News - 2024

വി. സ്തേഫാനോസിന്റെ രക്തസാക്ഷിത്വം സഭയില്‍ ഇന്നും തുടരുന്നു: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 27-12-2016 - Tuesday

വത്തിക്കാന്‍: ചരിത്രത്തിലെ പ്രഥമ രക്തസാക്ഷിയായ വി. സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വം സഭയില്‍ ഇന്നും തുടരുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ സ്‌തേഫാനോസിന്റെ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പു. തന്റെ പ്രസംഗത്തില്‍ രക്തസാക്ഷികളെ കുറിച്ചും, അവരുടെ മഹത്വത്തെ കുറിച്ചും ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോട് വിശദീകരിച്ചു.

"വിശുദ്ധനായ സ്‌തേഫാനോസ് തന്റെ രക്തസാക്ഷിത്വത്തിലൂടെ നമ്മേ ക്ഷണിക്കുന്നത് സുവിശേഷത്തിന്റെ സാക്ഷികളായി മാറുവാനാണ്. ഇന്നും സഭയില്‍ രക്തസാക്ഷികള്‍ ഉണ്ടാകുന്നു. ക്രിസ്തുവിന്റെ സ്‌നേഹത്തെ പ്രതിയാണ് തങ്ങളുടെ ജീവന്‍ ത്യജിക്കുവാന്‍ ഇവര്‍ക്ക് സാധിക്കുന്നത്. എന്തുകൊണ്ടാണ് ഇന്നത്തെ കാലത്തും ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതെന്ന് നാം ചിന്തിച്ചേക്കാം. ഇതിന് ഒരേ ഒരു കാരണം മാത്രമേ ഉള്ളു".

"യേശു തന്‍റെ ശിഷ്യര്‍ക്കു വാഗ്ദാനം ചെയ്യുന്നത് പീഡനവും സഹനങ്ങളുമാണ്. എന്‍റെ നാമംമൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും എന്ന്‍ അവിടുന്ന് പറഞ്ഞിട്ടുണ്ട്. ലോകം ക്രിസ്ത്യാനികളെ ദ്വേഷിക്കുന്നത്, യേശുവിനെ ദ്വേഷിച്ച അതേ കാരണത്താലാണ്. യേശു ലോകത്തിലേക്കു ദൈവത്തിന്‍റെ പ്രകാശമാണ് കൊണ്ടുവന്നത്. എന്നാല്‍ ലോകമാകട്ടെ, ദുഷ്ടതയെ ഒളിച്ചുവയ്ക്കാനായി ഇരുട്ടിനെ ചേര്‍ത്ത് നിര്‍ത്തി. അവര്‍ പ്രകാശത്തെ വെറുത്തു". പരിശുദ്ധ പിതാവ് പറഞ്ഞു.

ഒന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വഹിച്ചിരുന്നവരിലും അധികം പേരാണ് ഇന്നത്തെ കാലഘട്ടത്തില്‍ ക്രിസ്തുവിനു വേണ്ടി ജീവനെ ത്യജിക്കുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു. റോമില്‍ ആദ്യനൂറ്റാണ്ടില്‍ നടന്ന ക്രൈസ്തവ പീഡനങ്ങള്‍ ഇന്ന് ഇറാഖിലും, സിറിയയിലുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ക്രിസ്തുവിന് ഹൃദയങ്ങളില്‍ ജനിക്കുവാന്‍ അവസരം നല്‍കുന്നവര്‍ അവിടുത്തെ സുവിശേഷത്തെയാണ് തങ്ങളിലേക്ക് സ്വീകരിക്കുന്നതെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

കരിങ്കടലില്‍ തകര്‍ന്നു വീണ റഷ്യന്‍ വിമാനത്തിലെ ആളുകളുടെ ആത്മശാന്തിക്കായി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടുള്ള തന്റെ അനുശോചനവും പാപ്പ തന്റെ പ്രസംഗത്തിന്റെ അവസാനം അറിയിച്ചു. ക്രിസ്തുമസിന്റെ സന്തോഷം പങ്കുവയ്ക്കുവാനും പ്രാര്‍ത്ഥനകള്‍ക്കുമായി വത്തിക്കാനിലേക്ക് എത്തിയ എല്ലാവരോടുമുള്ള തന്റെ നന്ദിയും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. തനിക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു വിശ്വാസികളോട് ആവശ്യപ്പെട്ടാണ് മാര്‍പാപ്പ തന്റെ പ്രസംഗം ഉപസംഹരിച്ചത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »