India - 2024

ദൈവത്തിന്‍റെ കരുണയുടെ മുഖം കണ്ടെത്താന്‍ അജപാലകര്‍ ദൈവജനത്തെ സഹായിക്കുക: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 03-12-2016 - Saturday

കൊളംബോ: കുടുംബങ്ങളില്‍ ദൈവസാന്നിധ്യം കണ്ടെത്താന്‍ ഓരോരുത്തരും പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും വളരണമെന്നും ഇതിന് കുടുംബങ്ങളെ സഹായിക്കുക എന്നതാണ് സഭയുടെ പ്രേഷിതദൗത്യമാണെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊളംബോയില്‍ നടക്കുന്ന എഷ്യയിലെ മെത്രാന്മാരുടെ 11-ാമത് പ്ലീനറി സമ്മേളനത്തിന്‍റെ 5-ാം ദിവസം വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

"ഈശോയോടു കൂടെയായിരുന്ന ശിഷ്യന്മാര്‍ മിശിഹാ ആരാണ് എന്നു കണ്ടെത്തി. കുടുംബങ്ങളില്‍ ദൈവത്തെ കണ്ടെത്താന്‍ ശ്ലീഹന്മാരുടെ വഴി തന്നെയാണ് നാം പിന്തുടരേണ്ടത്. കുടുംബങ്ങളില്‍ ദൈവസാന്നിധ്യം കണ്ടെത്താന്‍ ഓരോരുത്തരും പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും വളരണം. ഇതിന് കുടുംബങ്ങളെ സഹായിക്കുക എന്നതാണ് സഭയുടെ പ്രേഷിതദൗത്യം. ദൈവത്തിന്‍റെ കരുണയുടെ മുഖം കണ്ടെത്താന്‍ അജപാലകര്‍ ദൈവജനത്തെ അനുഗമിക്കുകയും സഹായിക്കുകയും ചെയ്യണം. കര്‍ദ്ദിനാള്‍ പറഞ്ഞു. മിശിഹായെ കണ്ടെത്തിയ കുടുംബങ്ങളുടെ യഥാര്‍ത്ഥ കൂട്ടായ്മയായിത്തീരണം സഭ എന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, ആദിലാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. കൊളംബിയൻ സഭാ സമൂഹത്തിലെ മലയാളി വൈദികരും സെമിനാരി വിദ്യാർഥികളും അത്മായ സഹോദരങ്ങളും വിശുദ്ധകുർബാനയിൽ പങ്കെടുക്കാന്‍ എത്തിയിരിന്നു.