിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള നേതൃത്വം വഹിക്കുന്നത്. ഗുഡ്‌ന്യൂസ് ക്ലബ് എന്ന പേരില്‍ ബൈബിളിലെ കാര്യങ്ങള്‍ കുട്ടികളുമായി പങ്കുവയ്ക്കുന്ന ക്ലബുകള്‍ സ്‌കൂളുകളില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ദൈവവിശ്വാസവും, മനുഷ്യസ്‌നേഹവും വളര്‍ത്തുവാന്‍ ഇത്തരം ക്ലബുകള്‍ ഏറെ ഉപകാരപ്പെടുന്നുണ്ട്.

ദൈവവചനം പങ്കുവയ്ക്കുന്ന ക്ലബുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാത്താന്‍ ക്ലബുകള്‍ രംഗത്തുവന്നിട്ടുള്ളതെന്ന കാര്യം വ്യക്തമാണ്. കുട്ടികളെ സാത്താന്റെ ആരാധകരാക്കി മാറ്റുക എന്നതും ഇവരുടെ ലക്ഷ്യമാണ്. ബൈബിള്‍ വചനങ്ങളും, മറ്റു സാമൂഹിക കാര്യങ്ങളും പഠിപ്പിക്കുന്ന ക്ലബുകള്‍ക്ക് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ തങ്ങളുടെ ക്ലബിനും അതിനുള്ള അവകാശമുണ്ടെന്നാണ് ലില്ലിത്ത് സ്റ്റാര്‍ പറയുന്നത്.

ശാസ്ത്രത്തിന്റെ വിവിധ വശങ്ങളെ മനസിലാക്കുന്നതിനും അന്ധവിശ്വാസത്തെ തള്ളിക്കളയുന്നതിനും വേണ്ടിയാണ് ക്ലബ് പ്രവര്‍ത്തിക്കുക എന്നാണ് സാത്താന്‍ സഭക്കാര്‍ പറയുന്നത്. ഒക്ലഹാമോ സ്‌റ്റേറ്റ് ക്യാപിറ്റോളില്‍ സാത്താന്റെ ഒരു പ്രതിമ സ്ഥാപിക്കണമെന്ന അവശ്യവുമായി സാത്താന്‍ സഭ 2014-ല്‍ ശക്തമായി രംഗത്ത് വന്നിരുന്നു. മോശയ്ക്ക് കര്‍ത്താവ് നല്‍കിയ പത്ത് കല്‍പനകളടങ്ങിയ ശിലാഫലകം വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഈ പ്രദേശത്ത് സ്ഥാപിച്ചിരുന്നു.

സാത്താന്‍ പ്രതിമ ഇവിടെ സ്ഥാപിക്കുവാന്‍ ആളുകള്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന്, സാത്താന്‍ സഭക്കാര്‍ കോടതിയെ സമീപിച്ചു. മതപരമായ എല്ലാ ശില്‍പങ്ങളും പൊതുസ്ഥലത്തു നിന്നും നീക്കുവാനാണ് കോടതി വിധിയുണ്ടായത്. സാത്താന്‍ പ്രതിമ സ്ഥാപിക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ലെങ്കിലും പത്തു കല്‍പ്പന കൊത്തിയ മാര്‍ബിള്‍ കല്ല് മാറ്റുവാന്‍ കോടതിവിധിയിലൂടെ സാത്താന്‍ സേവര്‍ക്ക് കഴിഞ്ഞു.

'ആഫ്റ്റര്‍ സ്‌കൂള്‍ സാത്താന്‍ ക്ലബി'ന്റെ പ്രവര്‍ത്തനത്തിലൂടെയും സമാനമായ കാര്യങ്ങള്‍ തന്നെയാണ് സാത്താന്‍ സേവകര്‍ ലക്ഷ്യമിടുന്നത്. തങ്ങളുടെ ക്ലബിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചാല്‍ മറ്റു ക്ലബുകളും പൂട്ടണമെന്ന് ഇവര്‍ കോടതിയില്‍ വാദിക്കും. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഇത്തരമൊരു തിന്മയുടെ പ്രവര്‍ത്തി നടത്തുവാന്‍ അനുവദിക്കില്ലെന്ന് മാതാപിതാക്കള്‍ ഇതിനോടകം തന്നെ പ്രതികരിച്ചിട്ടുണ്ട്. സാത്താന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളുമല്ല, ക്രിസ്തുവിന്റെ വചനവും ജീവിതവുമാണ് തങ്ങളുടെ തലമുറകള്‍ പഠിക്കേണ്ടതെന്നും മാതാപിതാക്കള്‍ പറയുന്നു.


Related Articles »