Tuesday Mirror - 2020

വിശുദ്ധ കുര്‍ബാനയ്ക്കു പോകുന്നവരുടെ മുഖത്ത് തുപ്പിയിരുന്ന വ്യക്തി ഇന്ന് കത്തോലിക്കാ പുരോഹിതന്‍

സ്വന്തം ലേഖകന്‍ 07-03-2017 - Tuesday

വിശുദ്ധ കുര്‍ബ്ബാനയ്ക്കു പോകുന്നവരുടെ മുഖത്ത് തുപ്പിയിരുന്ന വ്യക്തിയുടെ അത്ഭുതകരമായ മനപരിവര്‍ത്തനത്തിന്റെ കഥയാണിത്‌. ഇദ്ദേഹം ഇന്ന് കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനായി സേവനം ചെയ്യുന്നു.

“ഞായറാഴ്ചകളില്‍ രാവിലെ തന്നെ ഞാന്‍ ഞങ്ങളുടെ വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കും. അതുവഴി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ പോകുന്ന ആളുകളുടെ മുഖത്ത് തുപ്പുക എന്റെ പതിവായിരുന്നു. ക്രൈസ്തവ ദേവാലയം എന്നത് 'ധനം സമ്പാദിക്കുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്' എന്ന് ഞാനവരോട് പറയുമായിരുന്നു” ഇപ്പോള്‍ സ്പെയിനിലെ അല്‍മേരിയ രൂപതയിലെ ഒരു പുരോഹിതനായ ഫാദര്‍ ജുവാന്‍ ജോസ് മാര്‍ട്ടിനെസ്സ് വിവരിക്കുന്നു.

അദ്ദേഹത്തിന്റെ മാതാ-പിതാക്കള്‍ വിശ്വാസികള്‍ അല്ലായിരുന്നു, അതിനാല്‍ തന്നെ ചെറുപ്പത്തില്‍ അദ്ദേഹത്തിനു യാതൊരു വിശ്വാസ പരിശീലനവും ലഭിച്ചിരുന്നില്ല. “ലോകമെങ്ങും നിരവധി ശാഖകളുള്ള ഒരു അന്താരാഷ്ട്ര കോര്‍പറേഷനായിട്ടായിരുന്നു കത്തോലിക്കാ സഭയെ ഞാന്‍ കണ്ടിരുന്നത്” ഫാദര്‍ ജുവാന്‍ ജോസ് പറഞ്ഞു. “എനിക്ക് പുരോഹിതന്‍മാരെ ഇഷ്ടമല്ലായിരുന്നു, ഞാന്‍ പഠിച്ച സ്കൂളിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി ഞാനായിരുന്നു. അവിടെ നിന്നും എനിക്ക് മതപരമായ യാതൊരു വിദ്യാഭ്യാസവും ലഭിച്ചില്ല, കാരണം പഠിക്കുവാനായി ഞാന്‍ തിരഞ്ഞെടുത്ത വിഷയം ‘നീതി ശാസ്ത്ര’മായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഞാന്‍ എന്റെ സുഹൃത്തുക്കളെയും വിശ്വാസത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചു" ഫാദര്‍ ജുവാന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയത്തില്‍ പോയ കാര്യം ഫാദര്‍ ജുവാന്‍ ഓര്‍മ്മിച്ചു. “എന്നെ ക്ഷണിച്ചവരെ പരിഹസിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഞാന്‍ ആ ദേവാലയത്തിലേക്ക് പോയത്." 1995 ജനുവരിയില്‍ ഫാദര്‍ ജവാന്റെ ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആ ഇടവകയിലെ കത്തോലിക്കാ കരിസ്മാറ്റിക് റിന്യൂവല്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. “അത്തരം മസ്തിഷ്ക പ്രക്ഷാളനത്തിനൊന്നും എന്നെ കിട്ടുകയില്ല” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അവരുടെ ക്ഷണം നിരസിച്ചെങ്കിലും അവസാനം 1995 ഫെബ്രുവരിയിലെ ഒരു വ്യാഴാഴ്ച ഫാദര്‍ ജുവാന്‍ തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയത്തില്‍ പ്രവേശിച്ചു.

ദേവാലയത്തിൽ കണ്ട സുവര്‍ണ്ണ പേടകം

“എന്റെ ഒരുപാട് സുഹൃത്തുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവരെല്ലാവരും ദേവാലയത്തിനുള്ളിലെ ഒരു സുവര്‍ണ്ണ പേടകത്തിലേക്ക് നോക്കുന്നത് ഞാന്‍ കണ്ടു. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഇടവക വികാരി പണം സൂക്ഷിക്കുന്ന പണപ്പെട്ടിയായിരിക്കാമതെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്” അദ്ദേഹം പറഞ്ഞു. ആ സുവര്‍ണ്ണ പേടകമായിരുന്നു സക്രാരി.

“എനിക്ക് എന്റെ സുഹൃത്തുക്കളെ ഓര്‍ത്ത് ചിരി വന്നുവെങ്കിലും ഞാനതടക്കി. അവരെ കളിയാക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത വ്യാഴാഴ്ചയും അവിടെ അവിടെ വരുവാന്‍ ഞാന്‍ തീരുമാനിച്ചു.” അങ്ങിനെ ഒന്നിനു പിറകെ ഒന്നായി ദേവാലയത്തില്‍ പോയ വ്യാഴാഴ്ചകളില്‍ ഒരു ദിവസം ഫാദര്‍ ജുവാന്‍ ജോസ് കത്തോലിക്കാ സഭയെക്കുറിച്ചുള്ള തന്റെ മുന്‍വിധികള്‍ മാറ്റി. “അവിടത്തെ പുരോഹിതന്‍ ഒരു ബുദ്ധിമാനും കഴിവുള്ളവനുമായിരുന്നു, അദ്ദേഹം ജനങ്ങളെ വേണ്ടും വിധം സഹായിക്കുകയും ചെയ്തുകൊണ്ടിരുന്നു."

"പതുക്കെ പതുക്കെ ദൈവം എന്റെ ഹൃദയത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അപ്പോള്‍ 15 വയസ്സ് പ്രായമുണ്ടായിരുന്ന ഞാന്‍ കുര്‍ബ്ബാനയിലെ ഗാനങ്ങള്‍ ഏറ്റു പാടുവാന്‍ തുടങ്ങുകയും ചെയ്തു. ദൈവം ഉണ്ടെന്നും ദൈവം എന്നെ സ്നേഹിക്കുന്നുവെന്നും ക്രമേണ എനിക്ക് മനസ്സിലായി.” അദ്ദേഹം വിവരിച്ചു “എന്റെ കണ്ണുകള്‍ തുറന്നു ദൈവം വെറുമൊരു ഐതിഹ്യമല്ല എന്ന് എനിക്ക് മനസ്സിലായി, മാത്രമല്ല ദൈവം എന്നെ സ്നേഹിക്കുന്നു എന്നും ദൈവത്തിന് എന്നെ ആവശ്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കി” വികാരാധീനനായി അദ്ദേഹം വിവരിച്ചു.

പുരോഹിതനാകുവാനുള്ള വിളി

തന്റെ മുത്തച്ഛന്‍ വഴിയായി ഫാദര്‍ ജുവാന്‍ ജോസ് മാമ്മോദീസയും പ്രഥമ ദിവ്യകാരുണ്യവും സ്വീകരിച്ചിരുന്നുവെങ്കിലും അതിനു ശേഷം ക്രിസ്തീയ വിശ്വാസവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം സ്ഥൈര്യലേപനം സ്വീകരിക്കുവാന്‍ തീരുമാനിച്ചു. “ഞാന്‍ മനപരിവര്‍ത്തനത്തിന്റെ പാതയിലായിരുന്നു. ഞാന്‍ കര്‍ത്താവിന്റെ ഇഷ്ടത്തിനായി എന്നെത്തന്നെ വിട്ടുകൊടുത്തു".

