News

വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളായവരെയും പീഡനം അനുഭവിക്കുന്നവരെയും അനുസ്മരിച്ച് 'റെഡ് വെനസ്‌ഡേ' ആചരിച്ചു

സ്വന്തം ലേഖകന്‍ 24-11-2016 - Thursday

ലണ്ടന്‍: ലോകമെമ്പാടും ദൈവവിശ്വാസത്തിന്റെ പേരില്‍ വിചാരണനേരിടുകയും, മരണം ഏറ്റുവാങ്ങുകയും ചെയ്യുന്നവരോടുള്ള ആദരസൂചകമായി യുകെയില്‍ 'റെഡ് വെനസ്‌ഡേ' (Red Wednesday) ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയില്‍ രാജ്യത്തെ എല്ലാ ദേവാലയങ്ങളും, മുസ്ലീം പള്ളികളും, പ്രധാന കെട്ടിടങ്ങളും ചുവപ്പ് നിറത്തില്‍ അലങ്കരിച്ചു. വെസ്റ്റ് മിന്‍സ്റ്റര്‍ ആബേ, പാര്‍ലമെന്റ് ഹൌസ്, വെസ്റ്റ് മിന്‍സ്റ്റര്‍ റോമന്‍ കാത്തലിക് കത്തീഡ്രല്‍, ലാംമ്പത്ത് പാലസ് തുടങ്ങിയ കെട്ടിടങ്ങളെല്ലാം ഇന്നലെ ചുവപ്പ് നിറത്തില്‍ ആണ് കാണപ്പെട്ടത്.

റെഡ് വെനസ്‌ഡേയ്ക്കുള്ള പിന്‍തുണ അറിയിച്ച് അന്ത്യോക്യന്‍ പാത്രീയാര്‍ക്കീസായ അപ്രേം കരീം ബാവയുള്‍പ്പെടെയുള്ള പ്രമുഖര്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രല്‍ ദേവാലയത്തിലേക്ക് എത്തിയിരുന്നു. അടുത്തിടെ 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കേണ്ടി വരുന്നവരെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. സംഘടനയുടെ ആഹ്വാനപ്രകാരമാണ് 'ചുവപ്പ് ബുധനാഴ്ച' ആചരിക്കുവാന്‍ രാജ്യം തീരുമാനിച്ചത്.

ലോകത്തിലെ അഞ്ചു രാജ്യങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഒരു രാജ്യത്തെങ്കിലും മതവിശ്വാസത്തിന്റെ പേരില്‍ പൗരന്‍മാര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നാണ് സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഐഎസ് പോലെയുള്ള തീവ്രവാദി സംഘടനകള്‍ ക്രൈസ്തവരെയും, അവരുടെ ആശയത്തെ പിന്‍തുണയ്ക്കാത്ത മുസ്ലീം വിശ്വാസികളേയും കൊന്നു തള്ളുന്നതായി റിപ്പോര്‍ട്ട് എടുത്തു പറയുന്നു. മതവിശ്വാസം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന പ്രദേശമായി സിറിയയും, ഇറാഖും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖല മാറിയെന്നും റിപ്പോര്‍ട്ട് വിവരിക്കുന്നുണ്ട്.

മുന്‍ മാര്‍പാപ്പയും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ക്ലമന്‍റിന്റെ ഓര്‍മ്മദിവസമാണ് അനുസ്മരണ ദിനം നടത്തിയെന്നത് ശ്രദ്ധേയമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളാക്കപ്പെട്ടവരെ ഓര്‍മ്മിക്കുവാനും, പീഡനങ്ങള്‍ നേരിടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും വേണ്ടി തെരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന മികച്ച നിറം ചുവപ്പ് ആണെന്ന് 'എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ എഡിറ്ററായ ജോണ്‍ പൊന്തിഫെക്‌സ് പ്രതികരിച്ചു.

"ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ മതവിശ്വാസത്തിന്റെ പേരില്‍ ലക്ഷകണക്കിനാളുകള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ഇവരോടെല്ലാമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നതാണ് ഇത്തരമൊരു ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്".

"ഒരേ നിറത്തിന്റെ കീഴില്‍ നാം എല്ലാവരും ഒന്നിക്കുമ്പോള്‍, ഇത്തരം പീഡനങ്ങള്‍ സഹിക്കുന്നവരെ ആദരിക്കുക കൂടിയാണ് ചെയ്യുന്നത്. മതവിശ്വാസങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. മറിച്ച് അത് വിവിധ രീതിയില്‍ സമാധാനമുണ്ടാക്കുകയാണ് ചെയ്യുന്നത്". ജോണ്‍ പൊന്തിഫെക്‌സ് പറഞ്ഞു.


Related Articles »