Wednesday Mirror

ഭൂമിയോളം സ്നേഹമുള്ള മനസുകൾ: പല വേഷങ്ങളിൽ പല മനുഷ്യർ

ഫേവര്‍ ഫ്രാന്‍സിസ് 01-01-1970 - Thursday

"മണ്ണുദയഭാനു" അതാണ്‌ തന്നെ പലരും രഹസ്യമായി വിളിക്കുന്ന പേര് എന്ന് അഭിമാനത്തോടെ പരസ്യപ്പെടുത്തുന്ന ഒരു കഥാപാത്രം സത്യൻ അന്തിക്കാടിന്റെ 'സന്ദേശം' എന്ന സിനിമയിൽ ഉണ്ട്. മലയാളത്തിലെ ഇപ്പോഴത്തെ സ്വഭാവ നടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന സിദ്ദിഖ് ആണ് ആ കൊച്ചു റോൾ അവതരിപ്പിക്കുന്നത്‌. കൃഷി ഓഫീസർ ആയി കഥ നടക്കുന്ന ഗ്രാമത്തിൽ എത്തുന്ന ഉദയഭാനു മണ്ണ് പരിശോധനയിൽ തന്റെ കഴിവിനെക്കുറിച്ച് അഭിമാനം കൊള്ളുന്നത്‌ അൽപം മണ്ണെടുത്ത്‌ രുചിച്ചു അതിനു അമ്ലഗുണമാണോ ക്ഷാരഗുണമാണോ എന്നൊക്കെ കണ്ടു പിടിച്ചു പറഞ്ഞു കൊടുത്തിട്ടാണ്.

മണ്ണ് ടെസ്റ്റ്‌ ചെയ്യുന്ന ലാബിൽ യന്ത്രങ്ങൾ കേടു വരുമ്പോൾ പലപ്പോഴും അവർ തന്റെ സഹായം തേടാറുണ്ട് എന്നൊരു കാര്യവും അയാൾ കൂട്ടിചേർക്കുന്നുണ്ട്. വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും വീട് നോക്കാതെ നാട് നന്നാക്കാനെന്നും പറഞ്ഞിറങ്ങുന്ന കപട രാഷ്ട്രീയക്കാരായ രണ്ടു മക്കളുടെ കഥയാണ് ആ ചിത്രത്തിൽ പറയുന്നത്. "ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്" (1 തിമോ 5:8). എന്നാൽ സ്വന്തമായി ഒരു വീടോ ബന്ധുക്കളോ ഇല്ലാഞ്ഞിട്ടു കൂടി അവരുടെ സ്നേഹത്തിന്റെ വിലയറിയുന്ന മണ്ണുദയഭാനു എന്ന കഥാപാത്രം മുഴുനീള ചിരിപ്പടത്തിനിടയിൽ പോലും പ്രേക്ഷകന്റെ മനസ്സിൽ ചെറിയ നൊമ്പരമുണർത്തും.

തിലകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീട്ടിലെ കൃഷിയുടെ നേതൃത്വം ഏറ്റെടുക്കുന്ന ആ കൃഷി ഓഫീസർക്ക് തന്റെ ജോലിയോടുള്ള ആത്മാർഥത വാക്കുകളിൽ പറഞ്ഞു തീർക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്. ഇത്രയേറെ സ്ഥലമുണ്ടായിട്ടും എന്ത് കൊണ്ട് ഇടവിളകൾ കൃഷി ചെയ്യുന്നില്ല എന്ന് അയാള് പരാതി പറയുന്നുണ്ട്. മണ്ണിനെ ഇങ്ങനെ കൃഷി ചെയ്യാതെ തരിശിടുന്നതിൽ അയാൾക്കുള്ള വിഷമം അയാൾ മറിച്ചു വെക്കുന്നുമില്ല."മണ്ണിൽ അധ്വാനിക്കുന്നവനു യഥേഷ്‌ടം ആഹാരം കിട്ടും; പാഴ് വേല ചെയ്യുന്നവൻ ബുദ്ധിശൂന്യനാണ്" (സുഭാ 12:11) .

ഒരു ഘട്ടത്തിൽ പിരിവു കൊടുക്കാത്തതിന്റെ പേരിൽ രാഷ്ട്രീയക്കാർ അയാളെ സ്ഥലം മാറ്റും എന്ന് പറയുമ്പോഴും അയാളുടെ മറുപടി "എന്നെ ഒരു പ്രത്യേക സ്ഥലത്തേക്ക് സ്ഥലം മാറ്റിയാൽ ഉപകാരമായി. അവിടത്തെ മണ്ണ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്" എന്നായിരുന്നു.

