News - 2024

കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 04-01-2017 - Wednesday

വത്തിക്കാന്‍: കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകമെമ്പാടുമുള്ള കത്തോലിക്ക സഭയിലെ ബിഷപ്പുമാര്‍ക്ക് ഇക്കഴിഞ്ഞ ഡിസംബര്‍ 28നു കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തില്‍ എഴുതിയ കത്തിലാണ് പാപ്പ ഇപ്രകാരം ആവശ്യപ്പെട്ടത്. ഇത്തരം മാരകമായ പാപങ്ങള്‍ ചെയ്യുന്നവര്‍, പുരോഹിതരുടെ ഗണത്തില്‍ ഇല്ലെന്ന കാര്യം ബിഷപ്പുമാര്‍ പ്രത്യേകം ഉറപ്പുവരുത്തണമെന്നും പാപ്പ കത്തിലൂടെ ആവശ്യപ്പെടുന്നു.

2013-ല്‍ മാര്‍പാപ്പയായി ചുമതലയേറ്റ സമയം മുതല്‍ ഇത്തരം മാരകപാപങ്ങള്‍ക്കെതിരെ ശക്തമായ നടപടികളാണ് ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചിട്ടുള്ളത്. പുരോഹിതര്‍ കുട്ടികളെ ദുരുപയോഗിച്ച അപൂര്‍വ്വം സംഭവങ്ങള്‍ ചില സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. സമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വളരെ വ്യാപകമായി നടക്കുന്നുണ്ടെന്ന കാര്യവും പാപ്പ തന്റെ കത്തിലൂടെ ചൂണ്ടികാണിച്ചു. ഇത്തരക്കാരോട് വിട്ടുവീഴ്ച്ചകളില്ലാത്ത നടപടികള്‍ തന്നെ സ്വീകരിക്കണമെന്നും മാര്‍പാപ്പ ബിഷപ്പുമാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.

"ഇത്തരം സാഹചര്യങ്ങളോട് മുഖം തിരിച്ചു നിന്നാല്‍ നമുക്ക് ക്രൈസ്തവ മൂല്യങ്ങളുടെ ശരിയായ സന്തോഷം അനുഭവിക്കുവാന്‍ സാധിക്കില്ല. നമ്മുടെ സഹോദരങ്ങളും, കുട്ടികളും കണ്ണീരില്‍ കഴിയുമ്പോള്‍ നമുക്ക് എങ്ങനെ ആ കണ്ണുനീര്‍ കണ്ടില്ലെന്ന് കരുതി മുന്നോട്ട് നീങ്ങുവാന്‍ സാധിക്കും. സഭാ മാതാവ് സമൂഹത്തില്‍ നടക്കുന്ന ഇത്തരം പാപങ്ങളില്‍ മനംനൊന്ത് കണ്ണുനീര്‍ വാര്‍ക്കുകയാണ്. സഭയുടെ മക്കളില്‍ ആരും ഇത്തരം പാപകരമായ സാഹചര്യങ്ങളില്‍ ഉള്‍പ്പെടരുതെന്ന് അവള്‍ അതിയായി താല്‍പര്യപ്പെടുന്നു".

"ഇത്തരം പാപങ്ങള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്ന എല്ലാവരും തന്നെ ഇരകളാക്കപ്പെടുന്ന കുട്ടികളുടെ അസ്ഥിത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. സഭയിലെ അംഗങ്ങള്‍ ആരെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ഇരയാക്കപ്പെട്ടവരോട് ക്ഷമയ്ക്കായി യാചിക്കുന്നു. സഭയില്‍ നിന്നും മാരകമായ ഇത്തരം പാപങ്ങള്‍ തുടച്ചു നീക്കപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തുവാന്‍ നാം ബാധ്യസ്ഥരാണ്". പരിശുദ്ധ പിതാവ് തന്റെ കത്തില്‍ പറയുന്നു.

കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ എഴുത്തില്‍ സൂചിപ്പിച്ചു. നാം ഇന്നു ജീവിക്കുന്ന ലോകത്തില്‍ നേര്‍പകുതി കുട്ടികളും അഞ്ചുവയസിനുള്ളില്‍ തന്നെ വിവിധ പ്രശ്‌നങ്ങള്‍ മൂലം മരണപ്പെടുന്നുണ്ടെന്ന് മാര്‍പാപ്പ ചൂണ്ടികാണിച്ചു. 2016-ല്‍ 150 മില്യണ്‍ കുട്ടികള്‍, ബാലവേലയ്ക്ക് വിധേയരായെന്ന യൂനിസെഫിന്റെ റിപ്പോര്‍ട്ടും ഗൗരവത്തോടെ നാം കണക്കിലാക്കണമെന്നും കത്തിലൂടെ പാപ്പ പറയുന്നു.

2016-നും 2030-നും ഇടയില്‍ അഞ്ചു വയസില്‍ താഴെയുള്ള 69 മില്യണ്‍ കുട്ടികള്‍ മരണപ്പെടുമെന്ന യുഎന്‍ കണക്കും മാര്‍പാപ്പ എഴുത്തില്‍ പരാമര്‍ശിച്ചു. 16 മില്യണ്‍ കുട്ടികള്‍ അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാത്ത അവസ്ഥയിലാണ് കഴിയുന്നതെന്നും പരിശുദ്ധ പിതാവ് ചൂണ്ടികാണിച്ചു. കുട്ടികള്‍ ഇത്രയും പീഡനവും, ദുരിതവും നേരിടുന്ന ഒരു ലോകത്തില്‍ അവര്‍ക്കായി മുതിര്‍ന്നവര്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്ന സന്ദേവും കത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെടുന്നുണ്ട്.


Related Articles »