Meditation - April 2019

ക്രിസ്തുവിന്റെ പുനരുത്ഥാനം ഒരു ചരിത്ര സംഭവം

സ്വന്തം ലേഖകന്‍ 02-04-2018 - Monday

"യേശു അവനോട് പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍" (യോഹ 20:29).

യേശു ഏകരക്ഷകൻ: ഏപ്രിൽ 02
ക്രൈസ്തവവിശ്വാസം എന്നത് ഒരു തത്വശാസ്ത്രമല്ല. അത് ചരിത്ര സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിശ്വാസമാണ്. ദൈവം ചരിത്രത്തിൽ പ്രവർത്തിച്ച രക്ഷാകര സംഭവങ്ങളാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. ഈ ചരിത്രസംഭവങ്ങളില്‍ സുപ്രധാനമായ ഒന്നാണ് 'ക്രിസ്തുവിന്‍റെ പുനരുത്ഥാനം'. ഈശോയുടെ പുനരുത്ഥാനത്തിലൂടെ അവിടുന്ന് പിശാചിനെയും, പാപത്തെയും, മരണത്തെയും പരാജയപ്പെടുത്തിയ ദൈവപുത്രനാണെന്നു സ്ഥിരീകരിച്ചു.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന യേശുവിന്‍റെ പുനരുത്ഥാനം ഒരു ചരിത്രസംഭവമാണ് എന്നതിനു നിരവധി തെളിവുകള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട മൂന്നു വസ്തുതകള്‍ താഴെ പറയുന്നവയാണ്:

1. കല്ലറയില്‍ അടക്കം ചെയ്ത യേശുവിന്‍റെ ശരീരം പിന്നീട് ഒരിടത്തും കണ്ടെത്തുവാന്‍ സാധിച്ചില്ല.
യേശുവിന്‍റെ ശരീരം കല്ലറയില്‍ സംസ്കരിച്ചതിനു ശേഷം ഭീമാകാരമായ ഒരു‍ കല്ല്‌ ഉരുട്ടിവച്ച് അതിന്‍റെ കവാടം അടക്കുകയും, റോമന്‍ പടയാളികള്‍ അതിനു കാവല്‍ നില്‍ക്കുകയും ചെയ്തു. എന്നിട്ടും അവിടുത്തെ ശരീരം അപ്രത്യക്ഷമായി.

2. ഉത്ഥിതനായ ഈശോയെ നൂറുകണക്കിന് ആളുകള്‍ അവരുടെ മാനുഷികമായ നയനങ്ങള്‍ കൊണ്ട് ദര്‍ശിച്ചു.
"വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ടു പേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനും പേര്‍ മരിച്ചു പോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവര്‍ യാക്കോബിനും, തുടര്‍ന്ന്‍ മറ്റെല്ലാ അപ്പസ്തോലന്‍മാര്‍ക്കും കാണപ്പെട്ടു" (1 കൊറി 15:4-8).

AD 54 ലാണ് ഈ ലേഖനം എഴുതിയത് എന്ന്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് "മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്" എന്ന്‍ വി.പൗലോസ് പ്രത്യേകം എടുത്തു പറയുന്നത്.

3. യേശുവിന്‍റെ ഉത്ഥാനത്തിനു ശേഷം, ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ട് ക്രൂരമായ പീഡനങ്ങളും മരണവും ഏറ്റു വാങ്ങുവാന്‍ അനേകം ശിഷ്യന്മാര്‍ തയ്യാറായി.
ഉത്ഥിതനായ ഈശോയെ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതു കൊണ്ടാണ് അവിടുത്തെ ശിഷ്യന്മാര്‍ സര്‍വ്വവും ഉപേക്ഷിച്ച് കാല്‍നടയായും, കപ്പല്‍ മാര്‍ഗ്ഗവും ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും പോയതും, ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിച്ചു കൊണ്ട് ക്രൂരമായ പീഡനങ്ങളും, മരണം പോലും സന്തോഷത്തോടെ സ്വീകരിച്ചതും.

വിചിന്തനം
പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ ഈശ്വര വിശ്വാസം കേവലം ചില ആശയങ്ങളെയോ തത്വശാസ്ത്രങ്ങളെയോ അടിസ്ഥാനപ്പെടുത്തിയുള്ളതാണോ?

നാം വിശ്വസിക്കേണ്ടത് ദൈവപുത്രനായ യേശുക്രിസ്തുവിലാണ്. അവിടുത്തെ പുനരുത്ഥാനം ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ സംഭവമാണ്. എല്ലാവരും ഈ സത്യം തിരിച്ചറിയുന്നതിനും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിനും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
"കര്‍ത്താവേ, എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്കുത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി കാരുണ്യപൂര്‍വ്വം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 4:1)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »