News - 2025
ദൈവവചനം പ്രാര്‍ത്ഥനാപൂര്‍വം പ്രഘോഷിക്കുക: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 15-02-2017 - Wednesday
വത്തിക്കാന്‍: ദൈവവചനം പ്രാര്‍ത്ഥനാപൂര്‍വ്വം പ്രഘോഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. വി. സിറിലിന്‍റെയും മെത്തോഡിയൂസിന്‍റെയും തിരുനാള്‍ ദിനത്തില്‍ അര്‍പ്പിച്ച പ്രഭാതബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. പ്രാര്‍ത്ഥിക്കുന്ന ഒരു ഹൃദയത്തില്‍ നിന്നേ ദൈവത്തിന്‍റെ വചനം പുറപ്പെടുകയുള്ളുവെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.
"പ്രാര്‍ത്ഥനയില്ലാതെ നിങ്ങള്‍ക്ക് നല്ലൊരു സമ്മേളനം നടത്താനാകും, നല്ല വിദ്യാഭ്യാസം നല്‍കാനാകും. എന്നാല്‍ അത് ദൈവത്തിന്‍റെ വചനം നല്‍കലായിരിക്കുകയില്ല. പ്രാര്‍ത്ഥിക്കുന്ന ഒരു ഹൃദയത്തില്‍ നിന്നേ ദൈവത്തിന്‍റെ വചനം പുറപ്പെടുകയുള്ളു. പ്രാര്‍ത്ഥനയില്‍, കര്‍ത്താവ് വചനം വിതയ്ക്കുന്നതിനു കൂടെവരും. അവിടുന്ന് വിത്തിനെ നനയ്ക്കുകയും അതു പൊട്ടി മുളയ്ക്കുകയും ചെയ്യും. അതുകൊണ്ട് പ്രാര്‍ത്ഥനയോടുകൂടി വചനം പ്രഘോഷിക്കുക". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
യൂറോപ്പിന്‍റെ മധ്യസ്ഥരും സഹോദരന്മാരുമായ വി. സിറിലിന്‍റെയും മെത്തോഡിയൂസിനെ പോലെ യഥാര്‍ഥ വചനപ്രഘോഷകരാകണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
നല്ല വചനപ്രഘോഷകന്‍ ബലഹീനത അറിയുന്നവനാണ്. തന്നെത്തന്നെ സംരക്ഷിക്കുന്നതിനു തനിക്കു കഴിയില്ല എന്ന് അറിയുന്നവനാണ്. ചെന്നായ്ക്കളുടെ ഇടയിലേക്കു പോകുന്ന കുഞ്ഞാടിനെപ്പോലെയാണ് അയാള്‍. ചെന്നായ്ക്കള്‍ കുഞ്ഞാടിനെ ഭക്ഷിച്ചേക്കാം. നീ തന്നെ നിന്നെ കാത്തുകൊള്ളണം. ക്രിസോസ്തോമിന്‍റെ ഈ വാക്കുകളെ ഓര്‍മ്മിപ്പിച്ചാണ് മാര്‍പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.