India - 2025
എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയുടെ പ്രചാരണപരിപാടികള്‍ക്കു തുടക്കം
സ്വന്തം ലേഖകന്‍ 08-04-2017 - Saturday
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്റ്ററല്‍ സെന്റര്‍ അങ്കമാലിയില്‍ സംഘടിപ്പിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോ (എന്റെ രക്ഷകന്‍) യുടെ പ്രചാരണ പരിപാടികള്‍ക്കു തുടക്കം. എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സിനിമാ നടനും സംവിധായകനുമായ സിജോയ് വര്‍ഗീസിനു മെഗാഷോയുടെ പരസ്യചിത്രം കൈമാറി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രചാരണപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.
ചങ്ങനാശേരി സര്‍ഗക്ഷേത്ര കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്ററിനു വേണ്ടി പ്രമുഖ സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി രംഗാവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ച എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോ, മാര്‍ ക്രിസോസ്‌റ്റോം ഗ്ലോബല്‍ ഫൗണ്ടേഷന്‍, സൂര്യ തിയേറ്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് അരങ്ങിലെത്തിക്കുന്നത്. മേയ് അഞ്ചു മുതല്‍ ഒമ്പതു വരെ അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു മെഗാഷോ അവതരണം.
ബൈബിള്‍ സംഭവങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയിയോടെ സംഗീതവും ദൃശ്യവിസ്മയങ്ങളും ഇഴചേര്‍ത്തൊരുക്കുന്ന കലാവിരുന്ന് ഇരുപതു സെന്റ് സ്ഥലത്തു പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലൊരുക്കുന്ന വേദിയിലാണ് അവതരിപ്പിക്കുന്നത്. 150 ഓളം കലാകാരന്മാര്‍ക്കൊപ്പം ഒട്ടകങ്ങളും കുതിരകളും തുടങ്ങി അമ്പതോളം പക്ഷിമൃഗാദികളും വേദിയിലെത്തും.
പ്രചാരണപരിപാടികളുടെ ഉദ്ഘാടനച്ചടങ്ങില്‍ അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രോ വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, മോണ്‍. ആന്റണി നരികുളം, ചാന്‍സലര്‍ റവ.ഡോ. ജോസ് പൊള്ളയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മണ്ടാനത്ത്, സുബോധന ഡയറക്ടര്‍ ഫാ. ഷിനു ഉതുപ്പാന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഫാ. സുരേഷ് മല്പാന്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, മെഗാഷോ ജനറല്‍ കണ്‍വീനര്‍ പ്രഫ. കെ.ജെ. വര്‍ഗീസ്, സംഘാടക സമിതി അംഗങ്ങളായ ജിബി വര്‍ഗീസ്, പൗലോസ് കല്ലിങ്ങല്‍, പി.ടി. പൗലോസ്, നിജോ ജോസഫ്, സിബി ഫ്രാന്‍സിസ്, പി.ജെ. തോമസ് എന്നിവര്‍ പങ്കെടുത്തു.