News - 2024

നൈജീരിയായിലെ ക്രൈസ്തവ ഗ്രാമത്തില്‍ മുസ്ലീം ഗോത്രവിഭാഗം നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 11-01-2017 - Wednesday

അഡമാവ: മുസ്ലീം ഗോത്രവര്‍ഗ വിഭാഗമായ ഫുലാനി ഹെഡ്‌സ്‌മെന്‍ ക്രൈസ്തവ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ നൈജീരിയായിലെ അഡമാവ സംസ്ഥാനത്തിലെ ക്വയീന്‍ എന്ന ഗ്രാമത്തിലെ ആളുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആറു പോലീസ് ഉദ്യോഗസ്ഥരും നാല് ഗ്രാമീണരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് 'ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' എന്ന സംഘടന അറിയിച്ചു. ഇക്കഴിഞ്ഞ ഏഴാം തീയതി ഉച്ചക്ക് രണ്ടുമണിയോടെയാണ് ഫുലാനികള്‍ ക്രൈസ്തവ ഗ്രാമത്തിന് നേരെ ആക്രമണം നടത്തിയത്.

പുതുവര്‍ഷ ദിവസത്തിന്റെ തലേരാത്രി ഗ്രാമത്തിലേക്ക് ആക്രമണം നടത്തുവാന്‍ ശ്രമിച്ച ഗോത്രവര്‍ഗത്തെ സുരക്ഷാ ഉദ്യോഗസ്ഥരും ഗ്രാമവാസികളും ചേര്‍ന്നു നടത്തിയ ചെറുത്തുനില്‍പ്പിലൂടെ ആക്രമണത്തില്‍ നിന്നും പിന്‍തിരിപ്പിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് ഒരാഴ്ച്ച തികയും മുമ്പാണ് ഫുലാനികള്‍ ക്രൈസ്തവ ഗ്രാമത്തിന് നേരെ പട്ടാപകല്‍ ആക്രമണം നടത്തുന്നത്. മുസ്ലീം ഗോത്ര വിഭാഗത്തിന്റെ ആക്രമണം സ്ഥിരമായി നേരിടുന്നതിനാലാണ് ഗ്രാമത്തിന്റെ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിന്നത്.

"ഉച്ചതിരിഞ്ഞ സമയത്തു അപ്രതീക്ഷിതമായ ആക്രമണമാണ് ഫുലാനികള്‍ നടത്തിയത്. ഗ്രാമീണരെ വേട്ടയാടിയ അവര്‍, ഭവനങ്ങള്‍ക്ക് തീയിട്ടു. ഭാഗ്യത്തിനാണ് ജീവനോടെ അവിടെ നിന്നും രക്ഷപെടുവാന്‍ സാധിച്ചത്. ഗ്രാമത്തിലെ ആരെയൊക്കെ അവര്‍ കൊലപ്പെടുത്തിയെന്നതിനെ കുറിച്ച് എനിക്ക് ഒരു വിവരവുമില്ല". ഗ്രാമീണനായ ഒരാള്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിനോട് പറഞ്ഞു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയായുടെ യുവജനവിഭാഗം ചെയര്‍മാന്‍ അജീനി ഡിലോ ആക്രമണത്തെ ശക്തമായി അപലപിച്ചു.

"വടക്കന്‍ നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. രാജ്യത്തെ ക്രൈസ്തവരെ മുസ്ലീം ഗോത്രത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു സാധിക്കാത്തത് ഏറെ പ്രതിഷേധാര്‍ഹമാണ്". അജീനി ഡിലോ പറഞ്ഞു. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ റീജിയണല്‍ മാനേജറായ ഡാനിയേല്‍ ഹാരിസും നൈജീരിയായിലെ ക്രൈസ്തവരോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. ക്രൈസ്തവരെ മൃഗീയമായി കൊലപ്പെടുത്തുന്ന നിലപാടില്‍ കഴിഞ്ഞ ഞായറാഴ്ച ദേശവ്യാപകമായി ദുഃഖാചരണം നടത്തിയിരുന്നു.


Related Articles »