Friday Mirror - 2019

ദൈവമാതാവായ കന്യകാമറിയത്തിനു നൽകുന്ന അർത്ഥവത്തായ 5 വിശേഷണങ്ങൾ

സ്വന്തം ലേഖകന്‍ 19-05-2017 - Friday

ദൈവമാതാവായ കന്യകാമറിയത്തിനു നൽകുന്ന അർത്ഥവത്തായ നിരവധി വിശേഷണങ്ങൾ ഉണ്ട്. നമ്മളെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നമ്മുടെ ആത്മീയ ‘അമ്മ’ എന്ന നിലയിലാണ് നമ്മള്‍ പരിശുദ്ധ മറിയത്തെ ‘മാതാവ്‌’ എന്ന് വിളിക്കുന്നത്. എന്നിരുന്നാലും നൂറ്റാണ്ടുകളായി വിശുദ്ധരും, മെത്രാന്‍മാരും, മാര്‍പാപ്പാമാരും മാതാവിന് പലവിശേഷണങ്ങളും നല്‍കിയിട്ടുണ്ട്.

ഒരുപക്ഷേ നമ്മള്‍ ആഴത്തില്‍ ധ്യാനിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ലാത്തതാണ് അവയില്‍ പല വിശേഷണങ്ങളും. ഇത്തരത്തില്‍ ദൈവമാതാവായ കന്യകാമറിയത്തിനു നൽകുന്ന അർത്ഥവത്തായ 5 വിശേഷണങ്ങളെ പറ്റിയാണ് നാം ഇനി ധ്യാനിക്കുന്നത്.

1. ഉഷകാല നക്ഷത്രം

സൂര്യന്‍ ഉദിക്കുന്നതിന് മുമ്പുവരെ ആകാശത്തില്‍ കാണപ്പെടുന്ന അവസാനനക്ഷത്രമായാണ് 'പ്രഭാത നക്ഷത്രം' അറിയപ്പെടുന്നത്. സൂര്യന്റെ മുന്നോടിയായ ‘പ്രഭാതനക്ഷത്രത്തെ’ പോലെയാവുക എന്നത് മറിയത്തിന്റെ വിശേഷാധികാരമാണെന്ന് കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്രി ന്യൂമാന്‍ പറഞ്ഞിരിക്കുന്നു. കാരണം അവള്‍ പ്രകാശിക്കുന്നത് അവള്‍ക്ക് വേണ്ടിയോ അവളില്‍ നിന്നോ അല്ല. നമ്മുടെ കര്‍ത്താവിന്റെ ഒരു പ്രതിഫലനമാണ് അവളുടെ പ്രകാശം. ആ പ്രകാശത്തിലൂടെ അവള്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ദൈവം ആദിയും അന്തവുമാണ്. തുടക്കവും ഒടുക്കവും. അതിനാല്‍ ഉഷകാല നക്ഷത്രം എന്ന നാമം കേള്‍ക്കുമ്പോള്‍ നമ്മളും ദൈവത്തിന്റെ പ്രകാശത്തിന്റെ മുന്നോടികളാകുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം.

2. ദാവീദിന്റെ ഗോപുരം

ഉത്തമഗീതങ്ങളിലാണ് ആദ്യമായി ഈ നാമം പരാമര്‍ശിച്ചു കണ്ടിട്ടുള്ളത്. തന്റെ സ്നേഹഭാജനത്തിന്റെ സൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന ഒരു കാമുകനായിട്ടാണ് ദൈവത്തെ ഇതില്‍ ചിത്രീകരിച്ചിട്ടുള്ളത്. “നിന്റെ കഴുത്ത് ആയുധശാലയായി നിര്‍മിച്ച ദാവീദിന്റെ ഗോപുരംപോലെയാണ്. വീരന്‍മാരുടെ പരിചകള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ നിന്റെ കണ്ഠാഭരണം ശോഭിക്കുന്നു” (ഉത്തമഗീതങ്ങള്‍ 4:4) എന്നും മറ്റുമുള്ള വര്‍ണ്ണനകള്‍ നമുക്ക്‌ ഉത്തമഗീതങ്ങളില്‍ കാണാം. യേശുവിന്റെ മണവാട്ടിയായ തിരുസഭയുടെ ഒരു പ്രതീകമെന്ന നിലയിലാണ് പലപ്പോഴും പരിശുദ്ധമാതാവിനെ കണക്കാക്കിവരുന്നത്.

രക്ഷാകര ദൗത്യത്തില്‍ മറിയത്തിന്റെ പങ്കിനെ കുറിക്കുന്നതാണ് ഈ നാമമെന്നതാണ് ഇതിന്റെ ആദ്യത്തെ ആത്മീയ വശം. രണ്ടാമതായി, ശത്രുക്കളില്‍ നിന്നും തന്റെ പ്രജകളെ സംരക്ഷിക്കുന്നതിനായി ദാവീദ്‌ രാജാവ്‌ ജെറൂസലേമില്‍ ഒരു ഗോപുരം പണികഴിപ്പിച്ചിരുന്നു. പരിശുദ്ധ മറിയവും തന്റെ ആത്മീയ മക്കളെ സംരക്ഷിക്കുന്ന ഒരു ആത്മീയ ഗോപുരമാണ്. നമ്മുടെ ആത്മീയമായ യുദ്ധത്തില്‍ നമുക്കെല്ലാവര്‍ക്കും അഭയം പ്രാപിക്കുവാന്‍ കഴിയുന്ന ഒരു ശക്തമായ കോട്ടയേപ്പോലെയാണവള്‍. അതിനാല്‍ പരിശുദ്ധ മറിയത്തിന്റെ സംരക്ഷണയില്‍ അഭയം പ്രാപിക്കുവാനും, ക്രിസ്തുവിന്റെ മണവാട്ടിയായ തിരുസഭയെ അവളിലൂടെ കാണുവാനും ഈ നാമം നമുക്ക്‌ പ്രചോദനം നല്‍കുന്നു.

3. നിര്‍മ്മല ദന്തംകൊണ്ടുള്ള ഗോപുരം

വീണ്ടും മറ്റൊരു ഗോപുരമായി ദൈവമാതാവിനെ വിശേഷിപ്പിച്ചിരിക്കുന്നു. ഇത്തവണ ‘ദന്തഗോപുര'മെന്നാണ് കന്യകാമറിയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉത്തമഗീതങ്ങളില്‍ തന്നെയാണ് ഈ നാമവും ആദ്യമായി പരാമര്‍ശിച്ചു കണ്ടിട്ടുള്ളത്. “ദന്തനിര്‍മ്മിതമായ ഗോപുരം പോലെയാണ് നിന്റെ കഴുത്ത്” (ഉത്തമഗീതങ്ങള്‍ 7:4) എന്നാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ‘ദന്തം’ തൂവെള്ള നിറത്തിലാണല്ലോ. പാപരഹിതയാണ് പരിശുദ്ധ മറിയം. അതിനാല്‍ മറിയത്തിന്റെ നിര്‍മ്മല ഗര്‍ഭധാരണത്തിന്റെ ഒരു അടയാളം കൂടിയാണിത്. അതിനാല്‍ പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയെക്കുറിക്കുന്നതാണ് ഈ നാമം. ദൈവത്തോടുള്ള അവളുടെ പരിപൂര്‍ണ്ണ വിശ്വസ്തതയേയും വിശുദ്ധിയേയും അനുകരിക്കുവാന്‍ ഈ നാമം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

4. സ്വര്‍ഗ്ഗീയ വര്‍ഷത്തിന്റെ രോമക്കുപ്പായം

അറിയപ്പെടുന്ന ഗ്രന്ഥകാരനായ ജോണ്‍ മാസണ്‍ നീലേ സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തില്‍ പരിശുദ്ധ മറിയത്തെ പതുപതുത്ത ആട്ടിന്‍രോമത്തോട് ഉപമിച്ചിരിക്കുന്നു. കാരണം മറിയമാകുന്ന രോമത്തില്‍ നിന്നുമാണ് ജനങ്ങളുടെ മോക്ഷമാകുന്ന വസ്ത്രം നെയ്തെടുത്തിരിക്കുന്നത്. മറിയം ശരിക്കും ഒരു രോമക്കുപ്പായമാണ്. അവളുടെ മൃദുലമായ മടിത്തട്ടില്‍ നിന്നുമാണ് യേശുവാകുന്ന കുഞ്ഞാട് ലോകത്തേക്ക്‌ വന്നത്. ലോകം മുഴുവന്റേയും മുറിവിനെ മറക്കുവാന്‍ കഴിവുള്ള തന്റെ അമ്മയുടെ മാംസമാകുന്ന രോമക്കുപ്പായം തന്നെയാണ് യേശുവും ധരിച്ചിരിക്കുന്നത്. യേശുവിന്റെ ചര്‍മ്മം മുറിവുണക്കുന്നതും സൗഖ്യദായകവുമാണ്.

“അവന്‍ വെട്ടിനിര്‍ത്തിയ പുല്‍പ്പുറങ്ങളില്‍ വീഴുന്ന മഴപോലെയും ഭൂമിയെ നനക്കുന്ന വര്‍ഷം പോലെയുമായിരിക്കട്ടെ” (സങ്കീര്‍ത്തനങ്ങള്‍ 72:6) എന്നാണ് സങ്കീര്‍ത്തനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. അതായത്‌ പതുക്കെപതുക്കെ അവന്‍ കന്യകയിലേക്ക്‌ ഇറങ്ങിവന്നു. അവന്‍ എല്ലാവിധ എളിമയോടും ലാളിത്യത്തോടും കൂടിയാണ് വന്നത്. അതിനാല്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധിയെത്തന്നെയാണ് ഈ നാമവും സൂചിപ്പിക്കുന്നത്. കൂടാതെ മംഗളവാര്‍ത്തയുടെ മഹത്വത്തേയും എപ്രകാരമാണ് ദൈവം മനുഷ്യനിലേക്ക്‌ ഇറങ്ങിവന്നതെന്നും ഈ വിശേഷണം നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

5. മതവിരുദ്ധതയുടെ അന്തക

1911-ല്‍ എഴുതപ്പെട്ട ‘പാസെണ്ടി ഡൊമിനിസി ഗ്രേജിസ്’ എന്ന ചാക്രികലേഖനത്തില്‍ പരിശുദ്ധ മറിയം ‘എല്ലാത്തരത്തിലുള്ള മതവിരുദ്ധ വാദങ്ങളേയും ഇല്ലായ്മ ചെയ്യുന്നുവെന്ന്’ പത്താം പിയൂസ്‌ പാപ്പാ പറഞ്ഞിട്ടുണ്ട്. 'സര്‍പ്പമാകുന്ന സാത്താന്റെ തല തകര്‍ക്കുവാന്‍ കെല്‍പ്പുള്ളവള്‍ എന്ന് ഉത്പ്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പരിശുദ്ധ മറിയത്തെയാണ്. എല്ലാ തരത്തിലുള്ള മതവിരുദ്ധതയും സാത്താന്റെ വായില്‍ നിന്നും തന്നെയാണ് വരുന്നത്. അങ്ങനെയെങ്കില്‍ മതവിരുദ്ധതയെ തകര്‍ക്കുവാന്‍ കഴിയുന്നവളാണ് മറിയം. അതിനാല്‍ നമ്മുടെ സംരക്ഷകയും, സത്യത്തിലേക്ക്‌ നമ്മളെ നയിക്കുവാന്‍ കഴിവുള്ളവളുമാണ് പരിശുദ്ധ മറിയം എന്ന് ഈ നാമം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.


Related Articles »