Meditation - May 2019

യേശു ദൈവമാണെന്നു അവിടുത്തെ ഭൗമിക ജീവിതകാലത്തുതന്നെ സ്വർഗ്ഗീയ പിതാവ് വെളിപ്പെടുത്തി

സ്വന്തം ലേഖകന്‍ 08-05-2018 - Tuesday

"മേഘത്തിൽ നിന്ന് ഇങ്ങനെ ഒരു സ്വരമുണ്ടായി: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിൻ" (മത്തായി 17:5)

യേശു ഏകരക്ഷകൻ: മെയ് 8
യേശുവിന്‍റെ ഭൗമിക ജീവിതകാലത്തുതന്നെ അവിടുത്തെ ദൈവികമഹത്വം വെളിപ്പെടുത്താന്‍ പിതാവായ ദൈവം ആഗ്രഹിച്ചു. അതിനായി യേശു ഒരു ഉയർന്ന മലയിൽ വച്ചു രൂപാന്തരപ്പെടുന്നു. യേശുവിന്‍റെ മരണവും ഉത്ഥാനവും പിന്നീടു മനസ്സിലാക്കാന്‍ ശിഷ്യന്മാരെ സഹായിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു ഈ രൂപാന്തരീകരണം. മൂന്നു സുവിശേഷങ്ങളും പത്രോസിന്റെ രണ്ടാം ലേഖനവും ഈ സംഭവം വിവരിക്കുന്നു.

യേശു ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ആണെന്നു പത്രോസ് വിശ്വാസപ്രഖ്യാപനം ചെയ്തതു മുതല്‍, യേശുവിനു ജറുസലേമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും, വളരെയേറെ സഹിക്കേണ്ടിവരുമെന്നും, വധിക്കപ്പെടുമെന്നും, എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും അവിടുന്നു ശിഷ്യന്മാരെ അറിയിക്കാന്‍ തുടങ്ങി. പത്രോസ് ഈ പ്രവചനത്തെ തള്ളിക്കളയുന്നു; ഇതു മനസ്സിലാക്കുന്നതില്‍ മറ്റു ശിഷ്യൻമാർക്കും സാധിച്ചില്ല. ഈ പശ്ചാത്തലത്തിലാണ്, 'യേശുവിന്‍റെ രൂപാന്തരീകരണം' എന്ന രഹസ്യാത്മക സംഭവം ഉയര്‍ന്ന ഒരു മലയില്‍ നടക്കുന്നത്.

അവിടുന്ന് തിരഞ്ഞെടുത്ത പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ മൂന്നു സാക്ഷികളുടെ മുന്‍പിലാണ് ഇതു സംഭവിച്ചത്. യേശുവിന്‍റെ മുഖവും വസ്ത്രങ്ങളും കണ്ണഞ്ചിക്കുന്ന പ്രകാശനത്തില്‍ മുങ്ങി. മോശയും ഏലിയായും ആ സമയം അവിടെ പ്രത്യക്ഷപ്പെട്ട്, അടുത്തുതന്നെ ജറുസലേമില്‍ പൂര്‍ത്തിയാകേണ്ട അവിടുത്തെ 'കടന്നുപോകലിനെക്കുറിച്ചു' സംസാരിച്ചു. ഒരു മേഘം അവിടുത്തെ മറയ്ക്കുകയും സ്വര്‍ഗ്ഗീയപിതാവിന്റെ സ്വരം മുഴങ്ങുകയും ചെയ്തു: "ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍." കർത്താവായ യേശുക്രിസ്തു പരിശുദ്ധ ത്രീത്വത്തിലെ രണ്ടാമത്തെ ആളായ പുത്രനായ ദൈവമാണെന്ന് സ്വർഗ്ഗീയ പിതാവുതന്നെ ഇവിടെ നേരിട്ട് സാക്ഷ്യപ്പെടുത്തുന്നു.

'ഉയര്‍ന്ന മലയിലേക്കുള്ള കയറ്റം' അവിടുത്തെ കാല്‍വരിയിലേക്കുള്ള കയറ്റത്തിന് തയ്യാറെടുപ്പായിരുന്നു. തന്‍റെ ശരീരം ഉള്‍ക്കൊള്ളുന്നത് എന്തെന്നും കൂദാശകളില്‍ അത് പകരുന്നത് എന്തെന്നും സഭയുടെ ശിരസ്സായ ക്രിസ്തു തന്റെ രൂപാന്തരീകരണത്തിലൂടെ വെളിപ്പെടുത്തുന്നു. ക്രിസ്തുവിന്‍റെ രൂപാന്തരീകരണം മഹത്വപൂര്‍ണമായ അവിടുത്തെ ആഗമനത്തിന്‍റെ മുന്നാസ്വാദനം നമുക്കു നല്‍കുന്നു. അവസാന വിധി ദിവസം ക്രിസ്തു വീണ്ടും വരുമ്പോൾ നമ്മുടെ ദുര്‍ബലശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരംപോലെ അവിടുന്ന് രൂപാന്തരപെടുത്തും.

വിചിന്തനം
മലയിൽ വച്ചു രൂപാന്തരപ്പെട്ടപ്പോൾ യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. സ്വര്‍ഗ്ഗീയ പിതാവ് യേശുവിനെ തന്‍റെ 'പ്രിയപുത്രന്‍' എന്നു വിളിക്കുന്നു. അവനെ ശ്രവിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നു. മൂന്നു കൂടാരങ്ങളുണ്ടാക്കി ആ നിമിഷം സ്വന്തമാക്കാന്‍ പത്രോസ് ആഗ്രഹിക്കുന്നു; കാരണം അത്രക്ക് മനോഹരമായിരുന്നു ആ നിമിഷം.

പത്രോസും, യാക്കോബും, യോഹന്നാനും അവര്‍ക്കു സാധിക്കുന്നവിധം യേശുവിന്റെ മഹത്വം ദര്‍ശിച്ചു. ക്രിസ്തുവിൽ വിശ്വസിക്കുന്നവരും അവിടുത്തെ വചനം പാലിക്കുന്നവരുമായ എല്ലാ മനുഷ്യരും സ്വന്തമാക്കാൻ പോകുന്ന മരണാനന്തര ജീവിതത്തിന്റെ മഹത്വവും ശോഭയും അവിടുന്ന് ഇവിടെ വെളിപ്പെടുത്തുന്നു. ഇതുപോലെ മനുഷ്യനു സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ മനോഹരവും ശോഭയേറിയതുമായിരിക്കും യേശു വാഗ്ദാനം ചെയ്യുന്ന ഈ സ്വർഗ്ഗീയ ജീവിതം. അതിനാൽ നൈമിഷകമായ ഈ ലോക ജീവിതത്തിലെ സഹനങ്ങൾ ഓർത്തു വിലപിക്കാതെ വരാനിരിക്കുന്ന നിത്യമായ ജീവിതത്തിന്റെ മഹത്വം മുന്നിൽ കണ്ടുകൊണ്ട് നമ്മുക്കു ജീവിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »