India

ഇടുക്കി ഭദ്രാസനത്തില്‍ മൂന്ന് കോര്‍ എപ്പിസ്കോപ്പമാര്‍ അഭിഷിക്തരായി

സ്വന്തം ലേഖകന്‍ 27-04-2017 - Thursday

കട്ടപ്പന: ഇടുക്കി ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികരായ ഫാ. എ വി കുര്യന്‍, ആലയ്ക്കാപറമ്പില്‍, ഫാ. കെ ടി ജേക്കബ് കദളിക്കാട്ട്, ഫാ. എന്‍ പി ഏലിയാസ് ചേന്നന്‍കുന്നേല്‍ എന്നിവര്‍ കോര്‍ എപ്പിസ്കോപ്പമാരായി അഭിഷിക്തരായി. ഇടുക്കി ഭദ്രാസനത്തിന്റെ മൂന്നര പതിറ്റാണ്ട് ചരിത്രത്തിലാദ്യമായി നടത്തിയ കോര്‍ എപ്പിസ്ക്കോപ്പ സ്ഥാനാഭിഷേക ശുശ്രൂഷ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദേസിയോസ് കുര്‍ബാന അര്‍പ്പിച്ചതോടെയാണ് സ്ഥാനാഭിക്ഷേക ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചത്.

കോര്‍ എപ്പിസ്ക്കോപ്പ സ്ഥാനത്തേയ്ക്ക് നിയുക്തരായ വൈദികരുടെ തലയില്‍ ശോശാപ്പകൊണ്ട് സ്പര്‍ശിച്ചു. പ്രത്യേക പ്രാര്‍ഥനകള്‍ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടന്നു. കോര്‍ എപ്പിസ്ക്കോപ്പമാരെ മുദ്ര ചാര്‍ത്തിയ ശേഷം അംശവസ്ത്രങ്ങള്‍ ധരിപ്പിച്ചു. അധികാരത്തിന്റെ ചിഹ്നമായി വടിയും സ്ളീബായും മെത്രാപ്പോലീത്ത നല്‍കി. അംശവസ്ത്രങ്ങള്‍ ധരിച്ച് നിന്ന ഒരോരുത്തരുടെയും വലതുകൈ മെത്രാപോലീത്തയുടെ കാൈെണ്ട് മൂന്നു പ്രാവശ്യം മേല്‍പോട്ട് ഉയര്‍ത്തി 'ഇവര്‍ സ്ഥാനത്തിന് യോഗ്യര്‍' എന്ന് മൂന്ന് പ്രാവശ്യം ഉദ്ഘോഷിച്ചു. ജനങ്ങളും ഏറ്റു ചൊല്ലി. ഇതോടെ സ്ഥാനാഭിക്ഷേക ശുശ്രൂഷ അവസാനിച്ചു. തുടര്‍ന്ന് കുര്‍ബാന തുടര്‍ന്നു.

അനുമോദന സമ്മേളനം അഡ്വ. ജോയ്സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദേസിയോസ് അധ്യക്ഷനായി. ഫാ. ജോസഫ് റമ്പാന്‍, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടി എന്നിവരെ കൂടാതെ വിവിധ ഇടവകകളേയും സംഘടനകളേയും പ്രതിനിധീകരിച്ച് നിരവധിപേരും അനുമോദന യോഗത്തില്‍ സംസാരിച്ചു. ഫാ. എ വികുര്യന്‍ കോര്‍ എപ്പിസ്ക്കോപ്പ അനുമോദന യോഗത്തില്‍ മറുപടി പ്രസംഗം നടത്തി.


Related Articles »