News - 2018

മോചനശ്രമങ്ങൾ വെറും നാടകമോ? ഫാ.ടോം ഉഴുന്നാലിൽ ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അറിയില്ല

സ്വന്തം ലേഖകന്‍ 29-12-2016 - Thursday

ഗുരുവായൂർ: യെമനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് അറിയില്ല. ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകർ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സർക്കാർ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മറുചോദ്യം ചോദിച്ചത്.

യെമനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മലയാളി വൈദികനാണ് ഫാ.ടോം ഉഴുന്നാലിൽ എന്ന് മാധ്യമപ്രവർത്തർ പറയുകയും പിന്നീട് തൊട്ടടുത്തു നിന്നിരുന്ന ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ഫാ.ടോം ഉഴുന്നാലിലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തപ്പോൾ സർക്കാരിന് എന്തെങ്കിലും വിവരം കിട്ടിയാൽ അന്വേഷിക്കാമെന്ന് രാജ്നാഥ് സിംഗ് മറുപടി പറഞ്ഞു.

ഫാ.ടോമിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സർക്കാർ നടപടികൾ എടുക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കമുള്ള പല നേതാക്കളും പറയുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇതേക്കുറിച്ച് അജ്‌ഞത പ്രകടിപ്പിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഈ മറുപടി മാത്രമല്ല കേന്ദ്ര സർക്കാർ നടത്തുന്ന മോചനശ്രമങ്ങൾ 'വെറും നാടകമോ' എന്ന സംശയത്തിനു കാരണം. ഫാ.ടോമിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടന്നിരിന്നുവെങ്കില്‍ തുടര്‍ച്ചയായി അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഫേസ്ബുക്ക്, യുട്യൂബ് അക്കൗണ്ടുകളെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അധികാരികള്‍ ശ്രമിക്കുമായിരിന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇത്രയധികം പുരോഗമിച്ച ഈ കാലത്ത് ഈ അക്കൗണ്ടുകൾ എവിടെ നിന്ന്‍ ആരാണ് നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തുവാന്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം അതിനു ശ്രമിച്ചില്ല?

ഫാദര്‍ ടോമിനെ രക്ഷപെടുത്താൻ ഇന്ത്യാ ഗവൺമെൻറ് യാതൊന്നും ചെയ്യുന്നില്ലെന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഈ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിന്ന ചിത്രത്തില്‍ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെട്ടിരുന്നു. തന്നെ മോചിപ്പിക്കുവാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള രീതിയിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. കൂടാതെ ഫാദര്‍ ടോമിനെ കണ്ണുകള്‍ കെട്ടി ആരോ മര്‍ദ്ദിക്കുന്നതായുള്ള വീഡിയോയും പുറത്തു വന്നിരുന്നു. എന്നാൽ പിന്നീട് ഫാദര്‍ ടോമിന്റെ ഈ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി

ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി 5 മാസങ്ങളോളം ഫാദര്‍ ടോമിനെ എല്ലാവരും മറന്നു കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുതന്നെ ആർക്കും അറിയില്ലായിരുന്നു. പിന്നീട്, കഴിഞ്ഞ ദിവസം (24/12/2016) തന്നെ മോചിപ്പിക്കാൻ വേണ്ടതു ചെയ്യണമെന്ന അദ്ദേഹത്തിന്റെ യാചനയോടെയുള്ള പുതിയ വീഡിയോ പുറത്തു വന്നിരുന്നു. ഈ വീഡിയോയിൽ തന്നെ തട്ടിക്കൊണ്ടു പോയവർ നിരവധി തവണ അധികാരികളുമായി ബന്ധപ്പെട്ടിട്ടും ആരും ഒന്നും ചെയ്യുന്നില്ല എന്നു കുറ്റപ്പെടുത്തിയിരുന്നു.

ഈ വീഡിയോ സന്ദേശം പുറത്തുവന്നതിനുശേഷം കേന്ദ്ര നേതാക്കൾ വീണ്ടും 'പ്രസ്താവനകളുമായി' രംഗത്തു വന്നിരുന്നു. വിദേശകാര്യ മന്ത്രാലയമാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത് എന്നത് ശരി തന്നെ. എന്നാൽ അന്താരഷ്ട്ര തലത്തിൽ പോലും ഏറെ ശ്രദ്ധേയമായ ഈ വിഷയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്കു അറിയുക പോലുമില്ലങ്കിൽ കേന്ദ്ര മന്തിസഭ ഈ വിഷയത്തിൽ നടത്തുന്ന ഇടപെടൽ എത്രത്തോളം സത്യമാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക