Question And Answer - 2024

എന്താണ് സ്വര്‍ഗ്ഗവും നരകവും?

YOUCAT 05-12-2015 - Saturday

എന്താണു സ്വര്‍ഗം?

സ്വര്‍ഗമെന്നത് കേവലം വാക്കുകളിലോ അക്ഷരങ്ങളിലോ ഒതുക്കി തീർക്കാവുന്ന ഒന്നല്ല, എന്നിരിന്നാലും ഓരോരോ പദങ്ങൾക്കും അതിനു അതിന്റേതായ അർത്ഥമുണ്ട് എന്ന രീതിയിൽ ചിന്തിക്കുകയാണെങ്കിൽ സ്വർഗ്ഗത്തിന് ഒരു നിർവചനം നൽകിയെ മതിയാവൂ. ദൈവത്താൽ കേന്ദ്രീകൃതമായി മാലാഖമാരും മനുഷ്യരും ഉൾപെടുന്ന ഒരു അവസ്ഥയാണ്‌ സ്വർഗ്ഗം. മറ്റൊരു രീതിയിൽ പറഞ്ഞാൽ സൃഷ്ടിയുടെ ലക്ഷ്യമാണ്‌ സ്വർഗ്ഗം. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മുഴുവന്‍ യാഥാര്‍ത്ഥൃത്തേയും "സ്വര്‍ഗ്ഗവും ഭൂമിയും" എന്നീ വാക്കുകള്‍ സൂചിപ്പിക്കുന്നു.

നിത്യസൗഭാഗ്യം അഥവാ സ്വർഗ്ഗമെന്നത് പ്രപഞ്ചത്തിലുള്ള ഒരു സ്ഥലമേയല്ല. മറിച്ച് മനുഷ്യജീവിതത്തിലെ മറ്റൊരു അവസ്ഥയാണ്‌. യാതൊരുവിധ തടസ്സവും കൂടാതെ ദൈവഹിതം നിറവേറ്റപ്പെടുന്ന അവസ്ഥയാണ് സ്വര്‍ഗമെന്നു മറ്റൊരു രീതിയിൽ നമ്മുക്ക് നിർവചിക്കാം. നാം ഈ ഭൂമിയില്‍ കാണാത്തതരം ജീവിതമാണത്. തീർച്ചയായും നിങ്ങളിൽ ഇപ്പോൾ ഒരു മറുചോദ്യം ഉയർന്നേക്കാം."മനുഷ്യൻ ഈ അവസ്ഥ എങ്ങനെ മനസിലാക്കി ?" വിശുദ്ധ ഗ്രന്ഥവും വിശുദ്ധർക്ക് ലഭിച്ച വെളിപ്പെടുത്തലുകളും ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു.

ദൈവസഹായത്താല്‍ നാം ഒരിക്കല്‍ സ്വര്‍ഗത്തിലെത്തിയാല്‍ നമ്മെ കാത്തിരിക്കുന്നത് "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിക്കുന്ന കണ്ണു കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും"(1 കോറി 2:9). വിശുദ്ധ പൗലോസ്‌ ശ്ലീഹ സാക്ഷ്യപെടുത്തുന്നു.

എന്താണു നരകം?

ദൈവത്തില്‍ നിന്നു നിത്യമായി വേര്‍പെട്ടിരിക്കുന്ന അവസ്ഥയെ "നരകം" എന്നു വിളിക്കുന്നു. ദൈവത്തിന്‍റെ കരുതലുള്ള സ്നേഹം അനുഭവിച്ചിട്ടും അത് ഗ്രഹിക്കാതെ ജീവിക്കുന്നവർക്കുള്ള മരണാനന്തര വാസസ്ഥലമാണ് നരകമെന്നു എന്ന് മറ്റൊരു രീതിയിൽ നിർവചിക്കാം. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ദൈവം നൽകിയ വ്യക്തിസ്വാതന്ത്ര്യം ദുർവിനയോഗം ചെയ്തു ജീവിക്കുന്നവർക്കുള്ള പ്രതിഫലം.

നരകം എങ്ങനെയുള്ളതാണെന്ന് വ്യക്തമായ കാഴ്ചപാടുള്ള യേശു അതിനെപ്പറ്റി വിവരിക്കുന്നത് രണ്ട് വാക്കിലാണ്, "പുറത്തുള്ള അന്ധകാരം". നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ സന്തോഷം, സമാധാനം, സാന്ത്വനം,സ്നേഹം എന്നിവ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന എല്ലാറ്റില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥ.

നിരാശാജനകവും ഏകാന്തതയും നിറഞ്ഞ ഈ അവസ്ഥയെപറ്റി വിവരിക്കാനെ കഴിയുകയില്ലയെന്നത് മറ്റൊരു യാഥാര്‍ഥ്യം.

More Archives >>

Page 1 of 1