News - 2025

പരദൂഷണം പറയാൻ പ്രലോഭനമുണ്ടാകുമ്പോൾ നാവിനെ കടിച്ചുപിടിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 16-01-2017 - Monday

വത്തിക്കാന്‍ സിറ്റി: പരദൂഷണം പറയുന്ന സ്വഭാവമുള്ള വിശ്വാസികള്‍, തങ്ങളുടെ നാവിനെ പൂര്‍ണ്ണമായും അടക്കി നിര്‍ത്തുവാന്‍ കര്‍ശനമായ പരിശീലനം നേടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി റോമിലെ സാന്താ മരിയ ദൈവാലയത്തില്‍ എത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് പരിശുദ്ധ പിതാവ് പരദൂഷണവും, നുണയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തിയായി രംഗത്തു വന്നത്.

"നമ്മുടെ ഇടയില്‍ നിരവധിയായ പാപങ്ങളുണ്ട്. ചതി, പക, അസൂയ തുടങ്ങി ഇതിന്റെ പട്ടിക നീളുന്നു. പരദൂഷണം പറയുന്നത് മാരകമായ ഒരു പാപമാണ്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സ്വന്തം നാവിനെ കടിച്ചു പിടിക്കണം. രഹസ്യത്തില്‍ മറ്റൊരാളെ കുറിച്ച് തെറ്റായി സംസാരിക്കുന്നത് തീരെ ശരിയല്ല. വിശ്വാസികളുടെ ഇടയില്‍ ഇത്തരം പാപങ്ങള്‍ അനുദിനം പെരുകുകയാണ്. ഇതിനെ നാം മാറ്റേണ്ടിയിരിക്കുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു.

"ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" എന്നു ക്രിസ്തുവിനെ കുറിച്ച് വിശുദ്ധ സ്നാപക യോഹന്നാന്‍ പറയുന്ന ഭാഗത്തെയാണ് പാപ്പ തന്റെ പ്രസംഗത്തിന് ആധാരമായി സ്വീകരിച്ച ബൈബിള്‍ വാക്യം. യോഹന്നാന്റെ ഈ വലിയ സാക്ഷ്യമാണ് നമുക്ക് ദൈവത്തെ കൂടുതലായി വെളിപ്പെടുത്തി നല്‍കുന്നതെന്നു പാപ്പ പ്രസംഗത്തില്‍ പറഞ്ഞു. തികച്ചു സാധാരണക്കാരായ ശിഷ്യന്‍മാരാണ് ദൈവത്തിന്റെ സാക്ഷികളായതെന്ന കാര്യവും പരിശുദ്ധ പിതാവ് ചൂണ്ടികാണിച്ചു.

"ക്രിസ്തുവിനു സാക്ഷ്യം വഹിച്ച അപ്പോസ്‌ത്തോലന്‍മാര്‍ തികച്ചും സാധാരണക്കാരായ മനുഷ്യരായിരിന്നു. നമ്മളെ പോലെ എല്ലാ കുറവുകളും അവര്‍ക്കുണ്ടായിരുന്നു. തങ്ങളില്‍ ആരാണ് ഏറ്റവും മികച്ചതെന്ന തര്‍ക്കം അവര്‍ക്കിടയില്‍ നടന്നിരുന്നു. പലപ്പോഴും അവര്‍ പലതിനേയും ഭയന്നിരുന്നു. സാക്ഷാല്‍ പത്രോസ് തന്നെ ക്രിസ്തുവിനെ ഭയം മൂലം പരസ്യമായി തള്ളി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ട ഈ മനുഷ്യര്‍ക്ക് എങ്ങനെയാണ് ദൈവത്തിന്റെ വലിയ സാക്ഷികളാകുവാന്‍ സാധിച്ചത്. ഇതിന് കാരണം ഒന്നേയുള്ള. അവിടുത്തെ പുനരുത്ഥാനത്തിന് അവര്‍ സാക്ഷ്യം വഹിച്ചു".

"ക്രിസ്തുവിന്റെ സാക്ഷിയായി ജീവിക്കുന്നവര്‍ എല്ലാവരും വിശുദ്ധരാകണം എന്ന് പറയുന്നില്ല. സാധാരണ ജീവിതം നയിക്കുന്നവര്‍ക്കും അവിടുത്തെ സാക്ഷികളായി മാറാം. ഇതിന് ചെയ്യേണ്ടത് ചെറിയ ചെറിയ കാര്യങ്ങള്‍ മാത്രമാണ്. താന്‍ ഒരു പാപിയാണെന്നും, ക്രിസ്തുവാണ് തന്നെ രക്ഷിച്ചതെന്നുമുള്ള ചിന്ത കടന്നു വരണം. എല്ലാ ദിവസവും നന്മ പ്രവര്‍ത്തിക്കുവാന്‍ ആരംഭിക്കുമെന്ന് പ്രതിജ്ഞയെടുക്കണം. ജീവിതത്തെ നവീകരിക്കുവാനുള്ള നടപടികള്‍ ഓരോ ദിവസവും സ്വീകരിക്കുമെന്ന് തീരുമാനിക്കണം". പരിശുദ്ധ പിതാവ് വിശദീകരിച്ചു.

ഒരാള്‍ക്ക് മറ്റൊരാളെ സംബന്ധിക്കുന്ന ഒരു പരാതിയോ, പരിഭവമോ ഉണ്ടെങ്കില്‍ അത് പ്രസ്തുത വ്യക്തിയോട് നേരില്‍ പറയുകയോ, ഇടവകയിലെ പുരോഹിതനെ അറിയിക്കുകയോ ആണ് ചെയ്യേണ്ടതെന്നും മാര്‍പാപ്പ വിശ്വാസ സമൂഹത്തേ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ആരുടെയും കുറ്റങ്ങള്‍ മറ്റു വ്യക്തികളോട് പറയില്ല എന്ന തീരുമാനം നാം സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.


Related Articles »