News - 2024

ഫ്രാ‍ന്‍സിസ് പാപ്പാ ഫാത്തിമ സന്ദര്‍ശിക്കും

സ്വന്തം ലേഖകന്‍ 20-12-2016 - Tuesday

വത്തിക്കാന്‍: ഫാത്തിമായില്‍ പരിശുദ്ധ കന്യക മാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫ്രാ‍ന്‍സിസ് പാപ്പാ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. 2017 ഫെബ്രുവരി 12, 13 തിയതികളില്‍ ആണ് സന്ദര്‍ശനം നടത്തുക.

പോര്‍ച്ചുഗല്‍ പ്രസിഡന്‍റ് മാര്‍സെലോ റെബല്ലോ ഡിസൂസയുടെയും ദേശീയ മെത്രാന്‍ സമിതിയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ ഫാത്തിമാ സന്ദര്‍ശനം നടത്തുന്നത്. ഡിസംബര്‍ 17ാം തിയതി ജന്മദിനത്തില്‍ ഇതു പരസ്യപ്പെടുത്താന്‍ ഫ്രാന്‍സിസ് പാപ്പാ നിശ്ചയിക്കുകയായിരിന്നുവെന്നും വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക്ക് വ്യക്തമാക്കി.

1981 മെയ് 13-ന് വത്തിക്കാനില്‍ വച്ച് വെടിയേറ്റ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അത്ഭുതകരമായി രക്ഷപ്പെട്ടത് ഇന്നും ചരിത്രമാണ്. ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനമായിരിന്നു അന്ന്‍. 1982-ല്‍ ഫാത്തിമാ സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഉദരഭാഗത്തുനിന്നു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ബുള്ളറ്റ്, തിരുസ്വരൂപത്തിന്‍റെ കിരീടത്തില്‍ കൃതഞ്ജതയായി ചാര്‍ത്തിയിരിന്നു. 1991-ലെ മെയ് മാസത്തില്‍ വധശ്രമത്തിന്‍റെ പത്താം വാര്‍ഷികത്തിലും ഫാത്തിമ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സന്ദര്‍ശനം നടത്തിയിരിന്നു.

നേരത്തെ 2010 മെയ് 12, 13 തിയതികളില്‍ എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ ഫാത്തിമ സന്ദര്‍ശിച്ചിരിന്നു. 1917-ല്‍ മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളുടെ 13ാം തിയതികളിലാണ് പരിശുദ്ധ അമ്മ ലൂസിയ, ജെസ്സീന്താ, ഫ്രാന്‍സിസ് എന്നിവര്‍ക്ക് ദര്‍ശനം നല്‍കിയത്.

ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണത്തെ കുറിച്ചു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക