News - 2024

ജപമാല എന്റെ ഹൃദയത്തിന്റെ പ്രാര്‍ത്ഥന: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 28-10-2016 - Friday

വത്തിക്കാന്‍: ജപമാല തന്റെ ഹൃദയത്തിന്റെ പ്രാര്‍ത്ഥനയാണെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ജപമാലയുടെ രാജ്ഞിയുടെ തിരുനാളായി സഭ ആഘോഷിച്ച ദിനത്തില്‍ കുറിച്ച പ്രത്യേക ട്വിറ്റര്‍ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞത്. ജപമാല, സാധാരണക്കാരും വിശുദ്ധരും ഒരേ പോലെ ചെല്ലുന്ന പ്രാര്‍ത്ഥനയാണ് പറഞ്ഞ പാപ്പ, ജീവിതത്തിലെ എല്ലാ സമയങ്ങളിലും നമ്മേ സഹായിക്കുന്ന ഒന്നാണ് ജപമാലയെന്നും കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലും ജപമാല പ്രാര്‍ത്ഥനയെ കുറിച്ച് മാര്‍പാപ്പ വിശ്വാസികളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരിന്നു. ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ മുടങ്ങാതെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും പിതാവ് പറഞ്ഞു. "ദൈവപിതാവിന്റെ അനന്യമായ സ്‌നേഹത്തെ തന്റെ പുത്രനിലൂടെ നല്‍കിയ കാരുണ്യത്തെയാണ്, മാതാവിന്റെ ജപമാലയിലെ രഹസ്യങ്ങളിലൂടെ നാം ധ്യാനിക്കുന്നത്. ഈ അനന്തമായ സ്‌നേഹത്തെ നമുക്ക് എന്നും ഓര്‍ക്കാം, അതില്‍ അതിയായി സന്തോഷിക്കുകയും ചെയ്യാം". പാപ്പ വിശ്വാസികളോട് പറഞ്ഞു.

യുവാക്കളും, വിവാഹിതരും, രോഗികളും ജപമാല പ്രാര്‍ത്ഥന പ്രത്യേകം ചൊല്ലണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. യുവാക്കളെ ദൈവവഴിയിലേക്ക് ചേര്‍ത്തു നടത്തുകയും, ദൈവസ്‌നേഹം എന്താണെന്ന് മനസിലാക്കി തരുകയും ചെയ്യുന്ന ഒന്നാണ് ജപമാല പ്രാര്‍ത്ഥനയെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. വിവാഹിതര്‍ക്ക് കുടുംബത്തില്‍ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കുവാനും, രോഗികളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസമേകുവാനും ജപമാല ചൊല്ലുന്നതിലൂടെ സാധിക്കുമെന്നും പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു.

"മക്കളുടെ ഹൃദയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവളാണ് നമ്മുടെ അമ്മ. നമ്മുടെ സംരക്ഷണത്തിനായി എല്ലായ്‌പ്പോഴും അവള്‍ നിലകൊള്ളുന്നു. നമ്മുടെ ആവശ്യഭാരങ്ങളുമായി നീണ്ട കാത്തിരിപ്പുകള്‍ നടത്തുവാന്‍ മാതാവ് ഇടവരുത്തുകയില്ല". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു