News - 2024

കോംഗോയില്‍ അക്രമികളുടെ വെടിയേറ്റ് കന്യാസ്ത്രീ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 03-12-2016 - Saturday

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ ആക്രമികളുടെ വെടിയേറ്റ് കന്യാസ്ത്രീ കൊല്ലപ്പെട്ടു. ഫ്രാന്‍സിസ്കന്‍ കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ മേരി ക്ലെയര്‍ അഗാനോയാണ് കൊല്ലപ്പെട്ടത്. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷനാണ് സിസ്റ്റര്‍ മേരി ക്ലെയര്‍ കൊലപ്പെട്ടുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബര്‍ മാസം 29-ാം തീയതിയാണ് അജ്ഞാതരായ അക്രമികള്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തിയത്.

ബക്കാവു എന്ന സ്ഥലത്തെ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ ഓഫീസിലാണ് കന്യാസ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അക്രമികളുടെ മോഷണശ്രമത്തിനിടെയാണ് മേരി ക്ലെയര്‍ കൊല്ലപ്പെട്ടതെന്ന് 'വേള്‍ഡ് ആന്റ് മിഷന്‍' മാസികയില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുവിശേഷത്തിന് വേണ്ടി ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ രക്തസാക്ഷികളായി മാറിയ കന്യാസ്ത്രീകളുടെ ഗണത്തിലേക്ക് സിസ്റ്റര്‍ മേരി ക്ലേറി അഗാനോയും ചേര്‍ക്കപ്പെട്ടുവെന്നാണ് 'വേള്‍ഡ് ആന്റ് മിഷന്‍' മാസിക അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

1996-ല്‍ കോംഗോ യുദ്ധത്തിന്റെ സമയത്ത് റുവാണ്ടന്‍ പട്ടാളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫി മുന്‍സിഹിര്‍വ രക്തസാക്ഷിത്വം വരിച്ചത്. എട്ടുവര്‍ഷത്തോളം നീണ്ടു നിന്ന യുദ്ധം നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെടുത്തിയത്. 2014-ല്‍ ബുറൂണ്ടിയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കന്യാസ്ത്രീമാരായ ഓല്‍ഗ റാസ്ച്വീറ്റി, ലൂസിയ പുലൂസി, ബര്‍ണാഡിറ്റ ബോഗിയ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിസ്റ്റര്‍ മേരി ക്ലെയര്‍ മരണമടഞ്ഞിരിക്കുന്നത്.