തനിക്കു ഇന്ന് കൈവശമുള്ള സൌഭാഗ്യങ്ങൾക്ക് വേണ്ടി തന്റെ മാതാവ് സഹിച്ച ത്യാഗങ്ങൾ. പിന്നീട് വീട് പോലും നഷ്ടപ്പെട്ട സമയത്ത് അതിൽ നിന്നും കിട്ടിയ കോമ്പൻസേഷൻ തുക ഉപയോഗിച്ച് രണ്ടും കൽപിച്ചു ഒരു പഠിത്തം അങ്ങ് പഠിക്കാൻ കാണിച്ച ചങ്കൂറ്റം, താൻ ആരെങ്കിലും ഒക്കെ ആയിത്തീരും എന്ന് തന്റെ അമ്മക്കുണ്ടായിരുന്ന പ്രതീക്ഷ, ഇതെല്ലാമാണ് ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കുന്നത്.

സർക്കാർ സർവീസിൽ ഉള്ളവരെയെല്ലാം അഴിമതിക്കാരും കൊടിയ കെടുകാര്യസ്ഥതയുടെ പര്യായങ്ങളും ആയി ചിത്രീകരിക്കുന്ന മലയാള സിനിമയിൽ ശ്രീനിവാസന്റെ പേനയിൽ നിന്നുതിർന്നു വീണ ഈ കഥാപാത്രം നന്മയുടെ മനുഷ്യത്വത്തിന്റെ ആത്മാർഥതയുടെ ദൃഡനിശ്ചയത്തിന്റെ പ്രതീകമായി തല ഉയർത്തിനിൽക്കുന്നു. വന്ന വഴി മറക്കുന്ന ഉദ്യോഗസ്ഥർക്കും എങ്ങനെ എങ്കിലും സർക്കാർ സർവീസിൽ കയറിയാൽ മേലനങ്ങാതെ ശമ്പളം വാങ്ങിക്കാമെന്നു മോഹിക്കുന്നവർക്കും കൈക്കൂലി കിട്ടാതെ ചെറു വിരലനക്കാൻ തയ്യാറല്ലാത്ത ജീവനക്കാർക്കും നേരെയാണ് ഉദയഭാനു എന്ന കൃഷി ഓഫീസർ തന്റെ എളിമയുള്ള ജീവിതം കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്നത്.

സിനിമയിൽ മാത്രമല്ല നമ്മളുടെ ഇടയിലും ഉണ്ട് സ്വന്തം ജോലിയോട് ആത്മാർഥത കാണിക്കാത്തവർ. തങ്ങൾ ഇരിക്കുന്ന സ്ഥാനത്തിന്റെ വില അറിയാത്തവർ.ജനങ്ങളെ സേവിക്കാൻ ആണ് സർക്കാർ ശമ്പളം നൽകുന്നത് എന്ന് മനസ്സിലാക്കാതെ തങ്ങളെ സമീപിക്കുന്നവരെ ശല്യമായി കാണുന്നവർ. "നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യു വിന്‍. നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്" (കൊളോ 3:23-24) .

നമ്മുടെ ഇത്തരം മനോഭാവങ്ങളിൽ എന്ന് മാറ്റം വരുന്നോ അന്ന് ഈ ലോകം കുറെ കൂടി സുന്ദരവും വാസയോഗ്യവും ആകും. ഇനി മുതൽ ഒരു സിനിമ കണ്ടു തമാശകളിൽ പൊട്ടി ചിരിച്ചു കാശ് മുതലായി എന്ന് പറഞ്ഞു മടങ്ങുമ്പോൾ ആ നർമത്തിനിടയിൽ ഒളിപ്പിച്ചു വച്ച ഇത്തരം നല്ല കഥാപാത്രങ്ങളെയും അവർ നൽകുന്ന സന്ദേശങ്ങളെയും കൂടെ കൂട്ടാൻ മറക്കരുത്. അത്തരം ആശയങ്ങൾ നമ്മളെ ഇരുത്തി ചിന്തിപ്പിച്ചേക്കാം. അവ നാളെ നിങ്ങളെ മറ്റൊരു മനുഷ്യനാക്കിയേക്കാം.


Related Articles »