News - 2024

ഫാത്തിമ പ്രത്യക്ഷീകരണത്തിന്‍റെ സ്മരണയില്‍ ദക്ഷിണ കൊറിയയും

സ്വന്തം ലേഖകന്‍ 01-05-2017 - Monday

സിയൂള്‍: ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ദക്ഷിണ കൊറിയയിലെ സിയൂള്‍ അതിരൂപതയും തുടക്കം കുറിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ മെയ് 13 മുതല്‍ ഒക്ടോബര്‍ 13 വരെ വിവിധ ഇടവകകളില്‍ നടത്തപ്പെടും. അതിരൂപതയുടെ കീഴിലുള്ള അഞ്ച് പ്രദേശങ്ങളില്‍ പ്രത്യേക ആഘോഷങ്ങള്‍ നടക്കും. മെയോങ്‌ഡോങ് കത്തീഡ്രലില്‍ വെച്ചു ആരംഭിക്കുന്ന പ്രാര്‍ത്ഥന ശുശ്രൂഷ വിവിധ ദേവാലയങ്ങള്‍ പിന്നിട്ട് ഇതേ ദേവാലയത്തില്‍ തന്നെ അവസാനിക്കും.

'ഫാത്തിമ ദര്‍ശനത്തിന്റെ നൂറാം വാർഷികത്തിന്റെ ഓർമ്മയ്ക്കായുള്ള പ്രാർത്ഥനാ തീർത്ഥാടനം' എന്ന പേരില്‍ അതിരൂപത സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൊറിയയിലെ നിലവിലെ സ്ഥിതിഗതികള്‍ പ്രശ്നങ്ങളിലേക്ക് വഴി തിരിയുന്നതിനാല്‍ ഫാത്തിമായില്‍ മാതാവ് നല്കിയ സന്ദേശത്തിന്റെ പ്രചാരകരാകാനും പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ പങ്കെടുക്കാനും അതിരൂപത സര്‍ക്കുലറിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതിരൂപതയുടെ 'ഫാത്തിമ പ്രാര്‍ത്ഥനാ തീര്‍ത്ഥാടനം' ലോകം മുഴുവനും പ്രത്യേകിച്ചു കൊറിയയിലും സമാധാനമുണ്ടാകാന്‍ സമര്‍പ്പിച്ചിരിക്കുകയാണെന്ന് പാസ്റ്ററല്‍ ഡയറക്റ്റര്‍ ഫാദര്‍ അഗസ്റ്റിന്‍ ജോ സങ്പൂങ് പറഞ്ഞു. നിശബ്ദതയില്‍ കഴിയുന്ന കൊറിയയിലെ കത്തോലിക്ക സമൂഹത്തിനു പ്രാര്‍ത്ഥനശുശ്രൂഷ പുതിയ ഉണര്‍വ് സമ്മാനിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »