Monday Mirror

യേശു നാമത്തിൽ മരിച്ചവരെ ഉയിർപ്പിച്ച അത്ഭുതങ്ങൾ കത്തോലിക്കാ സഭയിൽ: Part 1

ജേക്കബ് സാമുവേൽ 23-11-2015 - Monday

പണ്ഡിതരും വയോധികരുമായ ആദിമ പിതാക്കന്മാർ ജീവിച്ചിരിക്കുന്നത്, ഒരിക്കലും സമാധാനകാലത്തല്ലായിരുന്നു; മറിച്ച്, സഭയെ പറ്റി വാശിയേറിയ വാദ പ്രതിവാദങ്ങളും കടുത്ത എതിർപ്പുകളും നടമാടിയിരിന്ന കാലത്തായിരുന്നു. ഇക്കാലത്ത് ഉള്ളത് പോലെ, സംശയമനോഭാവത്തോടെ എല്ലാത്തിനെയും നോക്കി കാണുന്ന അനേകം ആള്‍ക്കാര്‍ അന്നും ഉണ്ടായിരുന്നു. നിരീശ്വരവാദികളുടെയും, ക്രൈസ്തവ അവിശ്വാസികളുടെ പോലും, മാനസികാവസ്ഥ വിശുദ്ധ ഗ്രിഗറി വളരെ ആധികാരികവും കാലാതീതവുമായ ശൈലിയിൽ വിവരിക്കുന്നുണ്ട്. അത്ഭുതങ്ങൾ അസാദ്ധ്യമാണെന്ന അബദ്ധധാരണയുമായി സത്യത്തിൽ നിന്നും ഒളിച്ചോടി പോകുന്നവരെയാണ്‌ അദ്ദേഹം തുറന്ന് കാണിക്കുന്നത്.

കാർഡിനൽ ന്യൂമാൻ ചൂണ്ടിക്കാണിക്കുന്നത് പോലെ, തങ്ങളുടെ ഇടയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അത്ഭുതങ്ങൾ സഹക്രിസ്ത്യാനികൾ ശരിക്കും മനസ്സിലാക്കുന്നുണ്ടന്നാണ്‌ സഭയിലെ പണ്ഡിതന്മാരും ആദിമപിതാക്കന്മാരും കരുതിയിരുന്നത്. അത് കൊണ്ട്, തങ്ങളുടെ പ്രസംഗത്തില്‍ ഈ സംഭവങ്ങളെപ്പറ്റി സഭാ നേതാക്കൾ സൂചിപ്പിക്കുകയല്ലാതെ, അവ തെളിവ് സഹിതം വിശദീകരിക്കണമെന്ന് അവര്‍ ഉദ്ദേശിച്ചിരിന്നതെയില്ല. അവർ സ്വന്തം ജനത്തോടാണല്ലോ സംസാരിക്കുന്നത്; ഭൂതങ്ങളെ പുറത്താക്കിയതും, അത്ഭുതരോഗ സൗഖ്യം സംഭവിച്ചതും, മരിച്ചവർ ജീവിച്ചതു പോലും, “എല്ലാവർക്കും” അറിവുള്ള കാര്യങ്ങളായതിനാൽ, അതിനെ എടുത്തു കാണിക്കാന്‍ അവര്‍ ശ്രമിച്ചില്ല.

