News - 2024

കുട്ടികള്‍ക്ക് വേണ്ടി സീറോ മലബാര്‍ കുര്‍ബാന ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിക്കപ്പെടണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഫാ.ബിജു ജോസഫ് കുന്നക്കാട്ട് 13-12-2016 - Tuesday

ബര്‍മിംഗ്ഹാം: യൂറോപ്പില്‍ ജീവിക്കുന്ന പുതുതലമുറയിലെ സീറോ മലബാര്‍ സഭാംഗങ്ങളായ കുഞ്ഞുങ്ങള്‍ക്ക് പരിശുദ്ധ കുര്‍ബാന കൂടുതല്‍ മനസിലാകുന്നതിനും സജീവമായി പങ്കു ചേരുന്നതിനും സീറോ മലബാര്‍ കുര്‍ബാന ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിക്കപ്പെടേണ്ടതുണ്ടെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബര്‍മിംഗ്ഹാമില്‍ വച്ചു നടത്തപ്പെട്ട ഡിസംബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയില്‍ കുര്‍ബാന അര്‍പ്പിച്ചതിനു ശേഷമായിരുന്നു മാര്‍ സ്രാമ്പിക്കല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ വി.കുര്‍ബാന അര്‍പ്പിക്കുമ്പോളാണ് അവര്‍ക്ക് അതില്‍ സജീവമായി പങ്കുചേരാനാവുന്നത്. ഭാഷ മനസിലാകാത്തതുകൊണ്ടാണ് അവര്‍ അശ്രദ്ധരാകുന്നത്. കുട്ടികള്‍ മാത്രമായി കൂടുന്ന സമ്മേളനങ്ങളില്‍ ഇംഗ്ലീഷ് ഭാഷതന്നെ ഉപയോഗിക്കുന്നതും വളരെ ഗുണകരമായിരിക്കും. സഭയുടെ ഭാവി കുഞ്ഞുങ്ങളിലാണെന്നതുകൊണ്ടുതന്നെ അവരുടെ സാഹചര്യത്തിനനുസരിച്ച് ആരാധനാക്രമം പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

മുമ്പ് പലതവണ ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ടെങ്കിലും മെത്രാനായതിനു ശേഷം ആദ്യമായാണ് മാര്‍ സ്രാമ്പിക്കല്‍ കഴിഞ്ഞ ശനിയാഴ്ച വീണ്ടും ഇംഗ്ലീഷില്‍ വി. കുര്‍ബാന അര്‍പ്പിച്ചത്. വളരെ സന്തോഷകരമായ അനുഭവമായിരുന്നുവെന്നും യൂറോപ്പിന്റെ സാഹചര്യത്തില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനില്‍ ആദ്യന്തം സംബന്ധിച്ച മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളുമായി സംസാരിക്കുന്നതിനും സമയം കണ്ടെത്തി.