News - 2024

യോഗയിലൂടെ ദൈവാനുഭവം സാധിക്കില്ല: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 05-04-2017 - Wednesday

കൊച്ചി: യോഗയിലൂടെ ദൈവാനുഭവം സാധിക്കില്ലായെന്നും വിഷയത്തില്‍ സഭേതര നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ജനുവരിയില്‍ നടന്ന സഭാസിനഡിലെ തീരുമാനത്തെ ചൂണ്ടികാണിച്ചു കൊണ്ട് പുറപ്പെടുവിച്ച സര്‍ക്കുറിലാണ് യോഗയെ കുറിച്ചുള്ള സഭാ നിലപാട് കര്‍ദിനാള്‍ വ്യക്തമാക്കിയിരിക്കുന്നത്.

"ദൈവാനുഭവവും ഈശ്വാരാഭിമുഖ്യവും യോഗയിലൂടെ സാധിയ്ക്കും എന്നു ചിന്തിക്കുന്നത് ശരിയല്ല. നാം വിശ്വസിക്കുന്ന ദൈവം വ്യക്തിപരമായ ദൈവമാണ് (Personal God). ഒരു പ്രത്യേക ശാരീരികാവസ്ഥയില്‍ പ്രാപിക്കാവുന്ന (Transcendental) ഒന്നല്ല ദൈവം. യോഗ വിഷയത്തില്‍ സഭേതര നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കുവാന്‍ പാടില്ല" സര്‍ക്കുലറില്‍ പറയുന്നു.

ഇത്തരത്തില്‍ കത്തോലിക്ക വിശ്വാസത്തിനു എതിരായിട്ടുള്ളതും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ അംഗീകരിക്കാത്തതുമായ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും ആത്മീയ പ്രസ്ഥാനങ്ങളിലും ചെന്നുപ്പെടാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ കര്‍ദിനാള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിലും യോഗയ്ക്കു എതിരെ സഭയിലെ നിരവധി പേര്‍ രംഗത്തെത്തിയിരിന്നു. ആധുനിക ലോകത്തിലെ യോഗ, റെയ്ക്കി തുടങ്ങിയ പ്രവർത്തനങ്ങൾ ജീവിതത്തിലേക്ക് പിശാചുക്കൾക്കുള്ള പ്രവേശന ദ്വാരങ്ങളാണെന്ന് പ്രശസ്ത ഭൂതോച്ചാടകനായ ഫാദർ ജുവാൻ ജോസ് ഗല്ലിഗോ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരിന്നു.


Related Articles »