News - 2025
സ്വന്തം കുറവുകള്‍ തുറന്നു പറയുന്ന വൈദികരോട് വിശ്വാസികള്‍ കൂടുതല്‍ അടുപ്പം കാണിക്കുന്നതായി പഠനം
സ്വന്തം ലേഖകന്‍ 24-01-2017 - Tuesday
വാര്‍സോ: തങ്ങളുടെ കുറവുകളെ കുറിച്ച് തുറന്നു പറയുവാന്‍ മനസ്സുകാണിക്കുന്ന വൈദികര്‍ക്ക്, മികച്ച രീതിയില്‍ വിശ്വാസികളെ ഒരുമയോടെ കൊണ്ടുപോകുവാന്‍ സാധിക്കുമെന്ന് പഠനം. ഒട്ടുമിക്ക വൈദികര്‍ക്കും തങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് ജനങ്ങളോട് തുറന്നു പറയുവാന്‍ മടിയാണെന്നും പഠനം തെളിയിക്കുന്നു. എന്നാല്‍ തങ്ങളും വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് വിശ്വാസികളോട് തുറന്നു പറയുന്ന വൈദികരോട്, തങ്ങളുടെ ദുഃഖങ്ങള്‍ ജനങ്ങളും പങ്കുവയ്ക്കാറുണ്ടെന്നും, ഇതു മൂലം മികച്ച ബന്ധമാണ് ഇത്തരം വൈദികരുമായി വിശ്വാസികള്‍ക്ക് ഉള്ളതെന്നും പഠനം തെളിയിക്കുന്നു.
ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി തുടരുന്നതില്‍, പ്രതികൂലങ്ങളായ പല സാഹചര്യങ്ങളും പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത വൈദികര്‍ പറയുന്നു. സമൂഹം വൈദികരെ സംബന്ധിക്കുന്ന ചില ധാരണകള്‍ വച്ചു പുലര്‍ത്താറുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതിനെ കുറിച്ചും വൈദികര്‍ ഏറെ ബോധവാന്‍മാരാണെന്നു പോളണ്ടിലെ വൈദികരില്‍ നടത്തിയ പഠനം തെളിയിക്കുന്നു. 32 വയസിനും 75 വയസിനും ഇടയില്‍ പ്രായമുള്ള രൂപതാ പട്ടക്കാരായ വൈദികരിലാണ് പഠനം നടത്തിയത്.
"ഒരു വൈദികന്‍ വിശുദ്ധ ബലി അര്‍പ്പിക്കണം, സാധാരണ ഭക്ഷണം കഴിക്കണം, വിശ്വാസികളുടെ കുമ്പസാരങ്ങള്‍ കേള്‍ക്കണം, പ്രാര്‍ത്ഥനകള്‍ നടത്തണം. ഇത്രയുമാണ് വൈദികരെ കുറിച്ച് പൊതു സമൂഹം ആഗ്രഹിക്കുന്നത്. സാമൂഹിക ബന്ധങ്ങളില്‍ നിന്നും ഒരുപടി അകുന്നു മാത്രമേ വൈദികര്‍ നില്‍ക്കാവു എന്ന് വലിയ ഒരു വിഭാഗം കരുതുന്നു. ഒരു സ്ത്രീയോടൊപ്പം സംസാരിച്ച് പൊതു സ്ഥലത്ത് നടക്കുവാന്‍ പോലും വൈദികരെ കുറിച്ച് ജനം ആഗ്രഹിക്കുന്നില്ല. എന്റെ സഹോദരിയുടെ കൂടെ ഒരിക്കല്‍ റോഡിലൂടെ ഞാന്‍ നടന്നു പോയപ്പോള്‍ ഒരു വിഭാഗം ആളുകള്‍ എന്നെ കുറിച്ച് മോശം സംസാരം നടത്തി. കൂടെയുള്ളത് എന്റെ സഹോദരിയാണെന്ന് അവര്‍ തിരിച്ചറിയുന്നതേയില്ല". പഠനത്തില്‍ പങ്കെടുത്ത ഒരു വൈദികന്റെ വാക്കാണിത്.
ബയോളിയന്‍ സര്‍വകലാശാലയിലെ പീറ്റര്‍ ഹില്‍ വൈദികരെ കുറിച്ച് നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. "തങ്ങള്‍ക്കും പരിമിതികള്‍ ഉണ്ടെന്നും, വിശ്വാസികള്‍ അനുഭവിക്കുന്ന പല പ്രശ്‌നങ്ങളും തങ്ങളും നേരിടുന്നുണ്ടെന്നും അവര്‍ തുറന്നു പറയുന്നത് ഏറെ നല്ലതാണ്. ഞങ്ങളെപ്പോലെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരാള്‍ക്ക് അതിന് പരിഹാരം കാണുവാന്‍ സാധിക്കുമെന്ന ചിന്തയാണ് വിശ്വാസികളില്‍ ഈ പ്രവര്‍ത്തി സൃഷ്ടിക്കുക". പീറ്റര്‍ ഹില്‍ പറയുന്നു.