News - 2024

എത്യോപ്യയില്‍ 300 പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 09-12-2016 - Friday

ബാഹിര്‍ ദാര്‍: എത്യോപ്യയില്‍ യുവാക്കളും, കുഞ്ഞുങ്ങളുമടക്കം 300 പേര്‍ മാമോദീസാ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസികളായി. ബാഹിര്‍ ദാറിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബെനിഷാന്‍ഗൂള്‍-ഗുമൂസ് മേഖലയിലെ ഗുമൂസ് വിഭാഗക്കാരായ ആളുകളാണ് മാമോദീസ സ്വീകരിച്ച് എത്യോപ്യന്‍ കത്തോലിക്ക സഭയുടെ ഭാഗമായി തീര്‍ന്നത്. ബാഹിര്‍ ദാര്‍-ഡീസി എത്യോപ്യ രൂപതയുടെ ബിഷപ്പായ ലെസാനു ക്രിസ്റ്റോസ് മത്തിയോസ് സെമാഹൂന്‍ മാമോദീസ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

"ഇന്ന് നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ച് സഭയിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ഈ കൂദാശയിലൂടെ നിങ്ങള്‍ ദൈവത്തിന്റെ സ്വന്തം ജനമായി തീര്‍ന്നിരിക്കുന്നു. സ്വര്‍ഗത്തിനും ഭൂമിക്കും ഒരുപോലെ സന്തോഷം പ്രധാനം ചെയ്യുന്ന ഒരു കൂദാശയാണ് ഇവിടെ ഇപ്പോള്‍ നടക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധ സഭയും ഏറെ ആഹ്ലാദിക്കുന്ന സമയമാണിത്". ബിഷപ്പ് ലിസാനു ക്രിസ്റ്റോസ് മത്തിയോസ് ചടങ്ങിനിടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ബാനുഷ് എന്ന ഗ്രാമത്തെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൈപിടിച്ച് നടത്തിയ ടാക്കല്‍ എന്ന യുവാവിനേയും ബിഷപ്പ് മാമോദീസ ചടങ്ങുകള്‍ക്കിടയില്‍ പ്രത്യേകമായി ഓര്‍മ്മിച്ചു. മേഖലയെ സുവിശേഷവല്‍ക്കരിക്കുവാന്‍ ടാക്കലാണ് കത്തോലിക്ക സഭ നേതൃത്വവുമായി ബന്ധപ്പെട്ടതെന്നും അതിന്റെ ഭാഗമായിട്ടാണ് സുവിശേഷകരെ പ്രദേശത്തേക്ക് അയച്ചതെന്നും ബിഷപ്പ് ലിസാനു ക്രിസ്റ്റോസ് പറഞ്ഞു. ഒരു യുവാവിന്റെ വിശ്വാസ തീഷ്ണതയാണ് ഇന്ന് 300 പേരെ സഭയോട് ചേര്‍ത്ത് ദൈവത്തിങ്കലേക്ക് അടുപ്പിച്ചതെന്നും ബിഷപ്പ് പ്രത്യേകം അനുസ്മരിച്ചു.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നു കൊംമ്പോണി കന്യാസ്ത്രീകളാണ് ഗുമൂസ് ഗോത്രത്തിന്റെ അരികിലേക്ക് സുവിശേഷവുമായി കടന്നു ചെന്നത്. സിസ്റ്റര്‍ ജാമലീറ്റി, സിസ്റ്റര്‍ ടില്‍ഡ, സിസ്റ്റര്‍ ബെര്‍ട്ടീലാ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഗുമൂസ് വിഭാഗക്കാര്‍ ആദ്യമായി സുവിശേഷം ശ്രവിച്ചത്. 500-ല്‍ അധികം ഗുമൂസ് വിഭാഗക്കാര്‍ ഉടന്‍ തന്നെ മാമോദീസ സ്വീകരിച്ച് സഭയോട് ചേരുന്നതിനായി തയാറാകുന്നുണ്ടെന്നും സഭ അറിയിച്ചു. ബാഹിര്‍ ദാര്‍-ഡീസി എത്യോപ്യ രൂപത നിലവില്‍ വന്നിട്ട് രണ്ടു വര്‍ഷം മാത്രമേ ആയിട്ടുള്ളു.


Related Articles »