News

ക്രിസ്തുമസ് ട്രീയില്‍ നിന്നും കുരിശ് നീക്കം ചെയ്ത സംഭവം: നഗരത്തിലെങ്ങും കുരിശ് രൂപങ്ങള്‍ സ്ഥാപിച്ചു വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 22-12-2016 - Thursday

നൈറ്റ്‌സ്ടൗണ്‍: യുഎസിലെ ഇന്ത്യാനയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമായ നൈറ്റ്‌സ്ടൗണിലെ ക്രിസ്തുമസ് ട്രീയില്‍ നിന്നും കുരിശ് എടുത്ത് മാറ്റിയ സംഭവത്തില്‍ ശ്രദ്ധേയമായ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വന്തം ഭവനങ്ങളിലും അലങ്കരിച്ച കുരിശുകള്‍ ഉയര്‍ത്തിയാണ് നഗരവാസികള്‍ നടപടിയോട് പ്രതികരിച്ചത്. 'അമേരിക്കന്‍ സിവില്‍ ലിബെര്‍ട്ടീസ് യൂണിയന്‍' എന്ന സംഘടന ജോസഫ് തോംപ്കിന്‍ എന്ന വ്യക്തിക്കു വേണ്ടി സമര്‍പ്പിച്ച പരാതിയിലാണ് ടൗണ്‍ സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന ക്രിസ്തുമസ് ട്രീയുടെ മുകളില്‍ നിന്നും അലങ്കരിച്ച കുരിശ് നേരത്തെ എടുത്ത് മാറ്റിയത്.

കുരിശ് എടുത്തു മാറ്റുവാന്‍ വന്ന നഗരസഭയിലെ അധികാരികളെയും ജീവനക്കാരെയും പ്രദേശവാസികള്‍ ചേര്‍ന്ന് തടഞ്ഞിരിന്നു. കോടതി വിധി നടപ്പിലാക്കുവാന്‍ സാധിക്കുന്നില്ലെന്നു കാട്ടി നഗരസഭ അധികൃതര്‍ ഇതേ തുടര്‍ന്നു പോലീസിനെ വിളിച്ചുവരുത്തി. പോലീസ് എത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് ക്രിസ്തുമസ് ട്രീയുടെ മുകളില്‍ സ്ഥാപിച്ച കുരിശ് എടുത്തുമാറ്റിയത്.

വിഷയത്തില്‍ ഇനി തങ്ങള്‍ക്കൊന്നും ചെയ്യുവാന്‍ സാധിക്കില്ലെന്ന മനസിലാക്കിയ വിശ്വാസികള്‍ സ്വന്തം ഭവനങ്ങളില്‍ അലങ്കരിച്ച കുരിശുകള്‍ പ്രത്യേകമായി സ്ഥാപിക്കുവാന്‍ തുടങ്ങി. ടൗണ്‍ സ്‌ക്വയറില്‍ നിന്നും ഒരു കുരിശ് എടുത്തു മാറ്റിയപ്പോള്‍, നഗരത്തിന്റെ ഓരോ കോണിലും വിശ്വാസികളുടെ ഭവനങ്ങളിലും കുരിശു രൂപങ്ങള്‍ ഉയര്‍ത്തുവാന്‍ തുടങ്ങി. ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റിന്റെ ആഹ്വാനപ്രകാരമാണ് നഗരവാസികള്‍ ഇത്തരത്തില്‍ ചെയ്യുവാന്‍ ആരംഭിച്ചത്.

"ഒരു കുരിശ് അവര്‍ എടുത്തു മാറ്റി. എന്നാല്‍ നമുക്ക് നിരവധി കുരിശുകള്‍ ഉയര്‍ത്തുവാന്‍ സാധിക്കും. നഗരസഭയുടെ തീരുമാനത്തിന്റെ തെറ്റായ വശത്തേക്കു മാത്രം നോക്കി നമ്മള്‍ ദുഃഖിക്കേണ്ടതില്ല. നമ്മുടെ വീടുകളില്‍ നൂറുകണക്കിന് കുരിശുകള്‍ നമുക്ക് ഉയര്‍ത്താം. ക്രിസ്തുവില്‍ നിന്നും ക്രിസ്തുമസിനെ അടര്‍ത്തിമാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും നാം തടയണം". പ്രതിഷേധത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തങ്ങള്‍ നല്‍കുന്ന നികുതി പണം ഉപയോഗിച്ച് നഗരസഭ ക്രിസ്തുമസ് ട്രീ അലങ്കരിച്ചതിനെയും അതിനു മുകളിലായി കുരിശു സ്ഥാപിച്ചതിനെയുമാണ് പരാതിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്. ഇതേ തുടര്‍ന്നാണ് ക്രിസ്തുമസ് ട്രീയുടെ മുകളില്‍ നിന്നും കുരിശ് എടുത്തുമാറ്റുവാന്‍ നഗരസഭയോട് കോടതി ആവശ്യപ്പെട്ടത്. കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്യുവാനോ, മേല്‍കോടതികളെ സമീപിക്കുവാനോ നഗരസഭ ശ്രമിച്ചിരിന്നില്ല.

ജോസഫ് തോംപ്കിന്റെ ബന്ധുക്കളില്‍ ചിലര്‍ തന്നെ നഗരസഭയുടെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തു വന്നിരിന്നു. "നഗരത്തിന്റെ ഓരോ മൂലകളിലും ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്നെല്ലാം കുരിശ് എടുത്തുമാറ്റുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ". ജോസഫ് തോംപികിന്റെ ബന്ധുവായ മാര്‍ക്ക് തോംപ്കിന്‍ ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചു.

അതേ സമയം കുരിശ് എടുത്ത് മാറ്റിയ സംഭവത്തില്‍ യുഎസില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികാരികളുടെ ഇത്തരം നടപടികള്‍ ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ ഇല്ലാതാകുമെന്ന് ബ്ലോഗ് എഴുത്തുകാര്‍ അഭിപ്രായപ്പെടുന്നു. ട്രംപ് എത്തുന്നതോടെ രാജ്യത്ത് ക്രൈസ്തവ വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യത്തോടെ ക്രിസ്തുമസ് ആഘോഷിക്കുവാന്‍ സാധിക്കുമെന്നും ഒരു വിഭാഗം ആളുകള്‍ പറയുന്നു.