Meditation - April 2018

ദുഃഖവെള്ളി ഒരു മതവിഭാഗത്തിന്റെ മാത്രം ആഘോഷമല്ല; അത് ലോകം മുഴുവന്‍റെയും ആനന്ദമാണ്

സ്വന്തം ലേഖകന്‍ 14-04-2017 - Friday

"യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും" (ലൂക്കാ 23:43)

യേശു ഏക രക്ഷകൻ: ഏപ്രിൽ 14

ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികളുടെ മാത്രം ആഘോഷമല്ല. അത് ലോകം മുഴുവന്‍റെയും ആനന്ദത്തിന്‍റെ ദിവസമാണ്. ലോകം മുഴുവനുമുള്ള സകല മനുഷ്യരും- അവര്‍ ഏതു ജാതിയിലും മതത്തിലും പെട്ടവരാകട്ടെ, അവര്‍ ഈശ്വരവിശ്വാസികളോ നിരീശ്വരവാദികളോ ആകട്ടെ, എല്ലാ മനുഷ്യരും അവരറിയാതെ തന്നെ ഇന്നേ ദിവസം ആനന്ദിക്കുന്നു.

ലോകം മുഴുവനും, ഈ ദിവസത്തെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുന്നു. കാരണം ക്രിസ്തുവിന്‍റെ കുരിശുമരണം കേവലം ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല, ലോകം മുഴുവനും വേണ്ടിയുള്ള രക്ഷാകര സംഭവമാണ്. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ജറുസലേമിലെ ഒരു ചെറിയ ശിഷ്യഗണത്തില്‍ നിന്നും ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ വിശ്വാസ സമൂഹത്തിലേക്ക് വളര്‍ന്നത്.

ദൈവത്തിന്‍റെ സ്നേഹം ആരെയും ഒഴിവാക്കുന്നില്ല. കാണാതെ പോയ ആടിന്‍റെ ഉപമയുടെ അവസാനഭാഗത്ത് യേശു അനുസ്മരിപ്പിച്ചു: "അതുകൊണ്ട് ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല". "അനേകരുടെ വീണ്ടെടുപ്പിനായി തന്‍റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്ന് അവിടുന്ന് ഉറപ്പിച്ചു പറയുന്നു.

'അനേകരുടെ' എന്ന ഈ പ്രയോഗം മതത്തിന്റെ വേലിക്കെട്ടുകൾക്കും അപ്പുറത്തേക്കു വ്യാപിക്കുന്ന രക്ഷാകര പദ്ധതിയിലേക്കു വിരൽ ചൂണ്ടുന്നു. ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി മിശിഹാ മരിച്ചുവെന്ന് അപ്പ്സ്തോലന്മാരുടെ പ്രബോധന മാതൃക പിന്തുടര്‍ന്നു സഭയും പഠിപ്പിക്കുന്നു. ലോകാരംഭം മുതൽ അവസാനം വരെ "ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല, ഇപ്പോഴില്ല, ഇനി ഉണ്ടായിരിക്കുകയുമില്ല" (Council of Quiercy).

വിചിന്തനം

ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ക്രിസ്തു മരിച്ചതെന്ന സത്യം തിരിച്ചറിഞ്ഞവരാണോ നാം? ഈ സത്യം തിരിച്ചറിയാതെ അനേകർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. അവരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാൻ നാം എന്തെങ്കിലും ചെയ്യാറുണ്ടോ? അതോ ഈ ലോകത്തിലെ നേട്ടങ്ങൾക്കു വേണ്ടി മാത്രം ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണോ നാം?

"സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്രയോ സുന്ദരമാണെന്ന്' വിശുദ്ധ ലിഖിതം തന്നെ പ്രസ്താവിക്കുമ്പോൾ, ആ മഹത്തായ പ്രവർത്തിക്കുവേണ്ടി നാം ജീവിതത്തിൽ സമയം മാറ്റിവയ്ക്കാറുണ്ടോ? ലോക സുവിശേഷവൽക്കരണത്തിനായി പ്രാർത്ഥിച്ചുകൊണ്ട്, സ്വർഗ്ഗം സന്തോഷിക്കുകയും തലമുറകൾ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന മഹത്തായ സുവിശേഷവേലയിൽ നമുക്കും പങ്കാളികളാകാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന

"കര്‍ത്താവിന്‍റെ കല്‍പ്പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്‍റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്ക് ജന്മം നല്‍കി. എന്നോട് ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്ക് ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും" (സങ്കീര്‍ത്തനങ്ങള്‍ 2:7-8)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »