News

യഹൂദ സമൂഹത്തിന്റെ ക്ഷണം സ്വീകരിച്ച് മാർപാപ്പ സിനഗോഗ് സന്ദ൪ശനത്തിന് ഒരുങ്ങുന്നു

അഗസ്റ്റസ് സേവ്യ൪ 19-11-2015 - Thursday

ഫ്രാൻസിസ് മാർപാപ്പയ്ക്ക് റോമിലെ യഹൂദസമുദായത്തിലെ മുഖ്യ പുരോഹിതനായ റിക്കാർഡോ ഡി. സെഗ്നിയിൽ നിന്നും ദേവാലയ സന്ദർശനത്തിന് ക്ഷണം ലഭിച്ചതായി   വത്തിക്കാൻ അറിയിച്ചു. ക്ഷണം മാർപാപ്പ സ്വീകരിച്ചു.

1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്    യഹൂദ ദേവാലയ സന്ദർശനം നടത്തി ചരിത്രം സൃഷ്ടിച്ച ആദ്യത്തെ മാർപാപ്പ . പിന്നീട് 2010-ൽ ബനഡിക്ട് 16 ാം മാർപാപ്പ യഹൂദ ദേവാലയം സന്ദർശിച്ചിരുന്നു.  അവിടം  സന്ദർശിക്കുന്ന മൂന്നാമത്തെ  മാർപാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. 2016 ജനുവരി  17-ാം തീയതിയാണ് മാർപാപ്പയുടെ സന്ദർശനം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ക്രൈസ്തവ - യഹൂദ പുനരേകീകരണത്തിന്‍റെ 20-ാം വാർഷികമായ  ജനുവരി 17   ഇപ്പോഴും ഇറ്റലിയിൽ അനുസ്മരിക്കപ്പെടുന്ന  ദിനം കൂടിയാണ്.

ക്രൈസ്തവരും യഹൂദരുമായുള്ള ചരിത്രപരമായ ബന്ധം പുതുക്കാനും ക്രൈസ്തവ വിശ്വാസത്തിന്റെ യഹൂദീയ വേരുകൾ ഓർമ്മിക്കാനും ഒരവസരം കൂടിയാണ് ഇത്.

പിതാവ്  ബ്യൂണസ്അയേർസിൽ ആർച്ചുബിഷപ്പായിരുന്നപ്പോൾ മുതൽ, അദ്ദേഹം ക്രൈസ്തവ - യഹൂദ ബന്ധങ്ങളുടെ സമന്വയത്തിനു വേണ്ടി ശ്രമിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം, തന്റെ യഹൂദ സുഹൃത്ത് അബ്രഹാം സ്ക്കോർക്ക എന്ന അർജന്റീനയിലെ റാബിയുമൊത്ത്, "On  Heaven  and  Earth" എന്ന പുസ്തകം രചിക്കുകയുണ്ടായി. അതിൽ ,ഇരുവരും ചേർന്ന് ക്രൈസ്തവ - യഹൂദ ജീവിത വീക്ഷണങ്ങൾ പങ്കുവെച്ചിരിന്നു. ഇവരുടെ സാമൂഹ്യവും മതപരവുമായ ചർച്ചകളിൽ 31- എണ്ണം അർജന്റീനയിലെ ദൃശ്യ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തിട്ടുമുണ്ട്.

"ഞങ്ങളുടെ പരസ്പര സഹകരണത്തിന്റെ ഫലങ്ങൾ, ഞങ്ങൾ ജനങ്ങൾക്ക് നൽകുന്നു." "നമ്മുടെ കാലഘട്ടത്തിന്റെ പല പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി സുവിശേഷത്തിലുണ്ട്."

"പിതാവ് തന്റെ ദൈനംദിന പ്രഭാഷണങ്ങളിലൂടെയും, ഉപമകളിലൂടെയും വിശ്വാസികൾക്ക് ഈ പ്രതിവിധിയാണ് പകർന്നു നൽകുന്നത്. "റബ്ബി വ്യക്തമാക്കി.

അർജന്റീനയിൽ റബ്ബിയുമൊത്ത് അദ്ദേഹം രചിച്ച പുസ്തകത്തിലും ഈ ചിന്തകളുടെ നാമ്പുകൾ കാണാം.