Events

ആത്മീയ ആവേശമായി രണ്ടാം ശനിയാഴ്ച കൺവെൻഷൻ: നിറ സാന്നിധ്യമായി മാർ സ്രാമ്പിക്കൽ: സീറോ മലബാർ ഇംഗ്ലീഷ് കുർബാന ജനഹൃദയങ്ങൾ ഏറ്റുവാങ്ങി

ബാബു ജോസഫ് 12-12-2016 - Monday

ലോക സുവിശേഷവത്കരണത്തിന് പുത്തൻ പാതകൾ തുറന്ന റവ.ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ ഇത്തവണ പുത്തൻ അഭിഷേകത്താൽ ആത്മീയ ആവേശമായി മാറി.പുതുതായി രൂപംകൊണ്ട ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ കൺവെൻഷനിൽ ആദ്യാവസാനം പങ്കെടുത്തു.

മാർ സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സീറോ മലബാർ ഇംഗ്ലീഷ് കുർബാനയെ ബർമിംങ്ഹാം ബഥേൽ സെന്ററിൽ തിങ്ങിനിറഞ്ഞ വിവിധ ഭാഷാദേശക്കാരായ ജനം അതിരറ്റ ആത്മീയ ആനന്ദത്താൽ ഹൃദയത്തിൽ സ്വീകരിച്ചു.

വരും നാളുകളിൽ യു കെ യുടെയും യൂറോപ്പിന്റെ യും നവസുവിശേഷവത്കരണരംഗത്ത് സീറോ മലബാർ സഭയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു ഇത്തവണത്തെ കൺവെൻഷനും അവിടെ ആദ്യമായി അർപ്പിക്കപ്പെട്ട സീറോ മലബാർ ഇംഗ്ലീഷ് കുർബാനയും.

പരിശുദ്ധാത്മാഭിഷേകം തുളുമ്പിനിന്ന കൺവെൻഷനിൽ വിശുദ്ധകുർബാനയ്ക് സെഹിയോൻ യു കെ യുടെ കുട്ടികൾ അൾത്താരശുശ്രൂഷകരായി. വിശ്വാസമെന്നാൽ ക്രിസ്തുവിലുള്ള ജീവിതമാണെന്ന് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. നാമോരോരുത്തരും യേശുക്രിസ്തുവിനെ മുൻനിർത്തി ആത്മീയജീവീതം നയിക്കേണ്ടവരാണെന്നും മാർ സ്രാമ്പിക്കൽ പറഞ്ഞു.

വൈകിട്ട് നടന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തിനും ബിഷപ്പ് നേതൃത്വം നൽകി. മോൺസിഞ്ഞൊർ ഷോൺ ഹീലി,ഫാ.ഷൈജു നടുവത്താനി എന്നിവരും ശുശ്രൂഷകൾ നയിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ. ഫാ. മാത്യു ചൂരപ്പൊയ്കയിലും കൺവെൻഷനിൽ പങ്കുചേർന്നു.

ജനുവരി 14 നു നടക്കുന്ന രണ്ടായിരത്തി പതിനേഴിലെ ആദ്യ കൺവെൻഷൻ സാൽഫോഡ് രൂപതാ ബിഷപ്പ് ജോൺ അർനോൾഡ്, പരിശുദ്ധാത്മാഭിഷേകധ്യാനങ്ങളിലൂടെ അനേകരെ മാനസാന്തരത്തിലേക്ക് നയിക്കുവാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ വചനപ്രഘോഷകൻ ഡോ. ജോൺ ദാസ് എന്നിവർ ഫാ.സോജി ഓലിക്കലിനൊപ്പം നയിക്കും.