News - 2024

ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് മാര്‍പാപ്പ പ്രഖ്യാപിച്ച പൂര്‍ണ്ണ ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകന്‍ 09-12-2016 - Friday

ഫാത്തിമ: പരിശുദ്ധ ദൈവമാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് പരസ്യപ്പെടുത്തി. നവംബർ 27ന് ആരംഭിച്ച ശതാബ്ദി വർഷ ആഘോഷം അടുത്ത വർഷം നവംബർ 27ന് അവസാനിക്കും. ഇക്കാലയളവില്‍ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച മാര്‍ഗ്ഗങ്ങളാണ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്.

ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ ചുവടെ നല്‍കുന്നു

1. പോർച്ചുഗലിലുള്ള ഫാത്തിമ തീർത്ഥാടനകേന്ദ്രം സന്ദർശിച്ച് പരിശുദ്ധ ദൈവമാതാവിന്റെ ഏതെങ്കിലും പ്രാർത്ഥനയിലോ തിരുകര്‍മ്മങ്ങളിലോ പങ്കെടുക്കുക. വിശ്വാസ പ്രമാണം, സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയം തുടങ്ങിയ പ്രാർത്ഥനകൾ ചൊല്ലുക.

2. പോർച്ചുഗലിലെ തീർത്ഥാടനകേന്ദ്രത്തിൽ പോകാൻ സാധിക്കാത്തവർക്ക് ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന ഏതെങ്കിലും ദൈവാലയത്തിലോ സന്യാസഭവനത്തിലോ വണക്കത്തിനായി വെച്ചിരിക്കുന്ന മറ്റ് ഏതെങ്കിലും സ്ഥലത്തോ 2017 മെയ് മുതൽ ഒക്‌ടോബർ 13 വരെയുള്ള കാലയളവില്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക. ദണ്ഡ വിമോചനത്തിനായി സ്വർഗ്ഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം, ഫാത്തിമാ മാതാവിനോടുള്ള പ്രാർത്ഥന എന്നിവ ചൊല്ലണം.

3. പ്രായമായവർക്കും രോഗികള്‍ക്കും വേണ്ടി പ്രത്യേകം നല്‍കപ്പെട്ടതാണ് മൂന്നാമത്തെ ദണ്ഡവിമോചന മാര്‍ഗ്ഗം. ഏതെങ്കിലും ഫാത്തിമാ മാതാവിന്റെ രൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ചുകൊണ്ട് 2017 മെയ് മുതൽ ഒക്‌ടോബർ വരെയുള്ള മാസങ്ങളിൽ, പ്രത്യക്ഷീകരണ ദിനമായ 13ാം തിയതി നടക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ ആത്മീയമായി പങ്കുചേരാം. തങ്ങളുടെ ക്ലേശങ്ങളും ത്യാഗങ്ങളും പ്രാർത്ഥനകളും പരിശുദ്ധ അമ്മ വഴി ദൈവസന്നിധിയിലേക്ക് സമർപ്പിച്ചു കൊണ്ടു പൂർണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്.

കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുക, പാപത്തിൽ നിന്ന് വേർപെട്ട അവസ്ഥയിലായിരിക്കുക, മാര്‍പാപ്പയുടെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നീ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ദണ്ഡവിമോചനം പ്രാപിക്കേണ്ടത്.