പുരോഹിതനാകുവാനുള്ള വിളി അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും മാസങ്ങളോളം അദ്ദേഹം ആ ദൈവവിളിയെ നിരാകരിച്ചു. “അവസാനം ഞാന്‍ ഒരു പുരോഹിതനാകുവാന്‍ തന്നെ തീരുമാനിച്ചു.” ഫാദര്‍ ജുവാന് 17 വയസ്സുള്ളപ്പോഴാണ് അദ്ദേഹം തന്റെ പിതാവിനോട് താന്‍ ഒരു പുരോഹിതനാകുവാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയത്. എന്നാല്‍ കോപിഷ്ഠനായ പിതാവ് ജുവാനെ അടിക്കുകയും “നീ പുരോഹിതനാകുകയാണെങ്കില്‍ എന്റെ ശവം കാണേണ്ടി വരും” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ മകനെ ഇനിയും ഉപദേശിച്ചാല്‍ താന്‍ പോലീസില്‍ പരാതിപ്പെടുമെന്ന് അദ്ദേഹത്തിന്റെ പിതാവ് ഇടവക വികാരിയോടു പറഞ്ഞു. തന്റെ മകനെ അതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ തന്നാല്‍ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്തു. “അത്തരമൊരു ഘട്ടത്തില്‍ എനിക്ക് ചെയ്യുവാന്‍ ആകെ ഉണ്ടായിരുന്നത് ആവിലായിലെ വിശുദ്ധ തെരേസയോട് പ്രാര്‍ത്ഥിക്കുക എന്നത് മാത്രമായിരുന്നു”. ഫാദര്‍ ജുവാന്‍ പറഞ്ഞു.

പിതാവ് സമ്മതം മൂളുന്നു

തന്റെ പിതാവിനോട് അനുസരണക്കേടു കാണിക്കുവാന്‍ കഴിയാത്തതിനാല്‍ ജുവാന്‍ അല്‍മേരിയായിലെ യൂണിവേഴ്സിറ്റിയില്‍ പഠനം ആരംഭിച്ചു, എന്നിരുന്നാലും ഒരു പുരോഹിതനാകുവനുള്ള മോഹം അദ്ദേഹത്തിന്റെ ഉള്ളില്‍ ശക്തമായിക്കൊണ്ടിരുന്നു. പിതാവ് തന്റെ ആഗ്രഹത്തിനു സമ്മതം മൂളിയതായി മാതാവ്ജവാനെ വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം കരഞ്ഞുപോയി. തന്റെ പിതാവിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഫാദര്‍ ജുവാന്‍ പറഞ്ഞു “അവസാനം അങ്ങ് എന്നെ മനസ്സിലാക്കുമെന്ന് എനിക്കറിയാമായിരുന്നു.” ഇക്കാര്യം വികാരിയച്ചനോട് പറഞ്ഞപ്പോള്‍ “സ്വാഗതം” എന്ന് പറഞ്ഞുകൊണ്ട് സന്തോഷത്തോട് കൂടി ആ പുരോഹിതന്‍ തന്നെ ആശ്ലേഷിച്ചത് അദ്ദേഹം വ്യക്തമായി ഓര്‍മ്മിക്കുന്നു.

അവസാനം 2000-ല്‍ ജുവാന്‍ ജോസ് സെമിനാരിയില്‍ പ്രവേശിക്കുകയും 2006-ല്‍ അല്‍മേരിയായിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. “എന്റെ പിതാവ് ഒരു പുരോഹിത വിരോധി ആയിരുന്നുവെങ്കിലും എന്നെ ഒരു പുരോഹിതനായി കണ്ടപ്പോള്‍ അദ്ദേഹം സന്തോഷിച്ചു. എന്റെ പിതാവ് രോഗിയായിരുന്നപ്പോള്‍ അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് വേറെ ആരുമല്ല ഞാന്‍ തന്നെ.”

അദ്ദേഹം തുടര്‍ന്നു “ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് ആരെങ്കിലും എന്നോട് പറയുകയാണെങ്കില്‍ ‘ഞാനും ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല’ പക്ഷെ എനിക്കു തെറ്റു പറ്റിയിയിരുന്നു. എങ്കിലും അവസാനം യേശു വാഗ്ദാനം ചെയ്യുന്ന ശരിയായ സന്തോഷം ഞാന്‍ കണ്ടെത്തി. നിങ്ങള്‍ക്ക് സന്തോഷവാന്‍മാരല്ലെങ്കില്‍ ദൈവത്തിന്റെ സഹായം ആവശ്യപ്പെടുക, കാരണം നിങ്ങളുടെ ഹൃദയത്തിനാവശ്യമായ സന്തോഷം നല്‍കുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ' എന്നു മറുപടി പറയും.” അവിശ്വാസികളില്‍ പോലും ദൈവം അത്ഭുതം പ്രവര്‍ത്തിക്കുമെന്നതിന്റെ ഒരു വ്യക്തമായ തെളിവാണ് ഫാദര്‍ ജുവാന്‍ ജോസ് മാര്‍ട്ടിനെസിന്റെ കഥ.


Related Articles »