News - 2025

ഭൂതോച്ചാടകരായ വൈദികരുടെ ആവശ്യം ലോകത്തു വര്‍ദ്ധിച്ചു വരികയാണെന്നു വിദഗ്ധ അഭിപ്രായം

സ്വന്തം ലേഖകന്‍ 07-01-2017 - Saturday

വാഷിംഗ്ടണ്‍: ഭൂതോച്ചാടകരായ വൈദികരുടെ ആവശ്യം ദിനംപ്രതി ലോകത്തു വര്‍ദ്ധിച്ചു വരികയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂതോച്ചാടന രംഗത്തെ പ്രശസ്തര്‍ ആയ വൈദികരും ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തിലെ വിവിധ ഡോക്ടറുമാരും ഭൂതോചാടകരായ വൈദികരുടെ എണ്ണം വര്‍ദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നു. പൈശാചികമായ ശക്തികള്‍ ദിനംപ്രതി വിവിധ തരങ്ങളില്‍ മനുഷ്യരിലേക്ക് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനെ കണക്കിലെടുത്തു അനേകം വൈദികര്‍ ഭൂതോച്ചാടന രംഗത്തേക്ക് കടന്ന്‍ വരണമെന്ന്‍ പ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ വിന്‍സെന്റ് ലാംമ്പേര്‍ട്ട് നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.

ഭൂതോച്ചാടനത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഏറെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തിലെ ഡോക്ടറായ റിച്ചാര്‍ഡ് ഗലാഗ്ഹര്‍ പറയുന്നു. "ആഗോള തലത്തില്‍ ഭൂതോച്ചാടനം നടത്തുന്ന വൈദികരുടെ എണ്ണത്തില്‍ കൃത്യമായ കണക്ക് ഇപ്പോള്‍ വത്തിക്കാന്റെ കൈവശമില്ല. എന്നിരുന്നാലും ഭൂതോച്ചാടകരായ വൈദികരുടെ ആവശ്യം വളരെ കൂടുതലാണെന്ന് യുഎസിലെ മാത്രം ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎസില്‍ വിവിധ ബിഷപ്പുമാര്‍ ഭൂതോച്ചാടകരായ 50-ല്‍ പരം വൈദികരെ സ്ഥിരമായി നിയമിച്ചിരിക്കുകയാണ്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ എണ്ണം വെറും 12 ആയിരുന്നു. ഇതില്‍ നിന്നും തന്നെ പ്രശ്‌നത്തിന്റെ ഗുരുതര സ്വഭാവം വ്യക്തമാണ്".

2016 ഒക്ടോബര്‍ മാസം വത്തിക്കാനില്‍ നടന്ന ഭൂതോച്ചാടകരായ വൈദികരുടെ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 400 വൈദികരാണ് പങ്കെടുത്തത്. ഭൂതോച്ചാടനത്തിലേക്ക് കൂടുതല്‍ വൈദികരെ എങ്ങനെ എത്തിക്കാം എന്നതാണ് സമ്മേളനം മുഖ്യമായും ചര്‍ച്ച ചെയ്തത്. സമ്മേളനത്തില്‍ പ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ വിന്‍സെന്റ് ലാംമ്പേര്‍ട്ട് പറഞ്ഞ വിവരങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

ആധുനിക കാലഘട്ടത്തില്‍ സാത്താന്‍ മനുഷ്യരുടെ ഉള്ളിലേക്ക് കടക്കുന്നത്, പുതിയ തരം തിന്മകളുടെ സ്വാധീനത്തിലൂടെയാണ്. ലഹരിയും നീലചിത്രങ്ങളുമാണ് സാത്താന്‍ ഇതിനായി കൂടുതലായി ഉപയോഗിക്കുന്നത്. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സൈനികന് യുദ്ധമുഖത്ത് വച്ച് പരിക്കേല്‍ക്കുമ്പോള്‍ നല്‍കുന്ന പ്രാഥമിക ശുശ്രൂഷ പോലെ വേണം ഭൂതോച്ചാടനത്തെ കണക്കിലെടുക്കുവാന്‍. പലപ്പോഴും ഇത്തരം ചികിത്സകള്‍ ലഭിക്കാത്തതുമൂലമാണ് പരിക്കേല്‍ക്കുന്ന ഒരു സൈനികന്‍ യുദ്ധമുഖത്ത് വേഗം മരണപ്പെടുന്നത്. ഇതിന് സമാനമാണ് പിശാചിന്റെ ആക്രമണം. സാത്താന്റെ ആക്രമണം നേരിടുന്ന ഓരോ വ്യക്തിക്കും ഭൂതോച്ചാടകന്റെ സഹായം വളരെ അത്യാവശ്യമാണ്. ഫാദര്‍ വിന്‍സെന്റ് ലാംമ്പേര്‍ട്ട് വിശദീകരിച്ചു.

ന്യൂയോര്‍ക്കില്‍ ചാപ്ലിനായി സേവനം ചെയ്യുന്ന ഫാദര്‍ മാര്‍ക്കോ ക്യൂനോനസും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിക്കുന്നത്. ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍ സാത്താനോട് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷമാണ് അത് വില്‍ക്കുവാന്‍ തെരുവിലേക്ക് ഇറങ്ങുന്നത്. ലഹരി വില്‍പ്പനക്കാരില്‍ ഭൂരിഭാഗവും സാത്താന്‍ ആരാധകരാണ്. വിശ്വാസികള്‍ ഇത്തരം മേഖലകളില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തണമെന്നതിലേക്കാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പൈശാചിക ആക്രമണത്തെ കുറിച്ചു പറഞ്ഞ വാക്കുകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. "സാത്താന്‍ അവന്റെ ആധിപത്യം നടത്തുന്നത് ഭൗതീക വസ്തുക്കളില്‍ മാത്രമല്ല. പലപ്പോഴും മനുഷ്യരുടെ ആത്മാവിനെ തന്നെ അവന്‍ പിടിച്ചെടുക്കുന്നു. പൈശാചികമായ ആധിപത്യമാണിത്". സമാനമായ നിരീക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പയും നടത്തിയിരിന്നു. "ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാത്താന്‍ ഉണ്ടോയെന്ന്‍ എന്ന് ചോദിക്കുന്നവര്‍ കാണും. ഉണ്ടെന്നതാണ് സത്യം. പിശാച് എല്ലായ്‌പ്പോഴും ലോകത്തിലുണ്ട്". ഇത്തരം നിരീക്ഷണങ്ങള്‍ എല്ലാം തന്നെ വിരല്‍ ചൂണ്ടുന്നത് ഭൂതോച്ചാടനത്തിന്റെ പ്രസക്തിയിലേക്കാണ്.


Related Articles »