News - 2024

ഞായറാഴ്ചകള്‍ തൊഴില്‍ വിമുക്തമാക്കണമെന്ന ആവശ്യവുമായി യൂറോപ്പ്യന്‍ യൂണിയൻ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ്

സ്വന്തം ലേഖകന്‍ 08-03-2017 - Wednesday

സാബത്ത് വിശുദ്ധമായി ആചരിക്കുവാനും ഞായറാഴ്ചകളിൽ തൊഴിലാളികൾക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുമായി ഞായറാഴ്ചകള്‍ തൊഴില്‍ വിമുക്തമാക്കണമെന്ന ആവശ്യവുമായി യൂറോപ്പ്യന്‍ യൂണിയൻ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ്. ആഴ്ചയില്‍ 6 ദിവസം ജോലി ചെയ്തതിനു ശേഷം ഏഴാം ദിവസമായ ഞായറാഴ്ച വിശ്രമിക്കുന്ന പതിവ് ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്പില്‍ പിന്തുടര്‍ന്നു വന്നിരുന്ന ഒരു കാര്യമാണ്. അതിനാല്‍ തന്നെ ഞായറാഴ്ചകള്‍ക്ക് യൂറോപ്പില്‍ ഒരു പ്രത്യേക പ്രാധാന്യവും ഉണ്ടായിരുന്നു. എന്നാല്‍ ‘യൂറോപ്പ്യന്‍ വര്‍ക്കിംഗ് കണ്ടീഷന്‍ സര്‍വ്വേയുടെ’ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യൂറോപ്പില്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്പിലെ സാമൂഹ്യ ജീവിതത്തിലെ നെടുംതൂണാണ് ഞായറാഴ്ചകളിലെ അവധി എന്ന് യൂറോപ്പ്യന്‍ യൂണിയനിലെ കമ്മീഷന്‍ ഓഫ് കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് (COMECE) അഭിപ്രായപ്പെട്ടു. ഇതേതുടർന്ന് യൂറോപ്പിലെ European Sunday Alliance എന്ന സംഘടന, ഞായറാഴ്ചയുടെ പ്രാധ്യാന്യം സംരക്ഷിക്കുവാനായി ‘യൂറോപ്പ്യന്‍ ഡെ ഫോര്‍ എ വര്‍ക്ക് ഫ്രീ സണ്‍ഡെ’ (European Day for a Work-Free Sunday) എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ക്ക് രൂപം കൊടുത്തിരിക്കുകയാണ്. കുടുംബങ്ങള്‍ക്ക് ഒരുമിച്ച് സമയം ചിലവഴിക്കുവാനും, തൊഴിലാളികള്‍ക്ക് വിശ്രമിക്കുവാനും, ജനങ്ങള്‍ക്ക് സാമൂഹ്യ-സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുവാനും അവസരം നല്‍കുന്നതിനാല്‍ ഞായറാഴ്ചകള്‍ തൊഴില്‍ വിമുക്തമാകേണ്ടത് അത്യാവശ്യമാണ്.

ഈ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ച് 3-ന് യൂറോപ്പിലെ European Sunday Alliance ന്റെ അംഗങ്ങളും ഇതിനെ പിന്തുണക്കുന്നവരും ഒരുമിച്ചു കൂടി ഞായറാഴ്ചയെ തൊഴില്‍ വിമുക്തമാക്കേണ്ടതിനെ കുറിച്ച് വിവരിക്കുകയും, അതുസംബന്ധിയായ പ്രസ്താവനകളും ചിത്രങ്ങളും പുറത്തു വിടുകയും ചെയ്തു. മാന്യമായ ജോലിസമയത്തിന്റെ നേട്ടം എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കണമെന്നും ഞായറാഴ്ചകളില്‍ ഒഴിവാക്കുവാന്‍ കഴിയാത്ത ആവശ്യ സേവനങ്ങള്‍ മാത്രമേ ചെയ്യാവൂ എന്നും അവര്‍ ആവശ്യപ്പെട്ടു. യൂറോപ്പ്യന്‍ പാര്‍ലമെന്റിലെ അംഗങ്ങള്‍, നാഷണല്‍ സണ്‍ഡെ അലിയന്‍സ്, തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍, വിവിധ ക്രൈസ്തവ സഭാംഗങ്ങൾ, യുവജന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവർ ഇതിനോടകം തന്നെ ഈ ആവശ്യത്തെ അനുകൂലിച്ചു രംഗത്തു വന്നിട്ടുണ്ട്.


Related Articles »