News - 2024

ലണ്ടന്‍ ആക്രമണം: പ്രാര്‍ത്ഥനകളുമായി ക്രൈസ്തവ നേതൃത്വം

സ്വന്തം ലേഖകന്‍ 23-03-2017 - Thursday

ലണ്ടന്‍: വെസ്റ്റ്‌മിനിസ്റ്ററില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും പ്രാര്‍ത്ഥനകളുമായി ക്രൈസ്തവ നേതൃത്വം. ആക്രമണത്തില്‍ ഇരയായ എല്ലാവര്‍ക്കുമൊപ്പം ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന്‍ ഇംഗ്ലണ്ട് ആന്‍ഡ്‌ വെയില്‍സിലെ കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഭീകരാക്രമണത്തിന് എതിരെ പ്രതികരിച്ചവര്‍ക്കും, ഇരയായവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥന നടത്തുമെന്ന് വെസ്റ്റ്‌മിനിസ്റ്ററിലെ കര്‍ദ്ദിനാള്‍ ആയ വിന്‍സെന്റ് നിക്കോള്‍സ് പറഞ്ഞു.

ലണ്ടനിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ തന്നോടൊപ്പം പങ്കുചേരുവാന്‍ ലിന്‍കോണ്‍ മെത്രാന്‍ ജെയിംസ് കോണ്‍ലിയും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. യു‌എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ്‌ ടില്ലേഴ്സണും, യു‌എസ് ഹൗസ്‌ സ്പീക്കര്‍ പോള്‍ റയാനും ആക്രമണത്തെ അപലപിച്ചു. ഇരയായവര്‍ക്കു തങ്ങളുടെ പ്രാര്‍ത്ഥനാ സഹായവും ഇവര്‍ വാഗ്ദാനം ചെയ്തു.

ബ്രസല്‍സ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്നലെ വൈകുന്നേരമാണ് വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം ഉണ്ടായത്. അജ്ഞാതനായ ഒരാള്‍ വെസ്റ്റ്‌മിനിസ്റ്റര്‍ പാലത്തിലൂടെ നടന്നു പോയവര്‍ക്കിടയിലേക്ക്‌ കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയുടെ കാർ ഇടിച്ചു പരുക്കേറ്റ നാല് വഴിയാത്രികരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കാര്‍ ഇടിച്ചു തകര്‍ത്തതിനു ശേഷം കത്തിയുമായി പാര്‍ലമെന്റ് കെട്ടിടത്തിലേക്ക്‌ പ്രവേശിക്കുവാനുള്ള ശ്രമവും അക്രമി നടത്തി. തടയുവാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തി വീഴ്ത്തുകയും ചെയ്തു. അതിനെ തുടര്‍ന്ന് അക്രമിയെ പോലീസ്‌ വെടിവെച്ച്‌ വീഴ്ത്തുകയായിരുന്നു. ഭീകരാക്രമണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ലമെന്റും പരിസരവും സായുധ പോലീസിന്റെ നിയന്ത്രണത്തിലാണ്.


Related Articles »