India

അപരനോടു കാരുണ്യം കാണിക്കുന്നതാണ് യഥാർഥ പ്രാർത്ഥന: മാർ ചിറ്റിലപ്പിള്ളി

സ്വന്തം ലേഖകന്‍ 14-11-2016 - Monday

പാലയൂർ: അപരനോടു കാരുണ്യം കാണിക്കുന്നതാണ് യഥാർഥ പ്രാർത്ഥനയെന്നും ദൈവത്തിന്റെ കാരുണ്യം ലഭിച്ചവർ അത് മറ്റുള്ളവർക്കു പകർന്ന് നൽകണമെന്നും ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി. അതിരൂപതയുടെ നേതൃത്വത്തിൽ പാലയൂർ മാർതോമ അതിരൂപത തീർത്ഥാടന കേന്ദ്രത്തിൽ ആരംഭിച്ച കാരുണ്യവാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും അദ്ദേഹം.

"മറ്റുള്ളവരോട് കാരുണ്യം കാണിക്കുന്നതാണ് യഥാർഥ പ്രാർഥന. അർഹതയുള്ളവരെ സഹായിക്കാനുള്ള നന്മ നിറഞ്ഞ ഹൃദയമാണ് നമ്മളിൽനിന്ന് ദൈവം ആഗ്രഹിക്കുന്നത്. നമ്മൾ കരുണ കാണിക്കുമ്പോൾ ദൈവം നമ്മളിൽ അവിടുത്തെ കരുണ ചൊരിയും. ദൈവത്തിന്റെ കാരുണ്യം ലഭിച്ചവർ അത് മറ്റുള്ളവർക്കു പകർന്ന് നൽകണം." ബിഷപ്പ് പറഞ്ഞു. തളിയക്കുളത്തിൽ നടത്തിയ സമൂഹ മാമ്മോദീസയോടെയാണ് ശനിയാഴ്ചവരെ നടക്കുന്ന കരുണാവാരത്തിന് തുടക്കമായത്.

വിശുദ്ധ കുര്‍ബാനയ്ക്ക് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോസ് പുന്നോലിപറമ്പിൽ, സഹവികാരി ഫാ. ജസ്റ്റിൻ കൈതാരത്ത് എന്നിവർ സഹകാർമികരായിരുന്നു. ട്രസ്റ്റിമാരായ സി.ടി. ഫിലിപ്പ്, വി.പി. ചാക്കോ, സി.ഐ. രാജു, സി.ജെ. അൽജോ, സെക്രട്ടറിമാരായ സി.കെ. ജോസ്, പിയൂസ് ചിറ്റിലപ്പിള്ളി, കൺവീനർമാരായ ഷാജു താണിക്കൽ, കെ.ടി. വിൻസന്റ്, സി.എം. ജസ്റ്റിൻബാബു, സി.ജി. ജെയ്സൺ, ജോസ് വടുക്കൂട്ട്, ഇ.എഫ്. ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.