Meditation - December 2018

നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ തന്നെ നിങ്ങളും വിധിക്കപ്പെടും

സ്വന്തം ലേഖകന്‍ 12-12-2016 - Monday

"നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ട് തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും" (മത്തായി 7:2).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 12

നീതി പുലര്‍ത്തുക എന്നതിന്റെ അര്‍ത്ഥം ഒരുവന് അര്‍ഹമായത് അവന് നല്‍കുക എന്നാണ്. ഇത് ഭൗതികവസ്തുക്കളുടെ കാര്യത്തിലാണ്. ഇതിന്റെ ഉത്തമ ഉദാഹരണം ഒരാളുടെ ശമ്പളത്തിന്റെ കാര്യത്തിലോ, സ്വന്തം ഭൂമിയില്‍നിന്നോ പ്രയത്‌നത്തില്‍ നിന്നോ ഉള്ള പ്രതിഫലത്തിന്മേലുള്ള അവകാശത്തിന്മേലോ ആകാം. അതുപോലെ സല്‍പ്പേരും ബഹുമാനവും, അംഗീകാരവും കീര്‍ത്തിയും മനുഷ്യന് അര്‍ഹതപ്പെട്ടതാണ്. ഒരു മനുഷ്യനെ കൂടുതലായി അറിയുന്തോറും, അയാളുടെ വ്യക്തിത്വം, സ്വഭാവം, ബുദ്ധിശക്തി, മനസ് എന്നിവ കൂടുതലായി വെളിവായിവരുന്നു. കൂടുതല്‍ മനസ്സിലാകും തോറും എന്താണ് അവന് അര്‍ഹതപ്പെട്ടതെന്നും എന്താണ് അവനോട് ചെയ്യേണ്ട നീതിയെന്നും നമുക്ക് ബോധ്യമാകും.

ആയതിനാല്‍, നീതിയെപ്പറ്റിയുള്ള നമ്മുടെ അറിവ് തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇതൊരു പ്രത്യയശാസ്ത്രമല്ല. ഇതൊരു സത്ഗുണമാണ്; മനുഷ്യചൈതന്യത്തിന്റേയും ഇച്ഛാശക്തിയുടേയും മനസ്സിന്റേയും കഴിവാണ്. നീതിമാനായിരിക്കുന്നതിനും എങ്ങനെയാണ് നീതി പുലര്‍ത്തേണ്ടതെന്ന് അറിയുന്നതിനും പ്രാര്‍ത്ഥനയും ആവശ്യമാണ്. 'നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും' ഈ വചനം എപ്പോഴും അനുസ്മരിക്കുന്നത് ഏറെ നല്ലതാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.11.78)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »