India - 2024

തൃപ്രയാർ സെന്റ് ജൂഡ് പള്ളിയിലെ ക്രൂശിതരൂപം തകര്‍ക്കാന്‍ ശ്രമം

സ്വന്തം ലേഖകന്‍ 03-12-2016 - Saturday

തൃപ്രയാർ: തൃപ്രയാർ ബസ് സ്റ്റാൻഡിനു മുമ്പിലെ സെന്റ് ജൂഡ് പള്ളിയിലെ അൾത്താരയ്ക്കു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. അൾത്താരയിൽ സക്രാരിക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്രൂശിതരൂപം തകര്‍ക്കാനുള്ള ശ്രമമാണുമുണ്ടായിരിക്കുന്നത്. ക്രൂശിത രൂപത്തിന്റെ വയറു ഭാഗത്തായി മുനയുള്ള ആയുധംകൊണ്ട് കുത്തിയതായും രൂപം താങ്ങിനിർത്തുന്ന പീഠത്തിന്റെ ഒരുഭാഗം പൊളിച്ചുമാറ്റിയ നിലയിലാണ് കാണപ്പെട്ടിരിക്കുന്നത്.

രാവിലെ ഏഴോടെ ദേവാലയ ശുശ്രൂഷി പള്ളി തുറക്കാനെത്തിയപ്പോഴാണ് അൾത്താരയിലെ ക്രൂശിതരൂപത്തിനു നേരെ ആക്രമണം നടന്നതറിയുന്നത്. വികാരി ഫാ. ജോവി കണ്ടുകുളങ്ങര, കൈക്കാരന്മാർ എന്നിവർ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു വലപ്പാട് എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തി അന്വേഷണം നടത്തി. ക്രൂശിതരൂപത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ അൾത്താരയിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

പ്രാർഥിക്കാൻ വരുന്നവരുടെ സൗകര്യത്തിനായി രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ പള്ളിയുടെ അൾത്താരയുടെ ഭാഗത്തെ വാതിൽ തുറന്നിടുന്നതു പതിവാണ്. ദിവസേന തൊഴിലാളികൾ, യാത്രക്കാർ ഉൾപ്പെടെ നാനാജാതി മതസ്‌ഥർ വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്‌ഥം തേടി പ്രാർഥിക്കാൻ പള്ളിയിലെത്താറുണ്ട്. ഇതിനാല്‍ തന്നെ പകൽസമയത്താണ് ആക്രമണം നടന്നതെന്നാണു നിഗമനം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു സർവകക്ഷി യോഗം ചേരും.