India

അഗതികളുടെ മാലാഖ സിസ്റ്റര്‍ മേരി ലിറ്റി നിത്യതയിലേക്ക് യാത്രയായി

സ്വന്തം ലേഖകന്‍ 05-11-2016 - Saturday

തിരുവല്ല: പാവപ്പെട്ടവരെയും രോഗികളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ശുശ്രൂഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച സിസ്റ്റര്‍ ഡോ. മേരി ലിറ്റി (81) നിത്യതയിലേക്ക് യാത്രയായി. ഇന്നു പുലർച്ചെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച നടക്കും. അവഗണിക്കപ്പെട്ട് കഴിയുന്നവര്‍ക്ക് ദൈവത്തിന്‍റെ സ്നേഹവും കരുണയും സാന്ത്വനവും പകര്‍ന്ന് നല്‍കിയ സിസ്റ്റര്‍ മേരി ലിറ്റി, ലിറ്റില്‍ സെര്‍വന്‍റ്സ് ഓഫ് ദി ഡിവൈന്‍ പ്രൊവിഡന്‍സ് സന്യാസി സമൂഹത്തിന്‍റെയും സ്ഥാപകയും ധ്യാനഗുരുവുമായിരിന്നു.

കോതമംഗലം രൂപതയിലെ കത്തീഡ്രല്‍ ഇടവകയില്‍ രാമല്ലൂര്‍ കരയില്‍ ഓലിപ്പുറം കുടുംബത്തില്‍ ജോസഫിന്‍റെയും നെല്ലിമറ്റം പീച്ചാട്ട് ബ്രിജീത്തയുടെയും ഏഴാമത്തെ സന്താനമായി 1935 ഓഗസ്റ്റ് രണ്ടിനായിരിന്നു ജനനം. ഒരു ഡോക്ടറായി കാണാനുള്ള പിതാവിന്റെ താൽപര്യവും ഒരു പുണ്യവതിയായി കാണാനുള്ള അമ്മയുടെ താൽപര്യവും സാക്ഷാത്കരിക്കപ്പെട്ടതായിരിന്നു മേരി ലിറ്റിയുടെ ജീവിതം. 1957 സെപ്റ്റംബര്‍ 10നാണ് സഭാവസ്ത്രം അണിഞ്ഞത്. സിസ്റ്റര്‍ സാവിയോ എന്ന പേരു സ്വീകരിച്ചു. ഇതിനിടെ റോമിലെ യൂണിവേഴ്സിറ്റിയില്‍ മെഡിസിന് പഠിക്കാന്‍ അവസരം ലഭിച്ചു.

പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തി വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത സിസ്റ്റര്‍, പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. വിവിധ ആശുപത്രികളിലെ സേവനങ്ങള്‍ക്ക് ശേഷം ധര്‍മഗിരിയിലെത്തിയ സിസ്റ്റര്‍ അവിടെയുള്ള നിര്‍ദനരായ രോഗികളുടെ അവസ്ഥ മനസിലാക്കി പള്ളിക്കടുത്തുള്ള മൂന്നു കടമുറികള്‍ എടുത്ത് ഡിസ്പെന്‍സറി തുടങ്ങി. പിന്നീട് എം.എസ്.ജെ സഭയില്‍ നിന്ന് മാറി എല്‍.എസ്.ഡി.പി സഭാ വസ്ത്രം അണിഞ്ഞു. സിസ്റ്റര്‍ സാവിയോ എന്ന പേരു മാറ്റി സിസ്റ്റര്‍ മേരി ലിറ്റി എന്ന പേരു സ്വീകരിച്ചു.

മോണ്‍ അഗസ്റ്റിന്‍ കണ്ടത്തിലച്ചന്‍ നിര്‍മ്മിച്ച് നല്കിയ മൂന്ന് നിലകെട്ടിടം പ്രത്യാശഭവന്‍ എന്ന പേര് നല്‍കി ആലംബഹീനര്‍ക്ക് അഭയകേന്ദ്രമായി നല്‍കി. വൈകല്യങ്ങള്‍ ഉള്ളവരും ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കുള്ള കേന്ദ്രമായി പ്രത്യാശ ഭവന്‍ മാറി. രോഗികളായും വൈകല്യങ്ങളോടെയും ജനിച്ചു വീഴുന്ന കുട്ടികൾ, മനോവൈകല്യമുള്ളവർ, മനോദുർബലർ, മാറാരോഗികൾ തുടങ്ങി സമൂഹം തള്ളിക്കളയുന്നവരെ സ്വന്തം മക്കളെ പോലെ ചേര്‍ത്തു നിര്‍ത്തിയ സിസ്റ്റര്‍ ഡോ. മേരി ലിറ്റിയെ പറ്റി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ മൃതസംസ്കാരം കുന്നന്താനം എൽ.എസ്.ഡി.പി കോൺവെന്റ് ജനറലേറ്റിൽ നടക്കും. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ എന്നിവർ മൃതസംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.