News - 2024

“നിത്യതയുടെ കവാടം തുറന്ന്‍ ക്രിസ്തു നമ്മളെ കാത്തിരിക്കുന്നു”: വിമാനം തകർന്നുവീഴുന്നതിനു മുൻപ് പൈലറ്റ് പങ്കുവച്ച സന്ദേശം

സ്വന്തം ലേഖകന്‍ 06-12-2016 - Tuesday

ബൊഗോട്ട: ബ്രസീലിലെ ക്ലബ് ഫുട്ബോൾ കളിക്കാരുമായുള്ള യാത്രയ്ക്കിടെ, വിമാനം തകർന്നുവീഴുന്നതിനു മുൻപ് പൈലറ്റ് പങ്കുവച്ച സന്ദേശം ചര്‍ച്ചയാകുന്നു. വിമാനപകടത്തില്‍ മരണപ്പെട്ട പരാഗ്വേ സ്വദേശിയായ ഗുസ് എന്‍സിന എന്ന പൈലറ്റ് പങ്ക് വെച്ച സന്ദേശമാണ് ഇന്ന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. തന്റെ പോസ്റ്റില്‍ ഗുസ്സ് എന്‍സിന ഇങ്ങനെ എഴുതിയിരിക്കുന്നു.

“എവിടെയാണ് നിങ്ങള്‍ നിങ്ങളുടെ ജീവിതം അന്വേഷിക്കുന്നത്? മുമ്പിലോ അതോ പിമ്പിലോ? നിങ്ങള്‍ ജീവിതത്തില്‍ വളരെ അമൂല്യമായി കരുതുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപേക്ഷിക്കുവാനുള്ള അനുഗ്രഹം ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെ, ഒപ്പം മുന്നോട്ടേക്ക് നോക്കുവാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിത്യതയുടെ കവാടങ്ങള്‍ തുറന്ന് തരുന്ന ഒരു മഹത്വപൂര്‍ണ്ണമായ കൂടികാഴ്ചക്കായി അവിടെ ക്രിസ്തു നമ്മളെ കാത്തിരിക്കുന്നു.”

തന്റെ വിശ്വാസത്തേയും, കുടുംബത്തേയും ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരിന്നു അദ്ദേഹമെന്ന്‍ സുഹൃത്തുക്കള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അദ്ദേഹം ഏറെ ശ്രദ്ധചെലുത്തിയിരിന്നുവെന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ തന്നെ വ്യക്തമാണ്. ഏറ്റവും ഇളയ കുട്ടിയുടെ ജ്ഞാനസ്നാനത്തിന്റെ പ്രത്യേക ഓര്‍മ്മക്കായി യേശുവിന്റെ ചെറുപ്പത്തിലെ ഒരു ചിത്രം കൊണ്ടുവരാമെന്ന് യാത്രക്ക് മുന്‍പ് തന്റെ മകന്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ അമ്മ മറ്റൊരു പരാഗ്വേയിന്‍ മാധ്യമത്തോട് പറഞ്ഞിരിന്നു.

ബ്രസീലിലെ ക്ലബ് ഫുട്ബോൾ ടീമായ ‘ഷപ്പെകൊയിൻസ് റിയൽ’ കളിക്കാർ, ക്ലബ് അധികൃതർ, മാധ്യമപ്രവർത്തകർ, തുടങ്ങിയവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 72 യാത്രികരും ഒമ്പത് ജീവനക്കാരുമടക്കം 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.45-നായിരുന്നു അപകടം. ആറു പേരെ രക്ഷിക്കാനായെങ്കിലും ഒരാള്‍ ആസ്​പത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. കോപ്പ സുഡാമേരിക്കാനാ ഫുട്‌ബോള്‍ ഫൈനലില്‍ കൊളംബിയ ടീമായ അത്‌ലറ്റിക്കോ നാഷണലുമായി മത്സരിക്കാന്‍ പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.