ഈ ആദിമ നൂറ്റാണ്ടുകളിലാണ്‌, മരുഭൂമിയിൽ ജീവിച്ചിരുന്ന മക്കാറിയസ് എന്ന മിസ്രയിംകാരനായ ഒരു സന്യാസവര്യൻ തന്‍റെ തൊണ്ണൂറാമത്തെ വയസ്സിൽ മരിച്ചശേഷം ഒരാള്‍ക്ക് പുനർജീവനം നല്കിയ സംഭവം നടന്നത്. വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനം, പൈശാചിക ബന്ധനങ്ങളില്‍ നിന്നുമുള്ള വിടുതല്‍, ഭാവിയേകുറിച്ചുള്ള പ്രവചനം എന്നീ വിഷയങ്ങളിൽ പ്രത്യേക വരസിദ്ധി ഉണ്ടായിരുന്ന ഭക്തനായിരുന്നു മക്കാറിയസ്. യോഹന്നാൻ എന്ന തന്‍റെ ശിഷ്യന്റെ ഭാവി അദ്ദേഹം മുൻകൂട്ടി പ്രസ്താവിച്ചു. യോഹന്നാൻ ഒരു ദുരാഗ്രഹ മനസ്ഥിതിയുള്ള ആളായിരുന്നു. ധനത്തിനോട് ആർത്തിയുള്ള ഈ ദുസ്വഭാവം മാറ്റിയില്ലങ്കിൽ എലീഷാ പ്രവാചകന്റെ ഭൃത്യനായിരുന്ന ഗേഹസിക്ക് കിട്ടിയത് പോലുള്ള ശിക്ഷ ഒരിക്കൽ യോഹന്നാനും കിട്ടുമെന്ന് മക്കാറിയസ് പ്രവചിച്ചു. അപ്രകാരം തന്നെ, പിൽക്കാലത്ത് യോഹന്നാൻ കുഷ്ഠം ബാധിച്ച് മരിച്ചു.

A.D.420-ല്‍ മരുപ്രദേശങ്ങളിലൂടെ ധാരാളം സഞ്ചരിച്ച്, അനേകം വിജനവാസക്കാരായ സന്യാസികളുമായി ഈജിപ്റ്റ്കാരൻ മക്കറിയസ് ഇടപെട്ടിട്ടുടെണ്ടന്നു എഴുത്തുകാരനായ പലേഡിയസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുനരുദ്ധാനത്തിൽ വിശ്വാസമില്ലായിരുന്ന ഒരു വിജാതീയൻ ഉണ്ടായിരുന്നു. അവനെ ബോധ്യപ്പെടുത്താനായി മക്കാറിയസ് ഒരു മരിച്ച് ആളിന്‌ ജീവൻ നൽകി. ഈ അത്ഭുത വാർത്ത മരുഭൂമിയിലങ്ങോളമിങ്ങോളം സംസാരവിഷയമായി. ‘The Lausiac History’ എന്ന പലേഡിയസിന്റെ രചനകളിലാണ്‌ മേൽ വിവരിച്ച് സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്. ( Palladius-ന്റെ ആദ്യ കയ്യെഴുത്ത് പ്രതി എഴുതാൻ ആവശ്യപ്പെട്ടത് ‘Lausus'-എന്ന ധനികനായ മഠാധിപതിയായിരുന്നു. അങ്ങനെയാണ്‌ അതിന്‌'Lausiac History’ എന്ന പേര്‌ ലഭിച്ചത്.)

യേശുവിന്റെ നാമത്തില്‍ മരിച്ചവരെ ഉയിർപ്പിച്ച മറ്റൊരു വ്യക്തിയായിരുന്നു സഭയുടെ മെത്രാനും തത്ത്വജ്ഞാനിയുമായ പോയിറ്റ്യേഴ്സിലെ വിശുദ്ധ ഹിലാരി(315-368). ആര്യന്മാരെ വളരെ ശക്തമായി എതിർത്ത ഒരാള്‍ കൂടിയായിരിന്നു വിശുദ്ധ ഹിലാരി. പരിശുദ്ധ ത്രിത്ത്വത്തെപ്പറ്റി, പ്രത്യേകിച്ച്, പുത്രനെപ്പറ്റി, അഴത്തിലും ആകർഷകവുമായി എഴുതിയ ആളാണ്‌ അദ്ദേഹം. തന്‍റെ വിശ്വാസത്തില്‍ മുറുകെപിടിച്ചു ക്രിസ്തുവിനെ പിഞ്ചെലിയതിനെ തുടര്‍ന്നു അന്നത്തെ ചക്രവർത്തി, ഹിലാരിയെ ഗോളിൽ നിന്നും വിദൂര കിഴക്കൻ നാടായ ഫ്രൈജിയായിലേക്ക് നാടുകടത്തുകയും ചെയ്തു.

അവിടെ വച്ച് അദ്ദേഹം ധാരാളം എഴുതുകയും, ഒരു മരിച്ച മനുഷ്യനെ ഉയർപ്പിക്കുകയും മറ്റനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. തങ്ങളുടെ മതചിന്തകളെ ഹിലാരി അടിച്ചു തകർക്കുന്നുവെന്നറിഞ്ഞപ്പോൾ, കിഴക്കൻ സാമ്രാജ്യത്തിലുള്ള ആര്യന്മാർ വിഷണ്ണരായി. ഈ സമയത്ത് കോൺസ്റ്റാൻഷിയസ് ചക്രവർത്തി അദ്ദേഹത്തെ തിരികെ ഫ്രാൻസിലേക്കയച്ചു; പോയിറ്റ്യേഴ്സിലെ ജനങ്ങൾ അദ്ദേഹത്തെ ഹർഷാരവത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇവിടെ വച്ച്, വി.ഹിലാരി മാമോദീസാക്ക് മുമ്പ് മരണമടഞ്ഞ ഒരു കുഞ്ഞിന്‌ പുനര്‍ജീവൻ നൽകി.

ഇതേ വിശുദ്ധ ഹിലാരി തന്നെയാണ്‌ മഹാനായ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ പ്രചോദനവും ആത്മീയ ഗുരുവും. മരിച്ചവരെ ജീവിപ്പിക്കുന്ന കാര്യം സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിശയകരമാണെങ്കില്‍ കൂടി ഇതിനെ ഒരു സാധാരണ സംഭവമായി മാത്രമേ , ആദിമ വിശുദ്ധർ, പ്രത്യേകിച്ച്, മെത്രാന്മാർ കണ്ടിരിന്നുള്ളൂ. ഇവരുടെ ഈ അറിവും അനുഭവവും പിന്തുടർച്ചക്കാരായി വരുന്നവരുടെ വിശ്വാസത്തെ ശാക്തീകരിക്കുകയും പ്രോൽസാഹിപ്പിക്കപ്പെടുകയും ചെയ്തു എന്നത് വലിയ ഒരു സത്യമാണ്.

ഇങ്ങനെയിരിക്കെ, ഇതേ കാലഘട്ടത്തിൽ, വേറൊരു അത്ഭുതം ‘വിശുദ്ധനാട്ടിൽ’ ആവിർഭവിച്ചു. ഇതു സംഭവിച്ചത്, കോൺസ്റ്റാൻറ്റിന്റെ മാതാവായ വിശുദ്ധ ഹെലിനാ ചക്രവർത്തിനി (250-330) 'യേശു മരിച്ച കുരിശ്' അന്വഷിച്ച് പുറപ്പെട്ടപ്പോഴാണ്. മിൽമിയാൻ ബ്രിഡ്ജ് യുദ്ധത്തില്‍ എര്‍പ്പെട്ടു കൊണ്ടിരിക്കെ, പ്രകാശപൂരിതമായ ഒരു കുരിശ് അദ്ദേഹം ആകാശത്ത്കണ്ടു; "In hoc signo vinces!- ഈ അടയാളത്താൽ, നീ വിജയിക്കും" എന്ന വാക്കുകൾ അദ്ദേഹം കുരിശിൽ ദർശിച്ചു. അങ്ങനെയാണ് ക്രിസ്ത്യാനികൾക്ക് സ്വന്തം വിശ്വാസത്തിന് അനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകികൊണ്ട് ചക്രവർത്തി പ്രസിദ്ധമായ മിലാൻ വിളംബരം പുറപ്പെടുവിച്ചത്.

അങ്ങനെ ക്രിസ്തുമതം സ്വീകരിച്ചതിന്ശേഷം, അല്പം കഴിഞ്ഞപ്പോഴാണ്, ഹെലീനാരാജ്ഞി സത്യകുരിശ് കണ്ടെത്താനായി ജെറുസലേമിലേക്ക് യാത്രതിരിക്കുന്നത്. അങ്ങനെയാണ് ഏറ്റവും വിലമതിക്കുപ്പെടുന്ന ഈ ക്രൈസ്തവപുരാവസ്തു എങ്ങനെയാണ് കണ്ടെത്തിയതെന്ന്‍, പുറംലോകം അറിയുന്നത്.പരമ്പരാഗതമായി കരുതപ്പെടുന്ന സ്ഥലത്തുനിന്നും ഹെലീനാ ചക്രവർത്തിനി ഖനനം നടത്തിയ മൂന്ന് കുരിശുകളാണ് കണ്ടെടുത്തത്. ഇത് രാജ്ഞിയേയും ഒപ്പമുണ്ടായിരുന്ന പരിചയപ്രജ്ഞരായ സംഘാംഗങ്ങളേയും ധർമ്മസങ്കടത്തിലാക്കി. ക്രിസ്തുവിനെ ക്രൂശിച്ച കുരിശ് ഇതിൽ ഏതാണെന്ന് എങ്ങനെ തിരിച്ചറിയും? ഹെലീനാരാജ്ഞി ഒരു പ്രാർത്ഥനായജ്ഞം തന്നെ ആരംഭിച്ചു; പ്രാര്‍ഥനമദ്ധ്യേ, രാജ്ഞിക്കു ഒരാന്തരിക വെളിപാടുണ്ടായി- കാൽവരിയിൽ കുഴിച്ചിട്ട മൂന്ന് കുരിശുകളിൽ ഏതാണ് ക്രിസ്തുവിന്റേതെന്ന് തിരിച്ചറിയാൻ ഓരോ കുരിശും ഒരു ശവശരീരത്തിൽ തൊടുവിക്കാൻ തുടങ്ങി, ഏത് കുരിശ് തൊട്ടപ്പോഴാണ് മരിച്ചയാളിന് ജീവൻ വച്ചത് എന്ന് കണ്ടപ്പോൾ, അതിനെ സ്വർഗത്തിൽ നിന്നുള്ള അടയാളമായി പരിഗണിച്ചു. അങ്ങനെയാണ്, ലോകരക്ഷകൻ ജീവൻ വെടിയുവാനായി തറക്കപ്പെട്ട യഥാർഥ കുരിശ് കണ്ടെത്തിയത്. വിശുദ്ധ ഹെലീനാ കഠിനയത്നത്താൽ ഖനനം നടത്തിയ ഇടത്തിന് തൊട്ടടുത്തായിരുന്നു, രണ്ടായിരം വർഷങ്ങൾക്ക്മുൻപ് ക്രൂശിതനായ യേശു മരണത്തെ മഹത്വപൂർണമായി തോല്പിച്ചത്.

ജെറുശ്ലേമിലെ സിസ്റ്റർ. സിറിലും, നോളായിലെ സിസ്റ്റർ പൗളിനസും, മിലാനിലെ വിശുദ്ധ ആബ്രോസും വി. ഹെലീനായുടെ ഈ പ്രവൃത്തി രേഖപ്പെടുത്തീയിട്ടുണ്ട്. പ്രത്യേകമായ ദൈവീക സഹായം ഈ മഹത്തായ തിരുശേഷിപ് കണ്ടെത്തുന്നതിന് അവരെ സഹായിച്ചിട്ടുണ്ടെന്നത് നിസംശയം പറയാം !

വിശുദ്ധ ആംബ്രോസാണ്‌ (340-397) വി.അഗസ്റ്റീനെ മാമോദീസാ കഴിപ്പിച്ചത്. തന്റെ വഴിപിഴച്ചുപോയ മകനായ അഗസ്റ്റീനെ പ്രതി വി. മോണിക്ക വിലപിച്ചു കൊണ്ടിരിക്കവെ, പ്രാർത്ഥനയാലും കണ്ണീരാലും ലഭിച്ച മകൻ നഷ്ടപ്പെടാൻ പാടില്ല എന്നാണ്‌ അദ്ദേഹം അവരോട് പറഞ്ഞത്. റോമാ സാമ്രാജ്യത്തിലെ ഒരുന്നത പദവി വഹിച്ചിരുന്ന ആളായിരുന്നു ആംബ്രോസ്. സാമ്രാജ്യത്തിലെ പ്രധാന സ്ഥാനമായ, മിലാനിലെ മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, റോമൻ ചക്രവർത്തിമാരായ ഉന്നത രാഷ്ട്രീയ ഭരണാധികാരികളെ വളരെ ശക്തമായ രീതിയിലാണ്‌ അംബ്രോസ് കൈകാര്യം ചെയ്തിരുന്നത്. നരഹത്യയ്ക്ക് കല്‍പന കൊടുത്തതിന്‌, തുടര്‍ന്നു മഹാനായ തിയഡോഷ്യസ് ചക്രവർത്തിയുടെ മിലാനിലെ കത്തീട്രൽ പള്ളിയിലെ പ്രവേശനം ആംബ്രോസ് നിരോധിക്കുകയുണ്ടായി.

ചരിത്രകാരന്മാര്‍ എറ്റവും കൂടുതല്‍ സാക്ഷ്യപ്പെടുത്തിയ അത്ഭുതങ്ങളിൽ ഒന്ന് സംഭവിച്ചത് വി.അംബ്രൊസ് മുഖാന്തരമാണ്‌. അന്ധനായ മാംസ വ്യാപാരി സെവെറസ് എന്നയാളുടെ സൗഖ്യമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ആദ്യകാലരക്തസാക്ഷികളായ വി.ഗെർവേസിന്റേയും പ്രൊട്ടേസിന്റേയും ശവകുടീരങ്ങൾ ആംബ്രോസ് കണ്ടെത്തിയപ്പോൾ, സെവറസ് തന്റെ തൂവാല ശവമഞ്ചത്തിന്റെ തിരുശേഷിപ്പുകളിൽ തൊട്ട്, തന്റെ കാഴ്ചയില്ലാത്ത കണ്ണുകൾക്ക് മുകളിൽ വച്ചപ്പോൾ സൗഖ്യം പ്രാപിച്ചു. ഇത് സംഭവിച്ചത് ഒരു വലിയ ജനക്കൂട്ടത്തിന്റെ മുമ്പിൽ വച്ചാണ്‌. ഇത് സാക്ഷ്യപ്പെടുത്തിയത് ആകട്ടെ മിലാനിലുണ്ടായിരുന്ന വി.അഗസ്റ്റിനും, അംബ്രോസിന്റെ സെക്രട്ടറിയായിരുന്ന പൗളിനസുമായിരുന്നു.

ഈ ആരാധനാലയത്തിൽ, ധാരാളം രോഗികളും, പിശാചുബാധിതരും സൗഖ്യം പ്രാപിച്ചിട്ടുണ്ട്. ഈ അത്ഭുതങ്ങളുടെ സത്യാവസ്ഥ പ്രമുഖ പ്രൊട്ടസ്റ്റൻസ്കാരന്‍ ഡോ.കേവ് പോലും സമ്മതിച്ചിട്ടുള്ളതാണ്‌. ഫ്ലോറൻസിലെ ഒരു പ്രഗൽഭ ക്രൈസ്തവനായിരുന്ന ഡിസെൻഷ്യസിന്റെ ഭവനത്തിൽ, ഒരിക്കൽ ആംബ്രോസ് താമസിക്കുകയുണ്ടായി. ഡിസെൻഷ്യസിന്റെ മകനായ പാൻസോപിയസ് ഒരശുദ്ധാത്മാവിന്റെ ബാധയാൽ ദുരിതത്തിലായിരുന്നു. ശക്തമായ പ്രാർത്ഥനയോടെ, മെത്രാന്റെ കരങ്ങളിലേക്ക് കിടത്തിയപ്പോൾ അവൻ സുഖം പ്രാപിച്ചു. കുറേ ദിവസങ്ങൾക്ക് ശേഷം, ബാലന്‌ വീണ്ടും രോഗത്തിന്റെ ആക്രമണം ഉണ്ടായി, അവൻ മരിച്ചു. എന്നാൽ, പുറമെ, ഒരു പരാജയം എന്ന് തോന്നമെങ്കിലും, പലപ്പോഴും സംഭവിക്കുന്നത് പോലെ, ഇതും കൂടുതൽ ദൈവമഹത്ത്വത്തിന് കാരണമായി മാറി.

