India - 2024

വചനം കേള്‍ക്കുന്ന വ്യക്തി മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കണം: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

സ്വന്തം ലേഖകന്‍ 05-04-2017 - Wednesday

പാലക്കാട്: വചനം കേൾക്കുന്ന വ്യക്‌തി മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കണമെന്നും വചനത്തിനനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്താത്തവൻ അതിന് മറുപടി പറയേണ്ടിവരുമെന്നും പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്ടറുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ അഖില കേരള അഭിഷേകാഗ്നി കൺവൻഷനിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവവചനത്തിനനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്തുവാന്‍ ശ്രമിക്കണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

"യേശുവിനേയും ദൈവവചനങ്ങളേയും അവഗണിക്കരുത്. വചനം കേൾക്കുന്ന വ്യക്‌തി മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കണം. വചനത്തിനനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്താത്തവൻ അതിന് മറുപടി പറയേണ്ടിവരും. പാപികളെ മനസിലാക്കുന്നവനാണ് യേശു. മാമോദീസ മുങ്ങിയതുകൊണ്ടുമാത്രം കാര്യമില്ല. ദൈവപുത്രനെ സ്വന്തമാക്കാത്തവന് ജീവനില്ലായെന്ന് തിരിച്ചറിയണം. ജീവന്റെ ഗ്രന്ഥത്തിൽ പേരില്ലാത്തവൻ ശിക്ഷിക്കപ്പെടുമെന്നും എല്ലാവരും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ച് വിധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കൺവൻഷന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബാനയ്ക്ക് ഫാ. ബിജു കല്ലിങ്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ഷാജി പണ്ടാരപ്പറമ്പിൽ, ഫാ. ഫ്രാൻസിസ് സേവ്യർ എന്നിവർ സഹകാർമ്മികരായി. ബ്രദർ ജോസ്, അജയ് എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കി. ഇന്ന് വൈകുന്നേരം ആറിന് സുൽത്താൻപേട്ട രൂപത ബിഷപ് ഡോ. പീറ്റർ അബീർ അന്തോണി സാമി വചനസന്ദേശം നല്കും. കൺവൻഷനിലേക്ക് ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.


Related Articles »