News - 2024

സാന്താക്ലോസിന് പിന്നിലെ വിശുദ്ധ നിക്കോളാസിന്റെ മുഖം ബ്രിട്ടനിലെ ശാസ്ത്രഗവേഷക സംഘം പുനര്‍സൃഷ്ടിച്ചു

സ്വന്തം ലേഖകന്‍ 12-12-2016 - Monday

ലിവര്‍പൂള്‍: ബ്രിട്ടനിലെ ജോൺ മൂർ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ മിറായിലെ വിശുദ്ധ നിക്കോളാസിന്റെ മുഖരൂപം പുനര്‍സൃഷ്ടിച്ചു. പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളായ വിശുദ്ധ നിക്കോളാസാണ് സാന്താക്ലോസ് രൂപത്തിന്റെ ശരിയായ ഉടമ. മിറായിലെ വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട ലഭ്യമായ രേഖകള്‍ എല്ലാം വിശദമായി പഠിച്ചതിനു ശേഷമാണ് വിശുദ്ധന്റെ മുഖം ശാസ്ത്രഗവേഷക സംഘം ത്രിമാനതലത്തില്‍ പുനര്‍സൃഷ്ടിച്ചത്.

ഇക്കഴിഞ്ഞ ആറാം തീയതി വിശുദ്ധ നിക്കോളാസിന്റെ തിരുനാള്‍ ദിനത്തിലാണ് സര്‍വകലാശാല വിശുദ്ധന്റെ ത്രിമാന രൂപം പ്രസിദ്ധപ്പെടുത്തിയത്. കംപ്യൂട്ടര്‍ ജനറേറ്റര്‍ ഇമേജറി (സിജിഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് രൂപത്തിന്റെ ത്രിമാന ദൃശ്യം പൂര്‍ത്തീകരിച്ചത്. വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിയുടെ ചിത്രം രൂപപ്പെടുത്തുന്നതിനായിട്ടാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ലഭ്യമായ എല്ലാ രേഖകളുടെയും അടിസ്ഥാനത്തിലാണ് വിശുദ്ധ നിക്കോളാസിന്റെ രൂപത്തെ പുനഃസൃഷ്ടിച്ചിരിക്കുന്നതെന്നു സര്‍വ്വകലാശലയിലെ പ്രൊഫസറായ കരോളിന്‍ വില്‍സണ്‍ ബിബിസിയോട് പറഞ്ഞു.

പതിഞ്ഞ മൂക്കാണ് വിശുദ്ധന് ഉണ്ടായിരുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ചിത്രത്തിലെ മൂക്കിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ദൃശ്യമാണ്. എഡി 270 നും 343-നും മധ്യേയാണ് വിശുദ്ധ നിക്കോളാസ് തെക്കന്‍ തുര്‍ക്കിയില്‍ ജീവിച്ചിരുന്നത്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ വിശുദ്ധനെ തടവറയില്‍ അടയ്ക്കുകയും, കോണ്‍സ്‌റ്റെന്ററ്റൈന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ തടവറയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തതായി രേഖകളില്‍ നിന്നും വ്യക്തമാണ്. നിരവധി കഥകളും വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട് കിടക്കുന്നു.

സാമ്പത്തിക കടങ്ങള്‍ മൂലം അടിമകളാക്കപ്പെടുമായിരുന്ന മൂന്നു പെണ്‍കുട്ടികളെ രക്ഷിച്ചത് വിശുദ്ധ നിക്കോളാസാണെന്ന് ഒരു കഥ പറയുന്നു. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീര്‍ക്കുവാന്‍ ഒരു ചാക്കില്‍ നിറയെ സ്വര്‍ണം നിറച്ച് അവരുടെ വീട്ടിലേക്ക് വിശുദ്ധന്‍ എറിഞ്ഞു നല്‍കിയെന്നാണ് കഥയുടെ സാരം. എഡി 325-ല്‍ നിസിയാ കൗണ്‍സിലില്‍ ക്രിസ്തു ദൈവമല്ലെന്നു തെളിയിക്കുവാന്‍ വാദിച്ച നിരീശ്വരവാദിയായ ഔറിയസുമായി വാക്കുതര്‍ക്കത്തില്‍ നിക്കോളാസ് ഏര്‍പ്പെട്ടിരുന്നുവെന്നാണ് മറ്റൊരു രേഖ പറയുന്നത്.

തര്‍ക്കം മൂത്തപ്പോള്‍ ഔറിയസ്, നിക്കോളാസിന്റെ മൂക്കിന്റെ പാലം ഇടിച്ചു തകര്‍ത്തുവെന്നും, ഇതുമൂലമാണ് അദ്ദേഹത്തിന്റെ മൂക്ക് പതിഞ്ഞു പോയതെന്നും മറ്റൊരു കഥ സൂചിപ്പിക്കുന്നു. ഗ്രീസ്, നേപ്പിള്‍സ്, സിസിലി, ലോറൈന്‍ കൂടാതെ ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, ബെല്‍ജിയം എന്നിവിടങ്ങളിലെ പല നഗരങ്ങളിലും വിശുദ്ധനെ മധ്യസ്ഥ വിശുദ്ധനായി കരുതി ആദരിച്ച് വരുന്നു.


Related Articles »