ബാലൻ മരിച്ച സമയം, ആംബ്രോസ് വീട്ടിലുണ്ടായിരുന്നില്ല. ഭക്തയായ ആ അമ്മ മകന്റെ ശരീരം മാളികമുറിയിൽ നിന്നും താഴെ കൊണ്ടുവന്ന് മെത്രാന്റെ കട്ടിലിൽ കിടത്തി. ആംബ്രോസ് വീട്ടിൽ തിരിച്ചെത്തിയ ശേഷം പാൻസോപിയസിന്‌ യേശുവിന്റെ നാമത്തില്‍ പുനര്‍ജീവൻ നൽകുകയും ചെയ്തു. വിവേകപരവും സഹായകരവുമായ ഉപദേശങ്ങളടങ്ങിയ ഒരു പുസ്തകം അദ്ദേഹം ഭാഗ്യവാനായ ആ കുട്ടിക്ക് കൊടുക്കുകയും ചെയ്തു. എലീഷാ പ്രവാചകൻ ചെയ്തതു പോലെ, അംബ്രോസ് ജീവനില്ലാത്ത കുട്ടിയെ തന്റെ പ്രാർത്ഥനയാൽ ജീവൻ പുന:സ്ഥാപിച്ചു എന്നു മറ്റൊരു രീതിയില്‍ പറയാം. എലീഷായുടെ മാതൃക പിൻതുടർന്ന് പ്രാർത്ഥനയുടെ ശക്തിയാലാണ് പല പുനരുദ്ധാകരും, പ്രത്യേകിച്ച് ആദിമ മഹത് വിശുദ്ധർ, ഇത്തരത്തിലുള്ള പല അത്ഭുതങ്ങളും നിർവഹിച്ചിട്ടുള്ളത്.

വിശുദ്ധ ആംബ്രോസിന്റേയും പാൻസോപ്പിയസിന്റേയും ഈ വിവരണങ്ങളെല്ലാം എടുത്തിട്ടുള്ളത്, അദ്ദേഹത്തിന്റെ സന്തത സഹചാരിയും സെക്രട്ടറിയുമായിരുന്ന പൗളിയസ് എഴുതിയ ‘അംബ്രോസിന്റെ ജീവചരിത്രം’ എന്ന പുസ്തകത്തിൽ നിന്നാണ്‌.

ഇന്നും യേശുക്രിസ്തുവിന്റെ നാമത്തിൽ ധാരാളം അത്ഭുതങ്ങൾ നടക്കുന്നു. എന്നാൽ ദൈവത്തെ പോലും തള്ളിപറയുന്ന ഈ ആധുനിക ലോകത്തിന് മുന്നില്‍ "കത്തോലിക്കാ സഭയിൽ സംഭവിച്ച മരിച്ചവരെ ഉയിർപ്പിച്ച അത്ഭുതങ്ങൽ" എന്നത് യുക്തിക്ക് നിരക്കുന്നതല്ലായിരിക്കും. എന്നാല്‍ ദൈവനാമത്തില്‍ ഇതെല്ലാം സാധ്യമാണ് എന്നുള്ളതിന്റെ എറ്റവും വലിയ തെളിവാണ് മക്കാരിയുസിന്റെയും ഹിലാരിയുടെയും അംബ്രോസിന്റെയും ജീവിതം നമ്മുക്ക് കാണിച്ചുതരുന്നത്.

യേശു പറയുന്നു "പ്രാർഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ; നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും" (മർക്കോസ് 11:24)

Source: 'Raised from the dead' by Fr. Albert J. Herbert S.M