News - 2024

ഈജിപ്തില്‍ ദിവ്യബലിയ്ക്കിടെ ബോംബ് സ്ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 12-12-2016 - Monday

കയ്റോ: ഈജിപ്തിലെ പ്രധാന കോപ്റ്റിക് ക്രൈസ്തവ ദേവാലയമായ സെന്റ് മാർക്ക്സ് കത്തീഡ്രലിൽ ദിവ്യബലിയ്ക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 25 പേർ മരിച്ചു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 50 പേർക്കു പരിക്കേറ്റു. മധ്യ കയ്റോയിലെ അബ്ബാസിയ ജില്ലയിൽ സ്‌ഥിതി ചെയ്യുന്ന പള്ളിക്കകത്ത് ഇന്നലെ രാവിലെയായിരിന്നു സ്ഫോടനം. ചാപ്പലിൽ വച്ച ബോംബ് വിദൂരനിയന്ത്രിത സംവിധാനമുപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. ഭീകരസംഘടനയായ ഹസ്മ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്.

പ്രധാന ദേവാലയമായതിനാൽ നൂറുകണക്കിനു പേർ കുർബാനയ്ക്കെത്തിയിരുന്നു. ഈജിപ്തിലെ കോപ്റ്റിക് സഭാധിപൻ തവാദ്രോസ് രണ്ടാമന്റെ ആസ്‌ഥാന ദേവാലയമാണു സെന്റ് മാർക്സ് കത്തീഡ്രൽ. ഈജിപ്തിലെ ജനസംഖ്യയിൽ 10 ശതമാനം വരുന്ന കോപ്റ്റിക് ക്രൈസ്തവർക്കു നേർക്ക് ആക്രമണം വർധിച്ചുവരികയാണ്. 2011ൽ അലക്സാണ്ഡ്രിയയിലെ പള്ളിക്കു പുറത്തുണ്ടായ ചാവേർ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.

ഈജിപ്തിൽ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. രാജ്യത്തെ 90 കോടി ജനങ്ങളിൽ ഒൻപതു കോടിയാണ് ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർ. 2013-ല്‍ മുഹമ്മദ് മുർസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ശേഷം തീവ്രവാദികൾ ക്രൈസ്തവർക്കെതിരെ ഒട്ടേറെ ആക്രമണങ്ങൾ നടത്തിയിരിന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണവും. രാജ്യത്ത് ദേശീയദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.